Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകിച്ചുവിന്​ ആനക്കാര്യം ...

കിച്ചുവിന്​ 'ആനക്കാര്യം' ഫ​ുട്​ബാൾ മാത്രമാണ്​

text_fields
bookmark_border
ഗുരുവായൂര്‍: കിച്ചുവി​െൻറ ജീവിതത്തില്‍ 'ആനക്കാര്യം' ഫുട്ബാളാണ്. ''ഫുട്ബാളാണ് എ​െൻറ ജീവിതം, അതിനപ്പുറം എനിക്കൊന്നുമില്ല''- താമരയൂര്‍ അധികാരി വീട്ടില്‍ കൃഷ്ണകുമാര്‍ എന്ന കിച്ചു ത​െൻറ ജീവിത വീക്ഷണം അവതരിപ്പിക്കുന്നതിങ്ങനെയാണ്. ദേവസ്വം ആനത്താവളത്തിലെ കൊമ്പന്‍ വിനായക​െൻറ പാപ്പാനായ കിച്ചുവി​െൻറ ജീവിതം ഫുട്ബാള്‍ കമ്പവും ആനക്കമ്പവും ഇടകലര്‍ന്നതാണ്. എന്നിരുന്നാലും ഫുട്ബാള്‍ കമ്പത്തി​െൻറ തട്ടാണ് അൽപം താഴ്ന്നു നില്‍ക്കുക. 38 കാരനായ കിച്ചുവി​െൻറ ഫുട്ബാള്‍ ജീവിതം അറിയുമ്പോള്‍ കാല്‍പ്പന്തിനെ ജീവശ്വാസംപോലെ കാണുന്ന ഈ യുവാവ് എങ്ങനെ ആനത്താവളത്തില്‍ ഒതുങ്ങിയെന്ന് ആരും സംശയിക്കും. അത്രമേല്‍ സംഭവ ബഹുലമാണ് കിച്ചുവി​െൻറ ഫുട്ബാള്‍ ജീവിതം. ഒരൽപം ഭാഗ്യം, അല്ലെങ്കില്‍ പിടിച്ചുയര്‍ത്താനൊരു ഗോഡ്ഫാദര്‍... അതില്ലാതെപോയതി​െൻറ നിര്‍ഭാഗ്യമാണ് കിച്ചുവിന് സംസ്ഥാന ജഴ്‌സിയും ദേശീയ ജഴ്‌സിയും അണിയാനുള്ള അവസരം നഷ്ടപ്പെടുത്തിയത്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ ഗുരുവായൂരില്‍ നിന്ന് കുന്നംകുളത്ത് സൈക്കിളില്‍ പോയി സീനിയര്‍ ഗ്രൗണ്ടില്‍ ഫുട്ബാള്‍ കളിച്ച കാലം മുതല്‍ തുടങ്ങുന്നു കിച്ചുവി​െൻറ ഫുട്ബാള്‍ യാത്ര. ഗോള്‍ കീപ്പറായാണ് ഭൂരിഭാഗവും കളത്തിലിറങ്ങിയത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ തലത്തിലുള്ള സുബ്രതോ ട്രോഫി മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ചു. പിന്നെ കൗമാരത്തിലെത്തിയപ്പോള്‍ സെവന്‍സ് താരമായി. കളി മികവ് കണ്ട് പുതുച്ചേരി പോസ്റ്റര്‍ യുനൈറ്റഡ് ക്ലബ് കിച്ചുവിനെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. ഒരുഘട്ടത്തില്‍ സന്തോഷ് ട്രോഫിക്കുള്ള തമിഴ്‌നാട് ടീമിലേക്ക് തിരഞ്ഞെടുക്കുന്നതി​െൻറ അവസാന ഘട്ടത്തില്‍ എത്തിയതായിരുന്നു. നിര്‍ഭാഗ്യം ഒന്നുകൊണ്ടു മാത്രം ടീമില്‍ ഇടം കിട്ടാതെ പോയി. എഫ്.സി കൊച്ചിന്‍, കെ.എസ്.ഇ.ബി, ആര്‍.ബി.ഐ, ഹിന്ദുസ്ഥാന്‍ എഫ്.സി, മുംബൈ അക്ബര്‍ ട്രാവല്‍സ്, ആര്‍മി സപ്ലൈ ഗ്രൂപ്പ്, എം.ഇ.ജി...... കിച്ചു ജഴ്‌സിയണിഞ്ഞ പ്രമുഖ ക്ലബുകളുടെ നിര കേട്ടാല്‍ ഞെട്ടും. ഒപ്പം കളിച്ച താര നിരയോ... ഐ.എം. വിജയന്‍, ഫിറോസ്, ഷെഫീഖ്, വിനീത്, തമിഴ്‌നാട്ടിലെ ഷെബീര്‍ ബാഷ.... എന്നിങ്ങനെ പോകുന്ന ആ പട്ടിക. കെ.ടി. ചാക്കോയാണ് കിച്ചുവി​െൻറ ഗോള്‍ വലയം കാക്കാനുള്ള മിടുക്കിനെ തേച്ചുമിനുക്കിയെടുത്തത്. ഇന്ത്യന്‍ ബാങ്കി​െൻറ കോച്ചിങ് ക്യാമ്പില്‍ പങ്കെടുത്തപ്പോള്‍ വി.പി. സത്യനില്‍ നിന്നും കളിയറിവുകള്‍ നേടി. ചാത്തുണ്ണി, പീതാംബരന്‍, വിക്ടര്‍ മഞ്ഞില, പി.കെ. അസീസ്, ഡേവിഡ് ആേൻറാ ഇങ്ങനെ നിരവധി കോച്ചുമാരില്‍ നിന്നുള്ള ശിക്ഷണവും ലഭിച്ചിട്ടുണ്ട്. ഇപ്പോഴും സംശയങ്ങളെന്തെങ്കിലുമുണ്ടായാല്‍ അവ തീര്‍ത്തു കൊടുക്കുന്നത് വിജയനും സി.വി. പാപ്പച്ചനും കെ.ടി. ചാക്കോയുമെല്ലാമാണ്. ഡ്യൂറൻറ് കപ്പില്‍ വരെ കളത്തിലിറങ്ങാനുള്ള ഭാഗ്യം ലഭിച്ചു. കിച്ചുവിനൊപ്പം കളിച്ചവര്‍ ഇന്ന് ഫുട്ബാളില്‍ പല ഉന്നത തലങ്ങളിലുമെത്തി. 12 വര്‍ഷം മുമ്പ് ഹിന്ദുസ്ഥാന്‍ എഫ്.സിക്കായി ഡല്‍ഹിയില്‍ കളിക്കുമ്പോഴുണ്ടായ പരിക്കിനെ തുടര്‍ന്ന് കിച്ചു താൽക്കാലികമായി കളക്കളത്തില്‍ നിന്ന് പിന്‍വാങ്ങി. ഇക്കാലത്താണ് ദേവസ്വം ആനത്താവളത്തില്‍ പാപ്പാനായി ജോലിയില്‍ പ്രവേശിക്കുന്നത്. പിതാവ് എ. അച്യുതനും ആനക്കാരനായിരുന്നു. ഗുരുവായൂരിലെ ഫുട്ബാള്‍ പ്രേമികള്‍ ചേര്‍ന്ന് രൂപം നല്‍കിയ ഗുരുവായൂര്‍ ഫുട്ബാള്‍ അക്കാദമിയുടെ (ജി.എസ്.എ) രൂപവത്കരണത്തോടെയാണ് കളിയാരവങ്ങളിലേക്ക് തിരിച്ചെത്തിയത്. ഇപ്പോള്‍ പുതുതലമുറക്കായി സൗജന്യമായി തന്നെ ത​െൻറ കളിയറിവുകള്‍ പങ്കുവെക്കുന്നു. ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ വൈസ് പ്രസിഡൻറായ സി. സുമേഷാണ് തിരിച്ചുവരവിന് വഴിയൊരുക്കിയതെന്ന് കിച്ചു പറഞ്ഞു. ഫുട്ബാള്‍ കോച്ചിങിനുള്ള ഗ്രാസ് റൂട്ട് ലെവല്‍ ലൈസന്‍സും ആള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷ​െൻറ 'ഡി' ലൈസന്‍സും നേടി. സി ലെവല്‍ ലൈസന്‍സിനുള്ള ടെസ്റ്റിനായി മധ്യപ്രദേശിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍. ദേവസ്വം അധികൃതരും ആനത്താവളത്തിലെ സഹപാപ്പാന്മാരും നല്ല പിന്തുണ തനിക്ക് നല്‍കുന്നുണ്ടെന്ന് കിച്ചു പറഞ്ഞു.ഇഷ്ട ടീമായ ഹോളണ്ട് യോഗ്യതാറൗണ്ടില്‍ തന്നെ പുറത്തായി കഴിഞ്ഞു. റൂഡ് ഗുള്ളിറ്റാണ് ഇഷ്ടതാരം. ഏറെക്കാലം ഗുള്ളിറ്റി​െൻറ ഹെയര്‍ സ്റ്റൈലിലാണ് നടന്നിരുന്നത്. അധ്യാപികയായ ഷിബിനയാണ് ഭാര്യ. മക്കള്‍: ഗൗതം കൃഷ്ണ, ഗൗരി കൃഷ്ണ.
Show Full Article
TAGS:LOCAL NEWS 
Next Story