Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 11:11 AM IST Updated On
date_range 17 Jun 2018 11:11 AM ISTഫണ്ട് തിരിമറി: കണക്ക് പിഴച്ചത് സർവകലാശാലക്കെന്ന് അമ്പലവയൽ കേന്ദ്രം മേധാവി
text_fieldsbookmark_border
തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ അമ്പലവയൽ പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കത്തിന് കേന്ദ്രം മേധാവി സർവകലാശാല കംപ്ട്രോളർക്ക് വിശദീകരണം നൽകി. 3.27 കോടി രൂപ കംപ്ട്രോളറുടെ അക്കൗണ്ടിൽ അമ്പലവയൽ കേന്ദ്രം അടച്ചില്ലെന്ന് പറയുന്നതിൽ പിശകുണ്ടെന്നും യഥാർഥ നീക്കിയിരിപ്പ് 1.95 കോടി രൂപ മാത്രമാണെന്നുമാണ് ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ. പി. രാജേന്ദ്രെൻറ മറുപടി. അടച്ച പണം അക്കൗണ്ടിൽ വകവെക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെയാണ് വിശദീകരണം തേടിയതെന്നും കൈവശമുള്ള പണം കംപ്ട്രോളർ ആവശ്യപ്പെട്ടാൽ അടക്കാൻ തയാറാണെന്നും മറുപടിയിൽ പറയുന്നു. അസോസിയേറ്റ് ഡയറക്ടറുടെ വിശദീകരണത്തിൽ പറയുന്ന കണക്കുകൾ സർവകലാശാലയിൽ ഒത്തുനോക്കുകയാണ്. 2011-'12 മുതൽ 2017-'18 വരെയുള്ള വർഷങ്ങളിൽ അമ്പലവയൽ കേന്ദ്രം 3.27 കോടി രൂപ കംപ്ട്രോളറുടെ പേരിലുള്ള സർവകലാശാല അക്കൗണ്ടിൽ അടക്കുന്നതിൽ വീഴ്ച വരുത്തിയതായി കാണിച്ച് വിശദീകരണം തേടിയത് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. വർഷം തിരിച്ചാണ് കുടിശ്ശിക സംഖ്യ കാണിച്ചിരുന്നത്. മറുപടിയിൽ, കംപ്ട്രോളറുടെ അക്കൗണ്ടിലേക്ക് പ്രസ്തുത വർഷങ്ങളിൽ അടച്ച തുക വർഷം തിരിച്ച് പറഞ്ഞിട്ടുണ്ട്. ചില ചെക്കുകൾ നൽകിയതിെൻറ തീയതിയും ചെക്ക് നമ്പറും ഉൾപ്പെടെയാണ് മറുപടി. കഴിഞ്ഞ മാർച്ച് 31ൽ പ്രാദേശിക കേന്ദ്രത്തിൽ ശേഷിക്കുന്ന ഫണ്ട് 1,95,09,653 രൂപയാണെന്നും കംപ്ട്രോളർ കത്തിൽ പറഞ്ഞതുപോലെ 3,27,93,775 രൂപയല്ലെന്നും അസോസിയേറ്റ് ഡയറക്ടർ പറയുന്നു. 2017ലെ ചക്ക ഫെസ്റ്റിനും ഇൗവർഷത്തെ പൂപ്പൊലിക്കും ചെലവായ തുകയുടെ കണക്കും മറുപടിയിലുണ്ട്. ഫണ്ട് വെട്ടിപ്പോ അടക്കുന്നതിൽ വീഴ്ചയോ വന്നിട്ടില്ല. 2011-'12ൽ പ്രാദേശിക കേന്ദ്രത്തിെൻറ വരുമാനം 60 ലക്ഷം രൂപയായിരുന്നത് 2017-'18ൽ അഞ്ച് കോടി രൂപയായി ഉയർന്നതായും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സർവകലാശാലയും പ്രാദേശിക കേന്ദ്രവും പറയുന്ന കണക്കിൽ ഒന്നേകാൽ കോടിയിലധികം രൂപയുടെ അന്തരമുണ്ട്. ഇൗ സാഹചര്യത്തിൽ 2011-12 മുതൽ 2017-'18 വരെ പ്രാദേശിക കേന്ദ്രത്തിലുണ്ടായ വരുമാനവും അടച്ച തുകയും ഒത്തുനോക്കുകയാണെന്ന് സർവകലാശാലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story