Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:29 AM IST Updated On
date_range 26 July 2018 11:29 AM ISTആധാരം തട്ടിപ്പ് ഇരകള്‍: കണ്ണീർ കാണാന്‍ ആരുണ്ട്?
text_fieldsbookmark_border
കയ്പമംഗലം: കയ്പമംഗലം പനമ്പിക്കുന്നില്‍ വില്ലേജ് ഓഫിസിന് മുന്നിലെ സമരപ്പന്തലിൽ ആശങ്കയുടെ ചുടുകണ്ണീർ പങ്കുവെക്കുകയാണ് നിർധന മനുഷ്യർ. കിടപ്പാടം സംരക്ഷിക്കാൻ പണി കഴിഞ്ഞെത്തുന്ന പട്ടിണിപ്പാവങ്ങളുടെ സമരം തുടങ്ങിയിട്ട് മൂന്നുമാസം പിന്നിട്ടു. കോടികളുടെ ആധാരം- ചിട്ടി തട്ടിപ്പ് ഇരയായി ജീവിതം വഴിമുട്ടിയവർ. 2010 ലാണ് കയ്പമംഗലം മേഖലയില്‍ തട്ടിപ്പിന് കളമൊരുങ്ങുന്നത്. '15 ദിവസത്തിൽ ബാങ്ക് വായ്പ എടുത്തു കൊടുക്കും' എന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് ചികിത്സ, മക്കളുടെ വിവാഹം, വീടുപണി എന്നിവക്കായി സമീപിച്ചവർ തട്ടിപ്പിലേക്ക് എടുത്തെറിയപ്പെട്ടു. ഇരിങ്ങാലക്കുട,തൃശൂര്‍, കണ്ടശാംകടവ്, കൊടുങ്ങല്ലൂര്‍ പ്രദേശങ്ങളിലെ ചിട്ടി കമ്പനികളില്‍ ആവശ്യക്കാരെ എത്തിച്ച് ആധാരം ഇൗടാക്കി പണം കൈമാറി. തനിക്കുള്ള കമീഷൻ വാങ്ങിയ കയ്പമംഗലം സ്വദേശിയും ഇടനിലക്കാരനുമായ സുലൈമാൻ മാസന്തോറും അടക്കേണ്ട തുക താൻ വന്നു വാങ്ങുമെന്ന് അറിയിച്ചു. ചളിങ്ങാട് സ്വദേശി പുതിയവീട്ടില്‍ മജീദും ഭാര്യ ജമീലയും ചേര്‍ന്ന് 3 ലക്ഷം രൂപ വായ്പയെടുത്തു. മാസന്തോറും 4,000 ത്തോളം രൂപ ഇയാളെ ഏല്‍പിച്ചു. ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ ബാക്കിയുള്ള ഒന്നര ലക്ഷത്തോളം രൂപയും നൽകി ആധാരം തിരിച്ചെടുക്കാൻ സുലൈമാനെ സമീപിച്ചു. ആഴ്ചകൾ കഴിഞ്ഞിട്ടും വീട്ടു രേഖകൾ തിരിച്ചു കിട്ടിയില്ല. പിന്നീട് സുലൈമാന്‍ മുംബൈയില്‍ പോയി എന്ന വിവരമാണ് ലഭിച്ചത്. ഇതിനിടെ കുറിക്കമ്പനിയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരമാണ് കിട്ടിയത്. സുലൈമാന്‍ വിളിച്ചെടുത്ത 7.5 ലക്ഷത്തിെൻറ കുറിക്കാണ് ആധാരം ഈടുവെച്ചിരിക്കുന്നത്. ഇയാൾ ഒറ്റത്തവണ പോലും പണം തിരിച്ചടച്ചിട്ടുമില്ല. തീരദേശത്ത് നിന്ന് തട്ടിപ്പിനിരയായ എഴുപതോളം പേര്‍ സംഘടിച്ച് കേസ് കൊടുത്തു. വഞ്ചനക്കുറ്റത്തിന് സുലൈമാന്‍ അറസ്റ്റിലായെങ്കിലും ഒപ്പിട്ട് കൊടുത്ത രേഖകള്‍ ഇരകള്‍ക്ക് എതിരായി. അവസാനം മജീദിന് ലഭിച്ച ജപ്തി നോട്ടീസിൽ 33 ലക്ഷം രൂപയുടെ കുടിശ്ശികയെന്നാണ് കുറിക്കമ്പനി പറയുന്നത്. പള്ളായിപീടികയില്‍ ഹംസ എടുത്ത 1.4 ലക്ഷം വായ്പ എട്ടു ലക്ഷം കവിഞ്ഞിരിക്കുന്നു. പെരിഞ്ഞനം റുഖിയ അബ്ദുല്ല, കയ്പമംഗലം മിനി ഉണ്ണിരാജന്‍, അന്തിക്കാട്ട് സുബ്രഹ്മണ്യന്‍, ചിറയത്ത് ഉണ്ണികൃഷ്ണന്‍, കൊരിശ്ശേരി അംബിക രാധാകൃഷ്ണന്‍, പെരിഞ്ഞാശ്ശേരി ഭാസുര, പുഴങ്കരയില്ലത്ത് ജമാല്‍ എന്നിവരുടെ അവസ്ഥയും സമാനമാണ്. റവന്യൂ റിക്കവറി നടപടി വന്നതിനാല്‍ നികുതി പോലും അടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നിര്‍ധന കുടുംബങ്ങള്‍. പനമ്പിക്കുന്നിലെ അനിശ്ചിതകാല സമരം എത്രനാള്‍ നീളുമെന്ന ആശങ്കയിലാണിവർ. --- മാലിക് വീട്ടിക്കുന്ന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story