Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 10:59 AM IST Updated On
date_range 23 Feb 2018 10:59 AM ISTആവേശമായി വി.എസ്; ആരവങ്ങളിൽ നിന്നകന്ന് ടി. ശശിധരൻ
text_fieldsbookmark_border
തൃശൂർ: സി.പി.എമ്മിലെ തലമുതിർന്ന നേതാവും അണികളിലെ ആവേശവുമായ വി.എസ് ഈ സമ്മേളനത്തിലും വാർത്തകളിൽ ഇടംപിടിച്ചു. സമ്മേളനത്തിലെ ശ്രദ്ധാകേന്ദ്രമായിരുന്ന വി.എസിന് മുൻനിരയിൽതന്നെ സീറ്റ് ലഭിച്ചു. പിണറായി വിഭാഗവുമായി കൊമ്പുകോർക്കുന്നതിൽ വി.എസിനുള്ള കരുത്ത് ചോർന്നുപോയെന്ന് ഏവരും ധരിച്ചിരിക്കെയാണ് മാണിയെ മുന്നണിയിലെടുക്കരുതെന്ന് കാണിച്ച് പാർട്ടിക്ക് കത്ത് നൽകിയും മാണിയുമായി വേദി പങ്കിടുന്നതിൽ നിന്ന് പിന്മാറിയും ഏവരേയും അമ്പരപ്പിച്ചത്. ഇങ്ങനെ ഒരങ്കത്തിനുള്ള ബാല്യം വി.എസ് ബാക്കി വെക്കുമ്പോൾ വി.എസിെൻറ പഴയ അനുയായിയും തീപ്പൊരി പ്രാസംഗികനുമായ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി. ശശിധരൻ ആരവങ്ങളിൽ നിന്ന് ഏറെ അകലെ. പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമായ സാഹചര്യത്തില്‍ നടന്ന മലപ്പുറം സമ്മേളനത്തില്‍ വി.എസിനൊപ്പം നിന്ന് സംസ്ഥാന കമ്മിറ്റിയിലേക്ക് മത്സരിച്ചതോടെയാണ് ഇദ്ദേഹം മറ്റ് 12 പേര്‍ക്കൊപ്പം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടത്. നടപടി നേരിട്ടവരില്‍ പലരും നേതൃതലത്തിലേക്ക് തിരിച്ചുവന്നിട്ടും ശശിധരൻ ഏരിയ കമ്മിറ്റിയിൽ നിൽക്കുകയാണ്. തൃപ്രയാറിൽ നടന്ന ജില്ല സമ്മേളനത്തിൽ പ്രതിനിധിയായിരുന്നെങ്കിലും ശശിധരന് സംസ്ഥാന സമ്മേളനം അടഞ്ഞ വാതിലായി. പാർട്ടി നിർദേശിച്ച ചുമതലകൾ നിർവഹിച്ച് ഏരിയയിൽ സജീവമാണ് ശശിധരൻ. വിഭാഗീയതയിൽ ഏറെ വലിയ ഇടപെടലുകൾ നടത്തിയവർ വരെ പാർട്ടിയുടെ നേതൃപദവിയിൽ തിരിച്ചെത്തിയല്ലോയെന്ന ഒാർമപ്പെടുത്തലിനോട് ചിരിയായിരുന്നു മറുപടി. ഇതിന് തനിക്ക് ഉത്തരമില്ലെന്നും ചോദ്യം സ്വയം ചോദിക്കാറുണ്ടെന്നും ശശിധരൻ പറഞ്ഞു. ആര് വരണം, ആരെ എടുക്കണം, ആരെ നേതാവാക്കണം എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. താൻ പാർട്ടി പ്രവർത്തകനായി തുടരും. വി.എസ് ഇന്നും പാർട്ടിയുടെ ഇതിഹാസമാണെന്നും ശശിധരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story