Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 10:59 AM IST Updated On
date_range 23 Feb 2018 10:59 AM ISTചെമ്മീന്‍ചാല്‍ കുളത്തില്‍ ജെല്ലി ഫിഷ്
text_fieldsbookmark_border
കൊടകര: ആളൂര്‍ പഞ്ചായത്തിലെ വല്ലക്കുന്ന് ചെമ്മീന്‍ചാല്‍ കുളത്തില്‍ അപൂർവ ജലജീവിയായ ജെല്ലി ഫിഷിെൻറ സാന്നിധ്യം വീണ്ടും കണ്ടെത്തി. മുരിയാട് കായലിെൻറ തെക്കേ അറ്റത്തുള്ള വല്ലക്കുന്ന് പാടത്തെ വിസ്തൃതമായ ചെമ്മീന്‍ചാല്‍ കുളത്തില്‍ കൂട്ടമായാണ് ഫ്രഷ് വാട്ടര്‍ ജെല്ലി ഫിഷ് എന്നറിയപ്പെടുന്ന ഇവയെ കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം വേനല്‍ ആരംഭത്തിൽ ശ്രദ്ധയിൽപ്പെട്ടിരുെന്നങ്കിലും കാലവര്‍ഷത്തില്‍ വെള്ളം നിറഞ്ഞതോടെ ഇവയെ കണ്ടില്ല. കുളത്തിൽ ജലവിതാനം കുറഞ്ഞതോടെ വ്യാഴാഴ്ച രാവിലെ ഇവയെ നാട്ടുകാർ കണ്ടെത്തി. കടല്‍ചൊറി എന്നറിയപ്പെടുന്ന കടലിലെ ജെല്ലി ഫിഷ് വർഗത്തിലുള്ളതാണെങ്കിലും ശുദ്ധജലത്തില്‍ കാണപ്പെടുന്ന ഇവക്ക് വലിപ്പം കുറവാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയവര്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ടിരുന്നതായും പറയുന്നു. തിരുവനന്തപുരത്തെ കേരള യൂനിവേഴ്‌സിറ്റി അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിലെ വിദഗ്ധര്‍ കഴിഞ്ഞ വര്‍ഷം വല്ലക്കുന്നിലെത്തി പരിശോധിച്ചിരുന്നു. കേരളത്തില്‍ ചിലയിടങ്ങളില്‍ വളരെക്കാലം മുമ്പ് അപൂർവമായി ഇവയെ കണ്ടെത്തിയിട്ടുണ്ടെങ്കിലും വലിയ കൂട്ടമായുള്ള സാന്നിധ്യം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇവർ വ്യക്തമാക്കി. സമീപവാസികള്‍ പതിവായി കുളിക്കുന്നതിനാല്‍ ഇവ ധാരാളമായുള്ളത് ഭീഷണിയാകുമോയെന്ന ആശങ്കയും ഉണ്ട്. പേരിനോടൊപ്പം ഫിഷ് എന്നുണ്ടെങ്കിലും ഇവ മത്സ്യവര്‍ഗത്തില്‍പെട്ടതല്ല. കടല്‍പൂക്കള്‍, പവിഴപ്പുറ്റുകള്‍ എന്നിവയുടെ കുടുംബത്തില്‍ ഉള്‍പ്പെടുന്നവയാണിവ. ക്രാസ്പെഡാക്ട്സുവ ഒാസ്വേറി (Craspedactsua osweri) എന്നാണ് ശാസ്ത്രനാമം. രണ്ടര സെൻറീമീറ്റര്‍ വലുപ്പമുള്ള ഇവയുടെ ശരീരത്തിലെ 99 ശതമാനവും ജലമാണ്. വെണ്മയോടെയുള്ള ശരീരം സുതാര്യമാണ്. കുട പോലെ ആകൃതിയുള്ളതും പുറം ശരീരത്തില്‍ അനേകം ടെൻഡാക്കിളുകള്‍ എന്നറിയപ്പെടുന്ന നീണ്ട സ്പര്‍ശനികളുമുണ്ട്. ഉദരമധ്യത്തില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന നാല് തൊങ്ങല്‍ പോലെ അധരങ്ങളുള്ളതാണ് വായ് ഭാഗം. തലച്ചോറ്, അസ്ഥികൂടം, ശ്വസിയ്ക്കാനുള്ള അവയവം, വിസര്‍ജ്ജിക്കാനുള്ള അവയവങ്ങളൊന്നും ഇവയ്ക്കില്ല. ഉദരത്തിെൻറയും ഉദരത്തിെൻറ അടിഭാഗത്തെ കനം കുറഞ്ഞ വൃത്താകൃതിയിലുള്ള ചര്‍മ്മ പാളിയുടേയും സങ്കോചവും വികാസവും മൂലമാണ് ഇവ ചലിക്കുന്നത്. ജലത്തിലുള്ള പ്ലവകങ്ങളാണ് ഭക്ഷണം. കടലില്‍ കാണപ്പെടുന്ന ജെല്ലി ഫിഷുകളെ അപേക്ഷിച്ച് ശുദ്ധജല ജെല്ലി മത്സ്യങ്ങള്‍ മനുഷ്യന് അപകടകാരികളല്ലെന്ന് ഡോ. ബിജുകുമാര്‍ പറഞ്ഞു. ചുറ്റും നീണ്ട ടെൻഡാക്കിളുകളില്‍ നിന്ന് വിഷം വമിപ്പിച്ചാണ് ഇവ ഇരയെ പിടിക്കുന്നതും ശത്രുക്കളില്‍ നിന്ന് രക്ഷ തേടുന്നതും. കൊടും വിഷമുള്ള ബോക്‌സ് ജെല്ലി ഫിഷ് എന്നറിയപ്പെടുന്നവയെ കടലില്‍ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story