Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2018 11:02 AM IST Updated On
date_range 23 July 2018 11:02 AM ISTകൂട്ടിനുണ്ട് കെ.എസ്.ആർ.ടി.സി : അർധരാത്രി പെരുവഴിയിലിറങ്ങേണ്ടി വന്ന യുവതിക്ക് കൂട്ട് നിന്ന് ജീവനക്കാർ
text_fieldsbookmark_border
തൃശൂർ: 'എെൻറ കെ.എസ്.ആർ.ടി.സിക്ക് നന്ദി...അഭിനന്ദനങ്ങൾ'യാത്രക്കാരിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പാതിരാത്രിയിൽ വിജനമായ സ്ഥലത്ത് ഇറങ്ങി തനിച്ചായപ്പോൾ, ആളെത്തുവോളം കൂട്ടുനിന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരും, കാര്യമറിഞ്ഞപ്പോൾ സഹകരിച്ച യാത്രക്കാർക്കുമാണ് കുടുംബശ്രീ തൃശൂർ ജില്ല മിഷൻ പ്രോഗ്രാം മാനേജർ കൂടിയായ റെജി 'എെൻറ കെ.എസ്.ആർ.ടി.സിക്ക് അഭിനന്ദനങ്ങൾ'എന്ന ആമുഖത്തോടെ കുറിപ്പെഴുതി നന്ദി അറിയിച്ചത്. ശനിയാഴ്ച തമ്പാനൂർ നിന്നും മൈസൂരിലേക്ക് രാത്രി എട്ടിന് പുറപ്പെട്ട കെ.എസ്.ആർ.ടി.സി സ്കാനിയ ബസിെല യാത്രക്കാരിയായിരുന്നു റെജി. തിരുവനന്തപുരത്ത് കുടുംബശ്രീ സംസ്ഥാന മിഷനിൽ യോഗം കഴിഞ്ഞ് ചാലക്കുടി പോട്ടയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്റ്റോപ്പ് ഇല്ലെങ്കിലും, രാത്രിയായതിനാൽ ഇറക്കിത്തരണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടു. കൊണ്ടുപോകുവാൻ ആൾ വരില്ലേയെന്ന് ഡ്രൈവർ ചോദിക്കുകയും ചെയ്തു. പുലർച്ചെ 1.40 ഓടെ പോട്ട പനമ്പിള്ളി കോളജ് സ്റ്റോപ്പിൽ ബസ് നിറുത്തി റെജിയെ ഇറക്കിയെങ്കിലും, കാത്ത് നിൽക്കുമെന്ന് അറിയിച്ച ഭർത്താവ് വൈകി. ഇറങ്ങാൻ നിൽക്കുന്ന സമയത്ത് കുഞ്ഞ് എണീറ്റ് വാശി പിടിച്ചതിനാലായിരുന്നു എത്താൻ 10 മിനിറ്റ് വൈകിയത്. പൊയ്ക്കൊള്ളാൻ ഡ്രൈവറോടും കണ്ടക്ടറോടും പറഞ്ഞെങ്കിലും, വിജന സ്ഥലമായതിനാൽ ബസ് എടുക്കാൻ ഇരുവരും കൂട്ടാക്കിയില്ല. ഇതിനിടെ ബസ് നിറുത്തിയിട്ടതിലെ കാര്യം തിരക്കി യാത്രക്കാരിലൊരാൾ അന്വേഷിച്ചെത്തി. ഡ്രൈവർ കാര്യം പറഞ്ഞപ്പോൾ എല്ലാവർക്കും സമ്മതം. ഭർത്താവ് എത്തിയ ശേഷം യാത്രയാക്കിയാണ് ബസ് പുറപ്പെട്ടത്. മാസത്തിൽ രണ്ട് തവണയെങ്കിലും തിരുവനന്തപുരം പോകേണ്ടി വരാറുണ്ടെങ്കിലും, ആദ്യമായിട്ടാണ് ഇത്തരം അനുഭവമെന്നും സഹായിച്ച, പേര് എന്താണെന്നറിയാത്ത, ഡ്രൈവർക്കോ കണ്ടക്ടർക്കോ നന്ദിയുണ്ടെന്ന് റെജി കുറിപ്പിൽ പങ്കുവെക്കുന്നു. ദിവസങ്ങൾക്ക് മുമ്പ് കോയമ്പത്തൂർ-തിരുവനന്തപുരം സൂപ്പർഫാസ്റ്റിൽ അങ്കമാലി അത്താണിയിൽ നിന്നും കയറി, ചവറ ശങ്കരമംഗലത്ത് ആളൊഴിഞ്ഞ സ്ഥലത്ത് രാത്രിയിൽ ഇറങ്ങേണ്ടി വന്ന യാത്രക്കാരിക്ക് സഹോദരൻ എത്തുവോളം കൂട്ടുനിന്ന സംഭവവും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story