Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 11:05 AM IST Updated On
date_range 3 Jun 2018 11:05 AM ISTനേന്ത്രനും റബറിനും വിലയില്ല കോടശേരിയിലെ കർഷർ പൈനാപ്പിള്‍ കൃഷിയിലേക്ക്
text_fieldsbookmark_border
ചാലക്കുടി: നേന്ത്രക്കായക്കും റബറിനും വിലസ്ഥിരത ഇല്ലാതായതോടെ കോടശേരി പഞ്ചായത്തില്‍ കൃഷിക്കാർ പൈനാപ്പിൾ കൃഷിയിലേക്ക്. തോട്ടങ്ങൾ വ്യാപകമായി പൈനാപ്പിള്‍ കൃഷിക്കായി ഒരുക്കുകയാണിവർ. റബർതോട്ടങ്ങള്‍ വെട്ടിവെളുപ്പിച്ചും വാഴത്തോപ്പുകളിലെ കൃഷി നിര്‍ത്തിയുമാണ് കൃഷിയിടം പൈനാപ്പിളിനായി ഒരുക്കുന്നത്. റബറിന് പ്രതീക്ഷിച്ചപോലെ വില ലഭിക്കാത്തതും കായ വിപണിയിലെ അസ്ഥിരതയുമാണ് പൈനാപ്പിള്‍ കൃഷി തിരഞ്ഞെടുക്കാന്‍ പ്രേരണയായതെന്ന് കര്‍ഷകര്‍ പറയുന്നു. റബർതൈകള്‍ വളര്‍ന്നു വരുന്നതുവരെ കൃഷിയിടത്തിൽ രണ്ട് മൂന്ന് വര്‍ഷത്തേക്ക് പൈനാപ്പിള്‍ നടുന്ന പ്രവണതയുണ്ടായിരുന്നു. എന്നാല്‍ വിലയില്ലാതായതോടെ റബര്‍ വെട്ടിക്കളഞ്ഞ് പൈനാപ്പിള്‍ ആരംഭിക്കുകയാണ് മിക്ക കർഷകരും. റബറിന് തറവില പോലും ലഭിക്കാത്തതാണ് കര്‍ഷകരെ ഇതിന് പ്രേരിപ്പിക്കുന്നത്. റബറിെൻറ വില കുറയുമ്പോൾ ഉല്‍പാദനച്ചെലവ് കുതിച്ചുയരുകയാണ്. പണിക്കൂലി മുതലാവാത്തതിനാല്‍ മേഖലയില്‍ പകുതിയോളം കര്‍ഷകര്‍ തോട്ടങ്ങളിലെ ടാപ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വാഴകൃഷിയിലും സമാന പ്രതിസന്ധിയാണ്. കാറ്റും മഴയും ശക്തമാകുന്ന കോടശേരി മേഖലയില്‍ പ്രതിസന്ധികളെ നേരിട്ടാണ് കര്‍ഷകര്‍ വാഴകൃഷി നടത്തുന്നത്. ആയിരക്കണക്കിന് വാഴകളാണ് ഈ മേഖലയില്‍ കാറ്റത്ത് ഒടിഞ്ഞു വീഴുക. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം പോലും സര്‍ക്കാറില്‍നിന്ന് ലഭിക്കുന്നില്ലെന്ന് കര്‍ഷകർ പരാതിപ്പെടുന്നു. പ്രശ്‌നങ്ങളെല്ലാം അതിജീവിച്ച് കായകള്‍ പാകമായി വിപണിയിലെത്തിച്ചാല്‍ പ്രതീക്ഷിച്ച വിലയും ലഭിക്കണമെന്നില്ല. വാഴകര്‍ഷകര്‍ പലരും ചെലവ് ലഭിക്കാതെ വിഷമാവസ്ഥയിലാണ്. പൈനാപ്പിളിനാകുമ്പോള്‍ വലിയ രീതിയിലുള്ള പരിചരണം ആവശ്യവുമില്ല. വിപണിയില്‍ ശരാശരി വില ലഭിക്കാറുമുണ്ട്. ഇതാണ് പൈനാപ്പിളിലേക്ക് തിരിയാന്‍ പ്രേരണ. സ്ഥലം ഉടമകള്‍ പലരും ഈ കൃഷി നല്ലപോലെ അറിയാവുന്നവരെ പങ്കാളികളാക്കിയും പാട്ടത്തിന് കൃഷിഭൂമി വിട്ടുകൊടുത്തുമാണ് പൈനാപ്പിള്‍ കൃഷി ആരംഭിക്കുന്നത്. കോട്ടയത്തുനിന്നും മൂവാറ്റുപുഴയിലെ വാഴക്കുളത്ത് നിന്നെത്തിയ വിദഗ്ധരായ കര്‍ഷകരാണ് ശാസ്ത്രീയ രീതിയില്‍ കൃഷി നടത്തുന്നത്. കപ്പത്തോടിെൻറ തീരത്തായി തെങ്ങിന്‍തോപ്പുകളില്‍ ഈ കൃഷിയിറക്കുന്നവരും ഉണ്ട്. പൈനാപ്പിള്‍ കൃഷിക്ക് ചൂട് പറ്റില്ല. വെള്ളം വേണം. തണുപ്പ് വേണം. ഇല്ലെങ്കില്‍ തണ്ട് പിളരും. അതിനാല്‍ കപ്പത്തോടിെൻറ പരിസരം നോക്കിയാണ് കൃഷി ചെയ്യുന്നത്. കോടശേരിയില്‍ കനാല്‍ വെള്ളത്തിന് ചിലപ്പോള്‍ ദൗര്‍ലഭ്യം നേരിടുന്നുണ്ടെങ്കിലും പമ്പ് വെക്കാന്‍ വെള്ളം നിറഞ്ഞ പാറ മടയുള്ളതും ജലസേചനത്തിന് അനുകൂലമാണ്. സ്ഥിരം പണിക്കാരില്ലെങ്കില്‍ ഇത് ശരിയായി നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. ഇതര സംസ്ഥാന തൊഴിലാളികളെെവച്ചാണ് കൃഷി. ആറ് തവണ വളം കൊടുക്കണം. കൈതച്ചക്ക മൂത്ത് മണം പരക്കുമ്പോള്‍ മുയലുകളും മരപ്പട്ടികളും അണ്ണാറക്കണ്ണനും ഉപ്പനുമെല്ലാം തിന്നാതെ കാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story