സ്കൂൾ കലോത്സവത്തിലെ വ്യാജ അപ്പീൽ: ​പ്രതികളെ വീണ്ടും കസ്​റ്റഡിയിൽ വാങ്ങും

05:32 AM
14/02/2018
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ബാലാവകാശ കമീഷ​െൻറ വ്യാജ അപ്പീലുകൾ നിർമിച്ച് നൽകിയ കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി സതികുമാർ, നൃത്താധ്യാപകരായ ചേർപ്പ് സ്വദേശി സൂരജ്, വയനാട് സ്വദേശി ജോബി എന്നിവരെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞ ദിവസമാണ് സതികുമാറിനെ വീണ്ടും റിമാൻഡ് ചെയ്തത്. സതികുമാറി​െൻറയും ബാലാവകാശ കമീഷൻ ഓഫിസിലെ ഉദ്യോഗസ്ഥ​െൻറയും മൊഴികളിലെ വൈരുധ്യമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. സ്കൂൾ യുവജനോത്സവ കാലത്തെ ഇവരുടെ മൊബൈൽ ഫോൺ വിശദാംശങ്ങളും പരിശോധിക്കും. സതികുമാറുമായി ബാലവാകാശ കമീഷൻ ആസ്ഥാനത്ത് നടത്തിയ തെളിവെടുപ്പിൽ അന്വേഷണ സംഘത്തിന് പ്രധാനപ്പെട്ട മൊഴിയാണ് ഉദ്യോഗസ്ഥൻ കൈമാറിയത്. ഇടക്കിടെ എത്താറുണ്ടെന്ന മൊഴി വിശ്വസനീയമാണെന്നും അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. ഇതോടൊപ്പം വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച കമ്പ്യൂട്ടർ സ​െൻററിനെ കുറിച്ചും സൂചന ലഭിച്ചെന്ന് അറിയുന്നു. താൻ സർട്ടിഫിക്കറ്റുകൾ കക്ഷികൾക്ക് എത്തിച്ചുനൽകുക മാത്രമായിരുന്നുവെന്നും തൃശൂർ, എറണാകുളം സ്വദേശികളാണ് സർട്ടിഫിക്കറ്റുകൾ നിർമിച്ചിരുന്നതെന്നുമാണ് സതികുമാർ മൊഴി നൽകിയത്. എന്നാൽ സതികുമാറാണ് സർട്ടിഫിക്കറ്റുകൾ നൽകിയതെന്നാണ് ഇവരുടെ മൊഴി. സർട്ടിഫിക്കറ്റുകൾ എത്തിച്ചുനൽകിയിരുന്നത് സതികുമാറാണെന്നതിൽ വ്യക്തതയായിട്ടുണ്ട്. ഇവരെ ഒന്നിച്ചിരുത്തിയുള്ള ചോദ്യംചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാണ് ഇവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നത്. അപേക്ഷ അടുത്ത ദിവസം നൽകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
COMMENTS