Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 10:47 AM IST Updated On
date_range 21 Feb 2018 10:47 AM ISTഗുരുവായൂർ കൗൺസിലിൽ 'പാളയത്തിൽ പട'
text_fieldsbookmark_border
ഗുരുവായൂര്‍: ഡി.സി.സി നല്‍കിയ മരുന്നിലും ശമിക്കാത്ത കോണ്‍ഗ്രസിലെ ഭിന്നത, കലിപ്പടങ്ങാത്ത സി.പി.എമ്മിനെതിരെ സി.പി.ഐ കൗണ്‍സിലറുടെ ഒളിയമ്പ്, നഗരസഭയുടെ ടെന്‍ഡറുകളില്‍ മാഫിയയുടെ ഒത്തുകളിയെന്ന് സ്ഥിരം സമിതി അധ്യക്ഷെൻറ ആരോപണം, പാളയത്തിലെ പടയായിരുന്നു ചൊവ്വാഴ്ച നഗരസഭ കൗണ്‍സിലിലെ താരം. എല്ലാ അജണ്ടയിലും പ്രതികരിക്കുന്ന കോൺഗ്രസിലെ എ.ടി. ഹംസക്കെതിരെ ഭരണപക്ഷത്തെ വനിത കൗണ്‍സിലര്‍മാര്‍ ഒന്നിച്ചെഴുന്നേറ്റ് ഇനി സംസാരിച്ച് സമയം കളയരുതെന്ന് താക്കീത് നല്‍കിയതിനും കൗണ്‍സില്‍ സാക്ഷിയായി. ഈ താക്കീതിലൊന്നും തളരാത്ത ഹംസ കൗണ്‍സില്‍ കഴിയും വരെ ഒറ്റയാള്‍ പോരാളിയായി അധ്യക്ഷയുടെ വേദിക്ക് മുന്നില്‍ നിന്ന് ബഹളം വെച്ചു. അർബൻ ബാങ്ക് അഴിമതി ആരോപണവും പ്രതിപക്ഷ നേതാവിനെ മാറ്റണമെന്ന ഒരു വിഭാഗത്തിെൻറ ആവശ്യവും കൗൺസിലിൽ കോൺഗ്രസിെൻറ ആക്രമണത്തിന് തടയിട്ടു. കൗൺസിലിന് മുമ്പ് മണ്ഡലം കമ്മിറ്റി ഓഫിസിൽ ചേർന്ന പാർലമെൻററി കക്ഷി യോഗത്തിൽ നിന്ന് ഒരു വിഭാഗം വിട്ടുനിന്നിരുന്നു. വിട്ടുനിന്നവരും കൗൺസിലിൽ പങ്കെടുക്കാനെത്തി. ഡി.സി.സിയുടെ വിലക്കുണ്ടായിട്ടും ഒരേ വിഷയത്തിൽ കോൺഗ്രസ് അംഗങ്ങൾ പരസ്യമായി രണ്ടു തട്ടിലാവുകയും ചെയ്തു. അമ്പാടി ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്നതിനെ എ.ടി. ഹംസ എതിർത്തപ്പോൾ പി.എസ്. പ്രസാദും ബഷീർ പൂക്കോടും പൊളിക്കലിനെ അനുകൂലിച്ചു. ഇരുവരെയും ഭരണപക്ഷം കൈയടിയോടെ എതിരേറ്റു. കോൺഗ്രസിലെ സ്ഥിരം പ്രാസംഗികരിൽ ചിലർ മിണ്ടാതിരുന്നതും ശ്രദ്ധേയമായി. അർബൻ ബാങ്ക് വിഷയം പറഞ്ഞ് എൽ.ഡി.എഫ് കുത്തിനോവിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കാൻ കോൺഗ്രസിൽ നിന്ന് ആേൻറാ തോമസ് ഒഴികെ ആരുമുണ്ടായില്ല. അഴിമതിക്കെതിരെ തങ്ങളുടെ പോരാട്ടം തുടരുമെന്ന് ബാങ്ക് അഴിമതി പ്രശ്നത്തിൽ എതിർപ്പിെൻറ സ്വരമുയർത്തി നിൽക്കുന്ന ബഷീർ പൂക്കോട് അടിവരയിട്ടു പറഞ്ഞു. കഴിഞ്ഞ കൗൺസിലിന് മുമ്പായി നടന്ന എൽ.ഡി.എഫ് പാർലമെൻററി പാർട്ടി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ സി.പി.ഐ ചൊവ്വാഴ്ച കൗൺസിലിലും സി.പി.എമ്മിനെ കുത്തിനോവിച്ചു. സ്വന്തം വാർഡിൽ റോഡ് ഉദ്ഘാടനത്തിലെ ശിലാഫലകത്തിൽ നിന്ന് തെൻറ പേര് ചുരണ്ടിക്കളയാൻ നടത്തിയ ശ്രമം സി.പി.ഐ കക്ഷിനേതാവ് അഭിലാഷ് ചന്ദ്രൻ ചൂണ്ടിക്കാട്ടി. എം.എൽ.എ അടക്കമുള്ള സി.പി.എം നേതാക്കളുടെ പേര് നിലനിർത്തി തെൻറ പേര് മാത്രം ചുരണ്ടിമാറ്റാൻ ശ്രമിച്ചവർക്കെതിരെയായിരുന്നു രോഷം. ഒരു വർഷം മുമ്പ് തെൻറ വീടിന് നേരെ ആക്രമണം നടന്നിട്ടും പ്രതികളെ പിടികൂടാത്തതും ഉന്നയിച്ചു. മൊബൈൽ ടവർ, ഫുഡ് ഫാക്ടറി എന്നിവക്കെതിരെ താൻ പരാതി നൽകി മാസങ്ങളായിട്ടും നടപടിയുണ്ടായില്ലെന്നും അറിയിച്ചു. വാർഡിലെ കാന നിർമാണവും പരിഗണിച്ചില്ല. ജനപ്രതിനിധിയുടെ പരാതി കേൾക്കാനെങ്കിലും മനസ്സുണ്ടാകണമെന്ന് അഭിലാഷ് തുറന്നടിച്ചപ്പോൾ ഭരണപക്ഷം നിശബ്ദമായി കേട്ടിരുന്നു. കോൺഗ്രസിൽ നിന്ന് ആേൻറാ തോമസും മുസ്ലിം ലീഗിൽ നിന്ന് റഷീദ് കുന്നിക്കലും അഭിലാഷിന് പിന്തുണയുമായി രംഗത്തെത്തി. അഭിലാഷിെൻറ വാർഡിലെ പ്രവർത്തനങ്ങളെയും ശ്ലാഘിച്ചായിരുന്നു പ്രതിപക്ഷത്തിെൻറ പ്രകടനം. എന്നാൽ സി.പി.ഐയിലെ മറ്റ് നാല് അംഗങ്ങളും നിശബ്ദത പാലിച്ചത് ശ്രദ്ധേയമായി. നഗരസഭയിലെ ടെൻഡറുകൾ ഒരു വിഭാഗം ആളുകൾ ചേർന്ന് ഒത്തുകളിച്ച് സ്ഥിരമായി സ്വന്തമാക്കുകയാണെന്ന് ഭരണപക്ഷത്തെ സ്ഥിരംസമിതി അംഗം ജനതാദൾ എസിലെ സുരേഷ് വാര്യർ ആരോപിച്ചു. എന്നാൽ ടെൻഡറുകൾ സുതാര്യമാണെന്നും നഗരസഭക്ക് വരുമാന നഷ്ടം ഉണ്ടായിട്ടില്ലെന്നും ഉപാധ്യക്ഷൻ കെ.പി. വിനോദ് വിശദീകരിച്ചു. നവീകരണം നടന്നു കൊണ്ടിരിക്കുന്ന നഗരസഭ ലൈബ്രറിക്ക് ഗുരുവായൂരിെൻറ സാഹിത്യകാരനായ ഉണ്ണികൃഷ്ണൻ പുതൂരിെൻറ പേര് നൽകണമെന്ന് സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദേവൻ ആവശ്യപ്പെട്ടു. പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ കെ.പി. വിനോദ്, ടി.ടി. ശിവദാസൻ, ആേൻറാ തോമസ്, എ.ടി. ഹംസ, റഷീദ് കുന്നിക്കൽ, കെ.വി. വിവിധ്, ടി.എസ്. ഷെനിൽ, ശോഭ ഹരിനാരായണൻ, പി.എസ്. രാജൻ, ഹബീബ് നാറാണത്ത്, എം.പി. അനീഷ്മ, ടി.കെ. സ്വരാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story