Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 11:11 AM IST Updated On
date_range 9 Jun 2018 11:11 AM ISTഇഫ്താറിെൻറ രാഷ്ട്രീയം
text_fieldsbookmark_border
രാഷ്ട്രപതിഭവനിൽ ഇഫ്താർ വിരുന്നുകൾ ഇനിമേൽ വേണ്ടെന്നുവെച്ചത് ഇന്നലെയാണ്. കാരണം പറഞ്ഞതാണ് അതിലേറെ രസകരം. രാഷ്ട്രപതിഭവെൻറ മതേതരസ്വഭാവം പരിരക്ഷിക്കുന്നതിനുവേണ്ടിയാണ് അത്തരമൊരു തീരുമാനം എന്നാണ് പറയുന്നത്. എന്നാൽ രക്ഷാബന്ധൻ പോലുള്ള പരിപാടികൾ മുമ്പ് മുടക്കമില്ലാതെ നടക്കുകയും ചെയ്തു. മതച്ചടങ്ങുകൾ എന്നതുകൊണ്ട് ന്യൂനപക്ഷമതച്ചടങ്ങുകൾ എന്നാണോ രാഷ്ട്രപതിഭവൻ അർത്ഥമാക്കുന്നത്? അല്ലെങ്കിൽ മതേതരത്വം പ്രസംഗിക്കാൻ ആർ.എസ്.എസിനും ബി.ജെ.പിക്കും ഉള്ളിടത്തോളം അർഹത മറ്റാർക്കാണുള്ളത്? മതം സമൂഹത്തിനുമേൽ പിടിമുറുക്കുന്നതിെൻറ മറ്റൊരു ഉദാഹരണമായിട്ടുവേണം വർധിച്ചുവരുന്ന ഇഫ്താർ ആഘോഷങ്ങളെ കാണാൻ. ശബരിമലയും അക്ഷയതൃതീയയും നിറപുത്തരിയും തിരുവാതിരയും കർക്കിടകക്കഞ്ഞിക്കൂട്ടും എല്ലാം വ്യാപാരാടിസ്ഥാനത്തിൽ ആഘോഷിക്കപ്പെടുന്നതുപോലെ ഹുർലിൻ പർദയും ഇഫ്താറും മറ്റും വ്യാപാരാടിസ്ഥാനത്തിൽ വിപണിവത്കരിക്കപ്പെടുകയാണ്. അപൂർവം സന്ദർഭങ്ങളിൽ ആത്്മാർഥമായ മതസൗഹാർദപ്രകടനങ്ങളായി അവ മാറിത്തീരുന്നുണ്ടെന്ന സത്യം വിസ്മരിക്കുന്നില്ല. പരിശുദ്ധ റമദാൻ ആത്മശുദ്ധീകരണത്തെക്കുറിച്ചാണ് നമ്മോടു സംസാരിക്കുന്നത്. ആത്മപീഢ ആത്മശുദ്ധീകരണത്തിെൻറ മറ്റൊരു ശൈലിയാണ്. സകാതിനെക്കുറിച്ചും സദ്കയെക്കുറിച്ചും റമദാൻ നമ്മോട് സംസാരിക്കുന്നത് ദാനങ്ങൾ ഒരു മാസത്തിലേക്ക് പരിമിതപ്പെടുത്താൻ വേണ്ടിയല്ല. അത് ഒരു ന്യൂനപക്ഷത്തിന് ആത്മബോധവും ഭൂരിപക്ഷത്തിന് ആത്മനിന്ദയും പകരാൻ വേണ്ടിയുള്ളതും അല്ല. ഒരു കൈ നൽകുമ്പോൾ മറുകൈ അറിയാതെ ചെയ്യേണ്ട കാര്യം. പക്ഷേ ഇന്ന് റമദാൻ പിറന്ന വിവരം അറിയുന്നത് അണിയായി നീങ്ങുന്ന ഭിക്ഷാടനസംഘങ്ങളെ കാണുമ്പോഴാണ്. ഇഫ്താർ സംഗമങ്ങളിൽ പലതും ആഡംബരവും ധൂർത്തുമായി മാറുന്നു. പുലർകാല ഭക്ഷണവും നോമ്പുതുറ ഭക്ഷണവും അടുക്കളക്കുമേൽ ഏൽപ്പിക്കുന്ന സാമ്പത്തികഭാരവും ശാരീരികഭാരവും അധികംപേരും അറിയുന്നില്ലെന്നുള്ളതാണ് സത്യം. ഈയിടെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കണ്ട മറ്റൊരു കാര്യംകൂടി സൂചിപ്പിക്കേണ്ടതുണ്ട്. നോമ്പുതുറസമയങ്ങളിൽ ഓടുന്ന ബസുകൾ നിർത്തിച്ച് കാരയ്ക്കയും, വെള്ളവും, അൽപം നോമ്പുതുറ വിഭവങ്ങളും നൽകുന്ന ഒരു പരിപാടിയാണത്. പക്ഷേ മതസ്പർദ്ധ കൂടിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് ഇത്തരം പരിപാടികൾ മറ്റുതരം വ്യാഖ്യാനങ്ങൾക്ക് കാരണമായേക്കും എന്നുകൂടി ഓർക്കേണ്ടതുണ്ട്. ഈയിടെ ഏതോ ഹിന്ദുക്ഷേത്ര ഭാരവാഹികൾ ഇഫ്താർ സംഘടിപ്പിച്ചതിനെപ്പറ്റി പത്രത്തിൽ വായിച്ചു. നല്ല കാര്യം തന്നെ. മതബോധങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം അനുഷ്ഠാനങ്ങളിൽകൂടി മാത്രമേ മനുഷ്യർക്ക് പുലരാൻ കഴിയൂ. പക്ഷേ മതം നന്മയിൽ നിന്നു തുടങ്ങുമ്പോൾ തിന്മയിലാണ് പലപ്പോഴും അവസാനിക്കുന്നത് എന്നുകൂടി ഓർക്കുന്നത് നന്ന്. എെൻറ ചില ബാല്യകാല നോമ്പുതുറ ഓർമകളെക്കുറിച്ച് പറയാം. മലപ്പുറം ജില്ലയുടെ ഏറ്റവും വലിയ ഇസ്ലാം ഭൂരിപക്ഷപ്രദേശത്താണ് എെൻറ ജനനവും ബാല്യവും. പാലക്കാടിെൻറ അതിർത്തി മേഖലയായ (അന്നത് മൊത്തം പാലക്കാട് ജില്ല തന്നെയായിരുന്നു) പുലാമന്തോളിൽ. ദാരിദ്യ്രം സമൂഹത്തിെൻറ പൊതുമുദ്രയാണ്. മുസ്ലിം വിഭാഗത്തിൽ ഏറെയും ദരിദ്രരരായ കർഷകത്തൊഴിലാളികൾ-ഞങ്ങളുടെ വീട്ടുപണിക്കാരിലും കൃഷിസഹായികളിലും ഏറെയും അവരായിരുന്നു. കൂട്ടുകാരിൽ ഏറെപേരും മുസ്ലിംകൾ. ഖുർആൻ തൊട്ടാൽ കണ്ണുപൊട്ടും എന്നു ഭയപ്പെടുത്തുന്നവർ, 'ള'എന്ന അക്ഷരത്തിെൻറ സവിശേഷ ഉച്ചാരണം ഇസ്ലാമിനകത്തുള്ളവർക്കേ കഴിയൂ എന്നു വാശിപിടിക്കുന്നവർ, തൊട്ടതിനും പിടിച്ചതിനും കാളിറോഡ് തങ്ങളെപ്പിടിച്ച് ആണയിടുന്നവർ. വൈകുന്നേരം നേമ്പുതുറസമയത്ത് വാട്ടിയ ഇലയിൽ പൊതിഞ്ഞെത്തുന്ന ലഘുവിഭവങ്ങളാണ് എെൻറ നോമ്പുതുറ ഓർമ. അരിപ്പത്തിരിപോലെ ഞങ്ങൾ ഹിന്ദു വീടുകളിൽ ലഭ്യമല്ലാത്ത വിഭവങ്ങൾ-എത്ര കഷ്ടപ്പെട്ടിട്ടായിരിക്കാം ആ വിഭവങ്ങൾ അവർ ഞങ്ങൾക്കെത്തിച്ചതെന്ന് ഇന്ന് ഞാൻ അത്ഭുതപ്പെടുകയാണ്. ആ വിഭവങ്ങളിലൂടെയാണ് മതേതരത്വത്തിെൻറ ലാവണ്യം ആദ്യം ഞങ്ങൾ അനുഭവിച്ചത്. വെള്ളിയരഞ്ഞാണത്തിൽ ഉറപ്പിച്ച കാച്ചിത്തുണിയുടെ നീണ്ട മടിക്കുത്തിൽനിന്നാണ് ആ പലഹാരപ്പൊതികൾ പുറത്തുവന്നത്. കാച്ചിമുണ്ടും, മുഴുക്കയ്യൻ കുപ്പായവും, തല പാതി മൂടുന്ന ഒരു തട്ടവുമായാൽ ഞങ്ങൾ മലപ്പുറത്തെ മുസ്ലിം സ്ത്രീകളുടെ വേഷമായി അന്ന്. ഇന്ന് മദ്റസയിൽ പോകുന്ന അഞ്ചു വയസ്സുള്ള കുട്ടിക്കുകൂടി ബുർഖയാണ്. വെള്ളിയാഴ്ച കൃത്യസമയത്ത് ജുമഅക്കെത്തിയില്ലെങ്കിൽ മഹല്ല് കമ്മിറ്റി പിഴ വിളിക്കാറുണ്ടെന്നും കേൾക്കുന്നു. മതം അടിച്ചേൽപ്പിക്കപ്പെടേണ്ട ഒന്നല്ല. ആത്മബോധ്യത്തോടെ സ്വീകരിക്കേണ്ട ഒന്നാണ്. ഇഫ്താർ പാർട്ടികൾ പൊതു ഇടങ്ങളായി വികസിക്കുന്നുണ്ടെങ്കിൽ സന്തോഷം-അത് സങ്കുചിതത്വങ്ങളിലേക്ക് പരിമിതപ്പെടുന്നുണ്ടെങ്കിൽ നമുക്കു ഭയം തോന്നേണ്ട സമയവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story