ലൈഫ്​ ഭവനപദ്ധതി: ഗുണഭോക്താക്കളെ വെട്ടിലാക്കി റേഷൻകാർഡ്​ അപേക്ഷ

05:32 AM
14/02/2018
തൃശൂർ: വീടില്ലാത്തവർക്ക് വീട് നൽകുന്ന ലൈഫ് പദ്ധതിയിൽ ഉൾപ്പെടണമെങ്കിൽ റേഷൻകാർഡ് നിർബന്ധമാണ്. എന്നാൽ സ്വന്തമായി വീടില്ലാത്തവർക്ക് റേഷൻകാർഡിന് അപേക്ഷിക്കാനാവില്ല. ഇതോടെ സർക്കാറി​െൻറ ഭവന നിർമാണ പദ്ധതിയിൽനിന്ന് പതിനായിരങ്ങൾ പുറത്താവുന്ന സാഹചര്യമാണ്. മുമ്പ് വാടക വീട്ടിൽ താമസിക്കുന്നവർക്ക് അടക്കം പഞ്ചായത്ത് നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റി​െൻറ അടിസ്ഥാനത്തിൽ അപേക്ഷിക്കാമായിരുന്നു. എന്നാൽ, ഇക്കുറി ഇതിന് അവസരമില്ല. ഇത്തരക്കാർക്ക് പിന്നീട് അവസരം നൽകുമെന്നാണ് സപ്ലൈകോ അറിയിപ്പ്. വ്യാഴാഴ്ച മുതലാണ് പുതിയ റേഷൻ കാർഡിന് അപേക്ഷ സ്വീകരിച്ചു തുടങ്ങുന്നത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയ എം.എൽ.എമാർക്ക് ലൈഫ് പദ്ധതിക്കായി താൽക്കാലിക റേഷൻകാർഡ് നൽകുമെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ ഭക്ഷ്യ ഭദ്രത നിയമത്തിൽ താൽക്കാലിക റേഷൻകാർഡ് നൽകാനാവില്ല. അന്ത്യോദയ, മുൻഗണന, മുൻഗണനേതര കാർഡുകൾ മാത്രമാണ് നിയമത്തി​െൻറ ഭാഗമായി നിലവിലുള്ളത്. കൂടാതെ കേരള സബ്സിഡിയായ നാലാം കാർഡുമുണ്ട്. ഇവ കൂടാതെയുള്ളവ അംഗീകരിക്കില്ല. 2014 ജൂലൈയിലാണ് നേരത്തെ റേഷൻകാർഡിന് അപേക്ഷ ക്ഷണിച്ചത്. വിതരണം ചെയ്ത കാർഡിലെ തെറ്റുതിരുത്തൽ പ്രക്രിയ ഇതുവരെ നടന്നിട്ടില്ല. പുതിയ അംഗത്തെ കൂട്ടിച്ചേർക്കൽ, മരണപ്പെട്ട ആളെ കുറക്കൽ, കാർഡിൽ നിന്നും മാറിപ്പോകുന്നവർക്കുള്ള റിഡക്ഷൻ സർട്ടിഫിക്കറ്റ്, കാർഡ് റദ്ദ്ചെയ്യുന്ന സറണ്ടർ സർട്ടിഫിക്കറ്റ്, റേഷൻ കട മാറ്റം, പേര് തിരുത്തൽ, വരുമാനം തിരുത്തൽ എന്നീ കാര്യങ്ങൾക്കുള്ള അപേക്ഷകളും ഇപ്പോൾ സ്വീകരിക്കുന്നില്ല.
COMMENTS