Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 11:08 AM IST Updated On
date_range 9 Jun 2018 11:08 AM ISTമനുഷ്യർക്കായി തുറന്നിട്ട വാതിലുകൾ
text_fieldsbookmark_border
കയ്പമംഗലം: പുലർച്ചെ ഒരുമണിയായിക്കാണും. 20ന് താഴെ പ്രായമുള്ള രണ്ട് ചെറുപ്പക്കാർ കാളമുറി മഹല്ല് പള്ളിയിലേക്ക് കയറി വന്നു. റമദാൻ 21െൻറ രാവിൽ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിച്ച് പള്ളിയിൽ സാമാന്യം ആളുകളുണ്ട്. അവരുടെ മുന്നിലേക്കാണിവർ എത്തിയത്. കോഴിക്കോട് മുക്കത്തുനിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയിൽ ബൈക്ക് പഞ്ചറായതാണ്. വെളുക്കുംവരെ വിശ്രമിക്കാൻ ഒരു പള്ളിവരാന്ത അന്വേഷിച്ചു ബൈക്കും തള്ളി നടക്കുകയാണവർ. കിലോമീറ്ററുകളോളം അടച്ചിട്ട ഗേറ്റുകൾക്ക് മുമ്പിലൂടെയുള്ള നടത്തം അവരെയെത്തിച്ചത് കാളമുറി പള്ളിക്ക് മുമ്പിൽ. അർധരാത്രി കഴിഞ്ഞും നിറ വെളിച്ചേത്താടെ തുറന്നു കിടക്കുന്ന മസ്ജിദ്. പ്രാർഥനയിലും ഭജനയിലുമായി കഴിയുന്ന ചെറുപ്പങ്ങളും കാരണവൻമാരും. വന്നു കയറിയവർക്ക് അധികം ചോദ്യങ്ങളില്ലാതെ കിടക്കാൻ ഇടം നൽകി. അത്താഴത്തിന് വിളിച്ചുണർത്തി ഉള്ള ഭക്ഷണവും പകുത്തു നൽകി. 'പള്ളികൾ മനുഷ്യർക്കുള്ള സങ്കേതവും അഭയ കേന്ദ്രവുമാണ്'എന്ന ദൈവ വചനത്തെ സാക്ഷ്യപ്പെടുത്തുകയായിരുന്നു പള്ളിയിലുള്ളവർ. നൂറുകണക്കിന് പള്ളികളുള്ള ദേശീയപാതയിൽ വേറിട്ട ഒന്നാണ് കാളമുറി മഹല്ല് പള്ളി. ഏഴുപതിറ്റാണ്ടു മുമ്പ് കാട്ടൂക്കാരൻ സുലൈമാൻ ഹാജിയും പള്ളിപറമ്പിൽ അബ്ദുല്ലയും ചേർന്ന് നൽകിയ സ്ഥലത്ത് ഓലഷെഡിൽ ആരംഭിച്ചതാണിത്. ഗുരുവായൂരിൽ നിന്ന് കൊടുങ്ങല്ലൂർ - കോട്ടപ്പുറം വരെ നീളുന്ന കരിങ്കൽ റോഡ്. അതാണ് ഇന്നത്തെ ദേശീയപാതയായത്. ആകെയുള്ള ഒരു ബസ് നമ്പ്യാർ സർവിസ്. അത് ദിനംപ്രതി ഒന്നോ രണ്ടോ സർവിസുകൾ നടത്തുന്ന കാലം. റോഡിെൻറ പടിഞ്ഞാറെകരയിൽ ഒഴിഞ്ഞ സ്ഥലത്ത് ഒരു പള്ളി വേണമെന്ന ആഗ്രത്തിെൻറ പൂർത്തീകരണത്തിനായി സ്ഥലം നൽകിയവരെ കൂടാതെ പള്ളിപറമ്പിൽ അടിമ ഹാജി, വീരാൻ ഹാജി, ഹസനിക്ക തുടങ്ങിയവരൊക്കെയാണ് ഇൗ പള്ളിയുടെ നടത്തിപ്പുകാർ. വിരലിലെണ്ണാവുന്ന ആളുകൾ മാത്രം നമസ്കരിക്കാൻ ഉണ്ടായിരുന്ന കാലത്ത് പിടിയരിയാണ് പ്രധാന വരുമാനം. പായക്കച്ചവടത്തിൽ നിന്നും രാമച്ച കൃഷിയിൽ നിന്നും കിട്ടുന്നതിെൻറ ഒരോഹരിയും മാറ്റി വെക്കും. പള്ളിക്ക് കിഴക്ക് റോഡിെൻറ ഓരത്ത് ഓല ഷെഡിലെ മദ്റസ. കൂരിക്കുഴി സ്വദേശികളായ മുത്തു തങ്ങളും മിഖ്ദാദ് മുസ്ലിയാരും പിന്നീട് കൂളിമുട്ടം സ്വദേശി മുഹമ്മദുണ്ണി മുസ്ലിയാരും അധ്യാപകരായിരുന്നു. തുടങ്ങിയ കാലം തൊട്ടേ കാരണവൻമാർ മാനവിക കാഴ്ചപ്പാടിലൂടെയാണ് മുന്നോട്ട് പോയിരുന്നത്. പള്ളിയിലേക്ക് നൽകുന്ന സംഭാവനകളിലോ, തിരിച്ച് നൽകുന്ന സഹായങ്ങളിലോ മത-ജാതി പരിഗണനകൾ ഉണ്ടായിരുന്നില്ല. ഈ കാഴ്ചപ്പാട് തന്നെ പിന്നീട് സാരഥ്യം ഏറ്റെടുത്തവരും പതിറ്റാണ്ടുകളായി തുടർന്നു പോരുന്നു. യാത്രക്കാരായ സ്ത്രീപുരുഷൻമാർക്കായി രാപകൽ ഭേദമന്യേ തുറന്നിടുന്ന ശൗചാലയം തിരക്കേറിയ പാതയിലെ യാത്രക്കാർക്ക് അനുഗ്രഹമാണ്. പള്ളിക്ക് മുന്നിൽ സ്ഥാപിച്ച ടാപ്പിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം ഏതു കാലത്തും ലഭ്യമാണ്. വേനൽക്കാലത്ത് പാചകത്തിന് പോലും വെള്ളം കിട്ടാത്ത അവസ്ഥയിൽ അന്യ സംസ്ഥാനക്കാർ അടക്കം നൂറുകണക്കിന് ലിറ്റർ വെള്ളമാണ് പ്രതിദിനം കൊണ്ടുപോവുന്നത്. സകാത്ത് വിതരണത്തിലും ബലിമാംസ വിതരണത്തിലുമില്ല പക്ഷഭേദം. സാധാരണ ദിനങ്ങളിൽ ഉച്ചനേരത്ത് പള്ളിയിലും വരാന്തയിലും വിശ്രമിക്കുന്നവരിൽ കുറിതൊട്ടവരെ കണ്ടാൽ അത്ഭുതപ്പെടാനില്ല. മണ്ഡലകാലത്ത് ശബരിമല തീർഥാടകർക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും പള്ളിയോട് ചേർന്ന മദ്റസാ ഹാൾ സദാസമയം തുറന്നു നൽകുന്ന പള്ളിയാണിത്. അതെ, അക്ഷരാർഥത്തിൽ മനുഷ്യർക്കായി തുറന്നിടുന്ന വാതിലുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story