Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂർ ഉത്സവം...

ഗുരുവായൂർ ഉത്സവം ഇന്ന്​ കൊടിയിറങ്ങും

text_fields
bookmark_border
ഗുരുവായൂർ: ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ച് വ്യാഴാഴ്ച ആറാട്ട് നടക്കും. രാവിലെ പള്ളിക്കുറുപ്പുണർത്തലോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. കണിക്കോപ്പുകളും പശുക്കിടാവിനെയും ക്ഷേത്രത്തിൽ ഒരുക്കിയിരിക്കും. തുടർന്ന് പീഠത്തിൽ ഗുരുവായൂരപ്പ​െൻറ സ്വർണത്തിടമ്പ് അഭിഷേകം. ഈയവസരത്തിൽ കരുവാട്ട് ഭട്ടതിരി പുരാണഗ്രന്ഥം വായിക്കും. ആറാട്ട് നാളിൽ ശ്രീകോവിലിൽ നിർമാല്യ ദർശനവും വാകച്ചാർത്തും ഉണ്ടാവില്ല. രാവിലെ എട്ടോടെയാണ് ശ്രീലകത്തേക്ക് എഴുന്നള്ളിക്കുക. അതിനു ശേഷമേ ഭക്തർക്ക് പ്രവേശനമുള്ളൂ. വൈകീട്ട് 4.30ഓടെ തന്ത്രി പഞ്ചലോഹ വിഗ്രഹം കൊടിമരത്തിന് സമീപം പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുവെക്കും. അവിടെയാണ് ദീപാരാധന. ദീപാരാധനക്ക് ശേഷം സ്വർണക്കോലം എഴുന്നള്ളിച്ചുള്ള ഗ്രാമപ്രദക്ഷിണം. എഴുന്നള്ളിപ്പിന് ആദ്യം അകമ്പടിയാകുന്ന പഞ്ചവാദ്യം ക്ഷേത്രക്കുളത്തി​െൻറ വടക്കു ഭാഗത്ത് അവസാനിക്കും. പിന്നീട് മേളമാണ്. പ്രദക്ഷിണം കഴിഞ്ഞ് വിഗ്രഹവുമായി ഭഗവതി ക്ഷേത്രത്തിലൂടെ ആറാട്ട് കടവിലെത്തും. പുണ്യാഹത്തിനു ശേഷം വിഗ്രഹത്തിൽ മഞ്ഞൾപൊടി കൊണ്ടും തുടർന്ന് വലിയ കുട്ടകത്തിൽ തയാറാക്കിയ ഇളനീർ കൊണ്ടും അഭിഷേകം നടത്തും. തുടർന്ന് തന്ത്രി വിഗ്രഹവുമായി തീർഥക്കുളത്തിൽ സ്നാനം ചെയ്യും. ഓതിക്കൻമാർ, കീഴ്ശാന്തിമാർ എന്നിവരും വിഗ്രഹത്തോടൊപ്പം തീർഥക്കുളത്തിൽ സ്നാനം ചെയ്യും. ഇതിനു ശേഷം ആറാട്ട് കടവിൽ ചുവന്ന വെളിച്ചം അണച്ച് പച്ച വെളിച്ചം തെളിയുമ്പോൾ ഭക്തർ കുളത്തിലിറങ്ങി ആറാട്ട് സ്നാനം നടത്തും. തുടർന്ന് ക്ഷേത്രത്തിലെ ഇടത്തരികത്തുകാവിലെ വാതിൽ മാടത്തിൽ ഉച്ചപ്പൂജക്കു ശേഷം വിഗ്രഹവുമായി ആനപ്പുറത്ത് കയറി പതിനൊന്ന് ഓട്ടപ്രദിക്ഷണം. അതിനുശേഷം തന്ത്രി കൊടിയിറക്കുന്നതോടെ പത്ത് നാൾ നീണ്ട ഉത്സവത്തിന് സമാപ്തിയാകും. ക്ഷേത്ര മതിലകത്തെ ആരണ്യകമാക്കി പള്ളിവേട്ട ഗുരുവായൂർ: ക്ഷേത്ര മതിലകത്തെ ആരണ്യകമാക്കി പള്ളിവേട്ട. പക്ഷിമൃഗാദികളുടെ വേഷമണിഞ്ഞോടുന്ന ഭക്തർക്ക് പിറകിൽ ആനപ്പുറത്ത് ഭഗവാൻ വേട്ടക്കിറങ്ങുന്നു എന്ന സങ്കൽപത്തിലായിരുന്നു പള്ളിവേട്ട. നന്ദിനിയെന്ന പിടിയാനയായിരുന്നു ഭഗവദ് തിടമ്പുമായി ഭക്തർക്ക് പിറകിൽ നീങ്ങിയത്. കാടിളക്കി വേട്ടക്കിറങ്ങിയ ഭഗവാന് ഒറ്റച്ചെണ്ട, ശംഖ് എന്നിവ അകമ്പടിയായി. ഒമ്പത് ചുറ്റ് പ്രദക്ഷിണം പൂർത്തിയാക്കി ആചാരപ്രകാരം പന്നിയെ വേട്ടയാടി എന്ന സങ്കൽപത്തോടെയാണ് നായാട്ട് പൂർണമായത്. പിന്നെ പള്ളിയുറക്കമായി. നമസ്കാര മണ്ഡപത്തിലൊരുക്കിയ വെള്ളിക്കട്ടിലിലെ പട്ടുമെത്തയിലായിരുന്നു പള്ളിയുറക്കം. തന്ത്രിയുടെ നേതൃത്വത്തിലായിരുന്നു പള്ളിയുറക്കത്തി​െൻറ കർമങ്ങൾ. പള്ളിയുറക്കത്തിന് വിഘ്നം വരാതിരിക്കാൻ ക്ഷേത്രത്തിലെ നാഴികമണികൾ പോലും നിശ്ശബ്ദമായിരുന്നു. 12 കഴകക്കാർ കാവലുമുണ്ടായിരുന്നു. ക്ഷേേത്രാത്സവത്തിലെ പ്രധാന ചടങ്ങായ പള്ളിവേട്ടയിൽ പങ്കെടുക്കാൻ നൂറ് കണക്കിന് ഭക്തരാണ് പക്ഷിമൃഗാദികളുടെ വേഷമണിഞ്ഞ് എത്തിയത്. പുതിയേടത്ത് പിഷാരടി 'പന്നിമാനുഷങ്ങളുണ്ടോ' എന്ന് മൂന്നുവട്ടം ചോദിച്ചതോടെയാണ് പള്ളിവേട്ട ആരംഭിച്ചത്. രാജകീയ പ്രൗഢിയോടെ ഗ്രാമപ്രദക്ഷിണം ഗുരുവായൂർ: കാഞ്ചനകാന്തി പരത്തി രാജകീയ പ്രൗഢിയോടെ ഗ്രാമപ്രദക്ഷിണം. സ്വർണക്കോലത്തിലെഴുന്നള്ളുന്നത് ദർശിച്ച് സായൂജ്യമടയാൻ നിലവിളക്കുകളും നിറപറയുമൊരുക്കി നാരായണ നാമമന്ത്രങ്ങളോടെ ആയിരങ്ങളാണ് വീഥിക്കിരുവശവും തടിച്ച് കൂടിയത്. വൈകീട്ട് കൊടിമരത്തിന് സമീപം നടന്ന ദീപാരാധനക്കു ശേഷമാണ് അഞ്ച് ആനകൾ അണിനിരന്ന ഗ്രാമപ്രദക്ഷിണം തുടങ്ങിയത്. വലിയ കേശവൻ സ്വർണക്കോലമേറ്റി. ഇന്ദർസെൻ, ദാമോദർദാസ്, ശ്രീധരൻ, വലിയ വിഷ്ണു എന്നിവർ പറ്റാനകളായി. നൂറോളം വാദ്യകലാകാരൻമാരും വാളും പരിചയും വേഷഭൂഷാദികളുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരൻമാരും കൊടി, തഴ, സൂര്യമറ, മുത്തുക്കുട, കുത്തുവിളക്കുകൾ, വെഞ്ചാമരം, ആലവട്ടം എന്നിവയും എഴുന്നള്ളിപ്പിൽ അണിനിരന്നു. പെരുവനം കുട്ടൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പാണ്ടി മേളം അകമ്പടിയായി. എഴുന്നള്ളിപ്പിന് മുന്നിലായി നാഗസ്വരം, ഭജന എന്നിവ നീങ്ങി. ഗ്രാമപ്രദക്ഷിണം കിഴക്കേ ഗോപുരത്തിൽകൂടി അകത്ത് പ്രവേശിച്ച് പ്രദക്ഷിണമായി വടക്കേ നടപ്പുരയിൽ സമാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story