Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2018 11:05 AM IST Updated On
date_range 8 Jun 2018 11:05 AM ISTമുല്ലക്കര-മുളയം റോഡ്: അടിപ്പാത പരിഗണനയിലെന്ന് കേന്ദ്രം
text_fieldsbookmark_border
തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാത മുല്ലക്കരയിൽ അടിപ്പാതയില്ലാത്തത് അപകടത്തിനിടയാക്കുന്നുവെന്ന പരാതിയിൽ ജില്ല റോഡ് സുരക്ഷ കൗൺസിലിനോടും ദേശീയപാത അതോറിറ്റിയോടും റോഡ് സുരക്ഷ അതോറിറ്റി റിപ്പോർട്ട് തേടി. നേർക്കാഴ്ച മനുഷ്യാവകാശ സംഘടന സെക്രട്ടറി പി.ബി. സതീഷിെൻറ പരാതിയിലാണ് നടപടി. മുളയം-മുല്ലക്കര റോഡിൽ അടിപ്പാത വേണമെന്ന ആവശ്യം പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും അറിയിച്ചു. മുളയം-മുല്ലക്കര റോഡിൽ അടിപ്പാതയാവശ്യത്തിൽ ഏറെനാളായി നാട്ടുകാർ കക്ഷി രാഷ്ട്രീയമില്ലാതെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സമരത്തിലാണ്. കലക്ടർ ഉൾപ്പെടെയുള്ളവർ അടിപ്പാത ആവശ്യമാണെന്ന് അറിയിച്ച് റിപ്പോർട്ട് നൽകിയെങ്കിലും ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും അവഗണിച്ചിരിക്കുകയാണ്. പ്രതിഷേധത്തെ തുടർന്ന് പ്രവൃത്തികൾ നിറുത്തി വെച്ചിരിക്കുകയായിരുന്നു. ഇതിനിടയിൽ കഴിഞ്ഞമാസം അടിപ്പാതയില്ലാതെ റോഡ് നിർമാണം തുടങ്ങാനുള്ള ദേശീയപാത അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും ശ്രമം കെ. രാജൻ എം.എൽ.എയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു. പ്രതിഷേധക്കാരെ എതിർക്കുന്നത് സംഘർഷത്തിനിടയാക്കിയേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കലക്ടർ, ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. മുല്ലക്കരയിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ്ഗോപി എം.പി അയച്ച കത്തിനുള്ള മറുപടിയിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അടിപ്പാതയാവശ്യം പരിഗണനയിലാണെന്ന് അറിയിച്ചിരിക്കുന്നത്. മണ്ണുത്തി-കറുകുറ്റി വരെയുള്ള നാലുവരി പാതയിൽ 2011 മുതൽ 2017 ഡിസംബർ 30 വരെയായി 2756 റോഡപകടങ്ങളിൽ 537 പേർ മരിച്ചതായും 2395 പേർക്ക് പരിക്കുപറ്റിയതായും 560 പേർ ഗുരുതര പരിക്കുകളോടെ കഴിയുന്നതായും അവസാന 11 മാസം കൊണ്ട് 50 മുതൽ 77 പേർ മരിച്ചതായും പരാതിയിൽ പറയുന്നു. അടിപ്പാത നിർമിക്കാത്തതിനാൽ റോഡ് മുറിച്ചു കടക്കുമ്പോഴുണ്ടായ 551 അപകടങ്ങളിൽ 168 പേർ മരിച്ചതായി വിവരാവകാശ പ്രകാരമുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് നേർക്കാഴ്ച റോഡ് സുരക്ഷ അതോറിറ്റിക്ക് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story