Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാമ്പ്രയിൽ സീനായ്...

മാമ്പ്രയിൽ സീനായ് ആശ്രമം പള്ളി നികത്തിയ കൃഷിസ്ഥലം പൂര്‍വസ്ഥിതിയിലാക്കാന്‍ കലക്ടറുടെ ഉത്തരവ്

text_fields
bookmark_border
ചാലക്കുടി: മാമ്പ്രയിലെ സീനായ് ആശ്രമം പള്ളി അധികൃതർ മണ്ണിട്ട് നികത്തിയ പാടം പൂർവസ്ഥിതിയിലാക്കാൻ കലക്ടറുടെ ഉത്തരവ്. കര്‍ഷകരും സാമൂഹിക-രാഷ്ട്രീയ സംഘടനകളും നൽകിയ പരാതിയെ തുടര്‍ന്നാണ് നടപടി. ചാലക്കുടി താലൂക്ക് കിഴക്കുംമുറി വില്ലേജില്‍ സര്‍വേ 865/2 ല്‍ മാമ്പ്ര സീനായ് യാക്കോബായ ആശ്രമം പള്ളിയുടെ കൈവശമുള്ള പാടം അനധികൃതമായി നികത്തിയത് പൂര്‍വസ്ഥിതിയിലാക്കണമെന്നാണ് കലക്ടർ ടി.വി. അനുപമ ഉത്തരവിട്ടത്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമാണ് ഉത്തരവ്. മണ്ണിട്ട് നികത്തി ജാതി, വാഴ എന്നിവ കൃഷി ചെയ്ത സ്ഥലം വിശാലമായ പാടത്തി​െൻറ ഭാഗമാണെന്നും മണ്ണിട്ട് നികത്തിയതോടെ പ്രദേശത്തെ നീരൊഴുക്ക് തടസ്സപ്പെട്ടതായും ഇത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കര്‍ഷകൻ ഡിക്‌സന്‍ വര്‍ഗീസ്, ഡി.വൈ.എഫ്.ഐ കരിയാപറമ്പ് യൂനിറ്റ് സെക്രട്ടറി, ഉറവ് പരിസ്ഥിതി സംരക്ഷണ സംഘടന തുടങ്ങിയവര്‍ കലക്ടർക്ക് പരാതി നൽകിയിരുന്നു. അധികാരികളോട് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് കലക്ടർ ചാലക്കുടി തഹസില്‍ദാറോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. തഹസില്‍ദാറുടെ റിപ്പോര്‍ട്ടി​െൻറ അടിസ്ഥാനത്തിലാണ് കലക്ടറുടെ നടപടി. എന്നാല്‍, ഇവിടെ നികത്തിയിട്ടില്ലെന്നും സ്ഥലം നിരപ്പാക്കല്‍ മാത്രമേ നടത്തിയിട്ടുള്ളൂവെന്നുമാണ് പള്ളി അധികൃതര്‍ കലക്ടർക്ക് നല്‍കിയ വിശദീകരണം. 2017ല്‍ സ്ഥലം വാങ്ങുമ്പോള്‍ ഇവിടെ കൃഷി ഇല്ലായിരുന്നുവെന്നും മരങ്ങള്‍ ഉണ്ടായിരുന്നുവെന്നും മതപ്രബോധനം നടത്തുന്നതിനും കളിസ്ഥലം നിർമിക്കുന്നതിനും വേണ്ടിയാണ് നിർമാണം നടത്തിയതെന്നും ബന്ധപ്പെട്ടവര്‍ വിശദീകരണം നല്‍കി. പക്ഷേ 2016 വരെ ഈ സ്ഥലം അടക്കം 1.36 ഹെക്ടറില്‍ കൃഷി ചെയ്തിരുന്നുവെന്നും ഈ വകയില്‍ കൃഷിയിടത്തിന് സര്‍ക്കാര്‍ സബ്‌സിഡി അനുവദിച്ചിരുന്നതായും തെളിഞ്ഞതിനെ തുടര്‍ന്നാണ് പൂര്‍വസ്ഥിതിയിലാക്കാന്‍ കലക്ടർ ഉത്തരവിട്ടത്.
Show Full Article
TAGS:LOCAL NEWS
Next Story