Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2018 11:05 AM IST Updated On
date_range 5 Jun 2018 11:05 AM ISTമാതൃകയായി പെരിഞ്ഞനം
text_fieldsbookmark_border
കയ്പമംഗലം: പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനും പൊതുസംവിധാനം ഉണ്ടാവുന്നതില്‍ സന്തോഷിക്കാത്തവര്‍ ഉണ്ടാകില്ല- കുറഞ്ഞ സ്ഥലത്ത് വീട് വെച്ച് താമസിക്കുന്നവർ പ്രത്യേകിച്ചും. പെരിഞ്ഞനം പഞ്ചായത്ത് അത്തരം ഒരു പരീക്ഷണത്തിലാണ്. മാലിന്യം ശേഖരിക്കാന്‍ പലയിടത്തും സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അത് സംസ്കരിച്ച് എങ്ങനെ പുനരുപയോഗിക്കാം എന്നാണ് പഞ്ചായത്ത് ഭരണസമിതി ആലോചിച്ചത്. അതില്‍ നിന്നാണ് ആര്‍.എഫ്.സി (റിക്കവറി ഫെസിലിറ്റി സെൻറര്‍) എന്ന ആശയം ജനിക്കുന്നത്. വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിച്ച്, ശുചീകരിച്ച് പൊടിച്ച് റോഡ് നിർമാണത്തിന് ഉപയോഗിക്കുകയോ പ്ലാസ്റ്റിക് ഉല്‍പന്ന കമ്പനികള്‍ക്ക് കൈമാറുകയോ ചെയ്യുന്ന സംവിധാനമാണിത്. റോഡ് നിർമാണം ഫലപ്രദമാണോ എന്നറിയാന്‍ പഞ്ചായത്ത് ആറാം വാര്‍ഡിലെ അരക്കിലോമീറ്ററോളം വരുന്ന പോളശ്ശേരി റോഡ് ടാര്‍ ചെയ്യാന്‍ പുറത്തുനിന്ന് പ്ലാസ്റ്റിക് പൊടി വാങ്ങി. ടാറിനോടൊപ്പം ഇത് ഉപയോഗിക്കുന്നത് റോഡിെൻറ ആയുസ്സ് വര്‍ധിപ്പിക്കുമെന്ന് സാങ്കേതിക വിദഗ്ധർ സാക്ഷ്യപ്പെടുത്തിയതോടെ പദ്ധതിക്ക് വേഗം കൂടി. പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റിനായി പതിനാലാം വാര്‍ഡിലെ കാണിവളവില്‍ 40 സെൻറ് സ്ഥലം കണ്ടെത്തി. 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷെഡില്‍ രണ്ടര ലക്ഷം രൂപ ചെലവിട്ട് പ്രതിദിനം ഒന്നര ടണ്‍ പ്ലാസ്റ്റിക് പൊടിക്കാനുള്ള യന്ത്രം സ്ഥാപിച്ചു. പൊടിക്കുന്നതോടെ പ്ലാസ്റ്റിക് പത്തിലൊന്നായി ചുരുങ്ങും. വാര്‍ഡുകള്‍ തോറും രൂപവത്കരിച്ച ഹരിതകര്‍മ സേനയില്‍നിന്ന് രണ്ട് പേര്‍ വീടുകള്‍ തോറും കയറിയിറങ്ങി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു. ഏകദേശം പത്ത് ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം സംസ്കരണ കേന്ദ്രത്തില്‍ എത്തിക്കഴിഞ്ഞു. ഇതോടൊപ്പം ഇ-മാലിന്യങ്ങള്‍, ചില്ലുകള്‍ എന്നിവയും ശേഖരിച്ച് പുനഃചംക്രമണ കമ്പനികള്‍ക്ക് നല്‍കാനാണ് തീരുമാനം. താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതോടെ ദിവസങ്ങള്‍ക്കുള്ളില്‍ കേന്ദ്രം പ്രവര്‍ത്തനസജ്ജമാകുമെന്ന് പ്രസിഡൻറ് കെ.കെ. സച്ചിത്ത് പറഞ്ഞു. ഇതിനോടനുബന്ധിച്ച് തന്നെ ജൈവ മാലിന്യ സംസ്കരണ പ്ലാൻറും നിർമിക്കാന്‍ പദ്ധതിയുണ്ട്. അറവുമാലിന്യങ്ങള്‍ അടക്കമുള്ളവ സംസ്കരിച്ച് ഇതില്‍ നിന്ന് ഉൽപാദിപ്പിക്കുന്ന ബയോഗ്യാസ് തൊട്ടടുത്ത സുനാമി കോളനിയിലേക്ക് സൗജന്യമായി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story