Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 10:53 AM IST Updated On
date_range 25 March 2018 10:53 AM ISTപോസ്റ്റ് ഓഫിസ് റോഡില്‍ കൈവരി സ്ഥാപിക്കൽ: പ്രതിഷേധവുമായി ഓട്ടോ തൊഴിലാളികള്‍
text_fieldsbookmark_border
ഇരിങ്ങാലക്കുട: ബസ് സ്റ്റാൻഡിന് കിഴക്കു വശത്ത് പോസ്‌റ്റോഫിസിനോട് ചേര്‍ന്ന് ടൈലിട്ട് നിര്‍മാണം പൂര്‍ത്തീകരിച്ച റോഡില്‍ കൈവരികള്‍ സ്ഥാപിക്കാനുള്ള നഗരസഭ കൗണ്‍സില്‍ തീരുമാനത്തിനെതിരെ ഓട്ടോറിക്ഷ തൊഴിലാളികള്‍ രംഗത്ത്്. കഴിഞ്ഞ ദിവസം ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ റോഡ് ടൈല്‍ വിരിക്കുന്നതുമായി ബന്ധപ്പെട്ട് പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിനിടയിലാണ് റോഡിെൻറ കിഴക്കു ഭാഗത്ത് ഫുട്പാത്തില്‍ കൈവരി നിർമിക്കണമെന്ന നിർദേശം ഉയര്‍ന്നത്. കൈവരി സ്ഥാപിക്കുന്നത് യു.ഡി.എഫ്, എൽ.ഡി.എഫ് അംഗങ്ങള്‍ തത്വത്തില്‍ അംഗീകരിക്കുകയായിരുന്നു. എന്നാല്‍, ബി.ജെ.പി അംഗം സന്തോഷ് ബോബന്‍ ഈ നിർദേശത്തെ എതിര്‍ത്തിരുന്നു. കൈവരികള്‍ സ്ഥാപിക്കുന്നതോടെ ഇവിടെ ഓട്ടോ സ്റ്റാൻഡ് അനുവദിക്കാന്‍ കഴിയില്ലെന്നും ഇത് വികസനത്തിെൻറ പേരില്‍ തൊഴിലാളികളെ റോഡിലേക്ക് ഇറക്കി വിടുന്ന സാഹചര്യം ഒരുക്കുമെന്നും സന്തോഷ് ബോബന്‍ ചൂണ്ടിക്കാട്ടി. കൗണ്‍സില്‍ തീരുമാനം അറിഞ്ഞതോടെ ശനിയാഴ്ച രാവിലെ ഓട്ടോ തൊഴിലാളികള്‍ ഒന്നടങ്കം ചേംബറിലെത്തി ചെയര്‍പേഴ്‌സൻ നിമ്യ ഷിജുവിന് നിവേദനം നല്‍കി. തങ്ങളുടെ ഉപജീവന മാർഗം ഇല്ലാതാക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ഓട്ടോ തൊഴിലാളികളുടെ ആവശ്യം. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനം എടുക്കാമെന്ന് ചെയര്‍പേഴ്‌സൻ തൊഴിലാളി പ്രതിനിധികളെ അറിയിച്ചു. പുതിയ ട്രാഫിക് അഡ്വൈസറി തീരുമാനം പ്രകാരം നഗരത്തില്‍ ഇനി പുതിയ ഓട്ടോറിക്ഷ പേട്ടകള്‍ അനുവദിക്കാനാകില്ലെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് നിലവിലുള്ള പേട്ട നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരവുമായി രംഗത്തുവരുമെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. കൗണ്‍സില്‍ തീരുമാനത്തിനെതിരെ എ.ഐ.ടി.യു.സിയും ബി.ജെ.പിയും രംഗത്തു വന്നിരുന്നു. ഓട്ടോ സ്റ്റാൻഡ് നിർത്തലാക്കാനുള്ള നീക്കം ഓട്ടോ തൊഴിലാളികളോട് കാണിക്കുന്ന അനീതിയാെണന്ന് എ.ഐ.ടി.യു.സി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഈ റോഡിലെ തന്നെ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കൈയേറ്റങ്ങള്‍ക്ക് നേരെ നഗരസഭ കണ്ണടക്കുകയാണന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തില്‍ കടയുടമകള്‍ നടത്തിയ കൈയേറ്റം ഒഴിവാക്കാന്‍ കഴിയാത്ത നഗരസഭ ഓട്ടോ തൊഴിലാളികളോട് കാട്ടുന്ന നിഷേധാത്മക നടപടിക്ക് കടുത്ത വില നല്‍കേണ്ടി വരുമെന്ന് സി.പി.എം കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ക്ഷേമ പദ്ധതികളുമായി ഇരിങ്ങാലക്കുട നഗരസഭ ബജറ്റ് ഇരിങ്ങാലക്കുട: സമഗ്ര വികസനം ലക്ഷ്യമാക്കി നിരവധി ക്ഷേമ പദ്ധതികളുമായി ഇരിങ്ങാലക്കുട നഗരസഭ ബജറ്റ്. 51.20 കോടി രൂപ വരവും 47.88 കോടി ചെലവും കണക്കാക്കുന്നതാണ് ബജറ്റ്. 2020 ആകുമ്പോഴേക്കും ഇരിങ്ങാലക്കുടയെ ഭവനരഹിതരില്ലാത്ത നഗരസഭ ആക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ബജറ്റ് അവതരിപ്പിച്ച വൈസ് ചെയർപേഴ്സൻ രാജേശ്വരി ശിവരാമന്‍ നായര്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. 621 പേരെ പുനരധിവസിപ്പിക്കാൻ ഫ്ലാറ്റ് നിര്‍മാണത്തിനായി 4.25 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇതിന് നഗരസഭ വിഹിതമായി 3.5 കോടി വകയിരുത്തി. കാർഷിക മേഖലക്ക് ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. കണ്ടാരംതറ ലിഫ്‌റ്റ് ഇറിഗേഷന്‍, പനോലിത്തോട് ആഴം കൂട്ടല്‍, തറയ്ക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍, തളിയക്കോണം ഇറിഗേഷന്‍ തുടങ്ങിയവക്ക് 20 ലക്ഷവും നെൽകൃഷിക്ക് 25 ലക്ഷവും വകയിരുത്തി. മൃഗസംരക്ഷണവും ക്ഷീരവികസനത്തിനും 40 ലക്ഷം രൂപ വകയിരുത്തി. അംഗൻവാടി പോഷകാഹാര പദ്ധതിക്ക് 27 ലക്ഷവും ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് 25 ലക്ഷവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജനറല്‍ ആശുപത്രിയില്‍ ജെറിയാട്രിക് വാര്‍ഡ് നിർമാണത്തിന് 20 ലക്ഷം വകയിരുത്തി. ആരോഗ്യ സംരക്ഷണത്തിന് 1.5 കോടിയും ആശുപത്രി- ഡിസ്‌പെന്‍സറി അറ്റകുറ്റപ്പണികള്‍ക്ക് 50 ലക്ഷവും അനുവദിച്ചു. മാലിന്യ സംസ്‌കരണം 20 ലക്ഷം, വാതക ശ്മശാനം 50 ലക്ഷം, ആധുനിക അറവുശാല 20 ലക്ഷം, പച്ചക്കറി മാര്‍ക്കറ്റ് അഞ്ചുലക്ഷം, കാട്ടൂര്‍ ബൈപാസിൽ കാന നിർമാണം 45 ലക്ഷം, ബസ് സ്റ്റാൻഡ് നവീകരണം 50 ലക്ഷം, നഗരസഭ പാര്‍ക്ക്, മൈതാനം എന്നിവയുടെ അറ്റകുറ്റപ്പണിക്ക് 20 ലക്ഷം, ചാത്തന്‍ മാസ്റ്റര്‍ കമ്യൂണിറ്റി ഹാളിനായി കോടി രൂപ, പട്ടിക ജാതി വികസന ക്ഷേമ പദ്ധതിയുടെ ഭാഗമായി ഭവനപദ്ധതിക്കായി കോടി രൂപ, വനിതകള്‍ക്ക് ചെണ്ടമേളം പഠിപ്പിക്കാൻ 10 ലക്ഷം തുടങ്ങിയ പദ്ധതികള്‍ക്കും തുക വകയിരുത്തി. ബജറ്റ് യോഗത്തില്‍ ചെയര്‍പേഴ്‌സൻ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. ബജറ്റിനെക്കുറിച്ച് 27ന് ചര്‍ച്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story