Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2018 11:23 AM IST Updated On
date_range 12 Jun 2018 11:23 AM ISTഅരനാഴിക നേരത്തേക്ക് വക്കീലായ പരമൻ
text_fieldsbookmark_border
തൃശൂർ: കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിനു ശേഷം സി.പി.ഐയുടെയും ഇന്ദിര കോണ്‍ഗ്രസിെൻറയും നേതൃത്വത്തില്‍ മുന്നണി രൂപപ്പെട്ടു. കേരളം െതരഞ്ഞെടുപ്പ് ചൂടിൽ. സീതാറാം മില്ലിനു മുന്നിൽ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ യോഗം. സി. അച്യുത മേനോനും കെ. കരുണാകരനുമുണ്ട് വേദിയില്‍. മുഖ്യപ്രാസംഗികന്‍ എ.എം. പരമന്‍. പ്രസംഗത്തിനിടക്ക് പരമെൻറ പരാമർശം; 'അച്യുത മേനോന്‍ ജയിക്കും, മുഖ്യമന്ത്രിയാകും. അപ്പോള്‍ ഇൗ മില്ലൊന്നു തുറന്നു തരണം'. പരമൻ പറഞ്ഞത് ശരിയായി. 1971 മേയ് ഒന്നിന്, 12 വർഷത്തിനു ശേഷം സീതാറാം മില്ലിന് ജീവൻവെച്ചു. ആ സൈറൺ ഇപ്പോഴും മുഴങ്ങുന്നു. സദാ പുഞ്ചിരിയുള്ള മുഖമായിരുന്നു പരമേൻറത്. കക്ഷി രാഷ്ട്രീയ ചിന്തകൾക്ക് അപ്പുറത്തുള്ള വ്യക്തിബന്ധങ്ങൾ. 14ാം വയസ്സിൽ സീതാറാം മിൽ തൊഴിലാളിയായി തുടങ്ങിയ ഒാട്ടമാണ്. അന്ന് കൂലി 16 അണയാണെന്നാണ് സങ്കൽപം -ഇന്നത്തെ ഒരു രൂപ. പക്ഷേ 14 അണയേ കിട്ടൂ. ആ രണ്ടണയിലെ അനീതിക്കെതിരെയാണ് ആദ്യ ശബ്ദം. അതിൽനിന്ന് ഒരു കമ്യൂണിസ്റ്റ് ജനിച്ചു; സീതാറാം ടെക്സ്റ്റയിൽസ് വര്‍ക്കേഴ്‌സ് യൂനിയന്‍ എന്ന സംഘടനയും. 1944-45ൽ മില്ലിലെ സമരവുമായി ബന്ധപ്പെട്ടാണ് ആദ്യ അറസ്റ്റ്. 15 ദിവസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍. 1946ല്‍ പ്രസിദ്ധമായ അന്തിക്കാട് ചെത്തുതൊഴിലാളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സീതാറാം മില്ലില്‍ ഒരു ദിവസം പണിമുടക്കി. കൊച്ചി സംസ്ഥാനത്തെ തൊഴില്‍ മന്ത്രി പനമ്പിള്ളി ഗോവിന്ദ മേനോനെതിരെ പരമൻ നടത്തിയ പ്രസംഗം രാജ്യദ്രോഹമായി. അറസ്റ്റ് ചെയ്തു. ജാമ്യം അനുവദിക്കാതെ കോടതി ശിക്ഷിച്ചു. മൂന്നര മാസം വിയ്യൂർ ജയിലിൽ. രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ 1947 ആഗസ്റ്റ് 14ന് രാത്രി വിട്ടയച്ചു. അന്ന് പ്രായം 18-19. ജയിലില്‍ നിന്നിറങ്ങുമ്പോള്‍ കേട്ടത് സീതാറാം മില്ലില്‍നിന്ന് 600 തൊഴിലാളികളെ പിരിച്ചുവിട്ടെന്ന വിവരം. കെ.കെ. വാര്യര്‍ എന്ന കീരനാണ് പാര്‍ട്ടി സെക്രട്ടറി. കീരന്‍ പറഞ്ഞു, പരമന്‍ ഇനി പണിക്ക് കയറണ്ട. അവർക്ക് വേണ്ട നിർദേശം കൊടുത്താൽ മതി. 1948ല്‍ സീതാറാം മില്ലിലുണ്ടായ സമരത്തെ മില്ലുടമയും സര്‍ക്കാറും ക്രൂരമായി നേരിട്ടു. സ്ത്രീ തൊഴിലാളികളോടുപോലും കരുണയുണ്ടായില്ല. പലരുടെയും കാല്‍ തല്ലിയൊടിച്ചു. കോൺഗ്രസ് തൊഴിലാളി യൂനിയൻ നേതാവായിരുന്ന കെ. കരുണാകരനാണ് ഗേറ്റിനു പുറത്ത് കമ്പനി വക വാഹനത്തിലിരുന്ന് കമ്യൂണിസ്റ്റുകളായ തൊഴിലാളികളെ കാണിച്ചു കൊടുത്തതെന്ന് പരമൻ പലയിടത്തും ആവർത്തിച്ചിട്ടുണ്ട്. കെ. കരുണാകരനെക്കൊണ്ട് 'ശല്യം'സഹിക്കാതായപ്പോൾ ഒരു കടുംകൈ പ്രയോഗിക്കാൻ തീരുമാനിച്ചത് പരമൻ പിന്നീട് ചിരിയോടെയാണ് ഒാർത്തെടുക്കാറുള്ളത്. കരുണാകരനെ കൊന്നുകളയുക! കൊല്ലപ്പെടേണ്ടയാളോടൊപ്പം ഒരു മുന്നണിയിലും വേദിയിലും ഇരുന്നതോർത്തും പരമൻ ചിരിക്കാറുണ്ട്. പരമെൻറ സമര ജീവിതത്തിൽ അരനാഴിക നേരം വക്കീലായ സംഭവവുമുണ്ട്. 1963ലാണത്. അകാരണമായി തൊഴിലാളികളെ പിരിച്ചുവിടാനുള്ള തീരുമാനം അംഗീകരിക്കാൻ ധാരണയിലെത്തിയപ്പോൾ നിയമവും ചട്ടവും പറഞ്ഞ് പരമൻ രംഗത്തിറങ്ങി. തൊഴിലാളികൾക്ക് വേണ്ടി വാദങ്ങളുയർത്തി. തീരുമാനം തിരുത്തിച്ച് തൊഴിലാളികളെ ജയിപ്പിച്ചു. 1987ലെ െതരഞ്ഞെടുപ്പില്‍ പാർട്ടി ഒല്ലൂരില്‍ സ്ഥാനാർഥിയാക്കിയപ്പോൾ പാർട്ടി സെക്രട്ടറി സി. ജനാർദനൻ സി. അച്യുത മേനോനോട് ആശങ്ക പങ്കുവെച്ചു. വിസ്തൃതമായ മണ്ഡലത്തിൽ പരമന് ഒാടിയെത്താനാവുമോ? ലാത്തിയടിയേറ്റ് ഉണ്ടായ ക്ഷതം ഒാർത്താണ് ജനാർദനൻ ചോദ്യമുന്നയിച്ചത്. എന്നാൽ, മണ്ഡലത്തിൽ നിറഞ്ഞുനിന്ന പരമൻ കോണ്‍ഗ്രസിലെ രാഘവന്‍ െപാഴേക്കടവിലിനെ തോൽപ്പിച്ചു. 1991ല്‍ പരാജയം രുചിച്ചു. സി. അച്യുത മേനോന്‍, കെ.കെ. വാര്യര്‍, ഇ. ഗോപാലകൃഷ്ണ മേനോന്‍, സി. ജനാർദനന്‍, കെ.പി. പ്രഭാകരന്‍, ജോര്‍ജ് ചടയംമുറി, പി.എസ്. നമ്പൂതിരി, ടി.കെ. കരുണന്‍, വി.വി. രാഘവന്‍, ആര്‍.വി. രാമന്‍കുട്ടി വാര്യര്‍ തുടങ്ങിയ പ്രമുഖരുടെ സഹചാരിയായിരുെന്നങ്കിലും തൃശൂരിനപ്പുറം നേതൃപദവിയിലേക്ക് ഉയരാൻ ആഗ്രഹിച്ചില്ല, പാർട്ടി നൽകിയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story