Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുംഭം പിറന്നു;...

കുംഭം പിറന്നു; തേന്‍കൂടുകള്‍ തേടി ആദിവാസികള്‍ കാട്ടിലേക്ക്്

text_fields
bookmark_border
കൊടകര: മകര മഞ്ഞ് മാറി ദിനരാത്രങ്ങള്‍ കുംഭച്ചൂടി​െൻറ കാഠിന്യത്തിലേക്ക് കടന്നതോടെ കാടുകളില്‍ തേന്‍ സമൃദ്ധി. കാട്ടില്‍നിന്ന് തേന്‍ ശേഖരിക്കുന്ന ആദിവാസികള്‍ക്ക്് ഇനി വിശ്രമമില്ലാത്ത ദിനങ്ങളാണ്. വെള്ളിക്കുളങ്ങര കാട്ടിലെ ശാസ്താംപൂവത്തുള്ള ആനപ്പാന്തം കാടര്‍ കോളനിയിലെ കുടുംബങ്ങള്‍ മലമടക്കുകളിലെ വന്മരങ്ങളിലുള്ള തേന്‍കൂടുകള്‍ തേടി പുറപ്പെടാനുള്ള തയാറെടുപ്പിലാണ്. തേന്‍ സമൃദ്ധിക്കായി മലദൈവങ്ങളെ പ്രീതിപ്പെടുത്തുന്ന പ്രത്യേക പൂജകള്‍ നടത്തിയ ശേഷമാണ് ഇവര്‍ തേന്‍ ശേഖരിക്കുക. ഊരു മൂപ്പ​െൻറ നേതൃത്വത്തില്‍ കൂടിയാലോചന നടത്തിയ ശേഷം വനത്തി​െൻറ ഓരോ ഭാഗങ്ങള്‍ ഓരോ കുടുംബങ്ങള്‍ക്കായി നിശ്ചയിക്കും. ഇങ്ങനെ നിശ്ചയിക്കപ്പെടുന്ന വനപ്രദേശങ്ങളില്‍ നിന്നാണ് കുടുംബങ്ങൾ തേന്‍ ശേഖരിക്കുക. കുംഭം പിറക്കുന്ന ചൊവ്വാഴ്ച ഓരോ കുടുംബത്തിനും നിശ്ചയിക്കപ്പെട്ട വനപ്രദേശങ്ങളില്‍ ചെന്ന് അവർ പ്രത്യേക പൂജ നടത്തും. തുടര്‍ന്നാണ് കാട്ടില്‍ കുടിൽകെട്ടി താമസിച്ച് തേന്‍ അടക്കമുള്ള വനവിഭവങ്ങള്‍ ശേഖരിക്കുക. ഒന്നോ രണ്ടോ ആഴ്ചകള്‍ തങ്ങാനാവശ്യമായ ഭക്ഷണസാമഗ്രികളുമായാണ് ഇവര്‍ കാട്ടിലേക്ക് പോവുക. സ്ത്രീകളടക്കം ചെറുസംഘങ്ങളായി പിരിഞ്ഞ്് ഇവര്‍ കാട്ടിനുള്ളില്‍ താമസിക്കും. പരമ്പരാഗത രീതിയിലാണ് ആദിവാസികള്‍ തേന്‍ ശേഖരണം നടത്തുന്നതെങ്കിലും കാട്ടുതീ പ്രതിരോധിക്കാനും വന്യമൃഗങ്ങളുടെ ഉപദ്രവം ഇല്ലാതിരിക്കാനും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് വനപാലകര്‍ നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ട്്. സാധാരണയായി കുംഭം മുതല്‍ കര്‍ക്കിടകം പകുതി വരെയാണ് കാട്ടുതേനി​െൻറ സീസണ്‍. കുംഭത്തിലോ മീനത്തിലോ മഴ പെയ്താല്‍ തേന്‍ കുറയും. പൂമ്പൊടി നശിക്കാനും തേന്‍കൂടുകളില്‍ വെള്ളം നിറയാനും വേനല്‍മഴ ഇടവരുത്തും. ആനപ്പാന്തം, കൊമളപ്പാറ, മുതിരച്ചാല്‍, ഒരുക്കൊമ്പന്‍ തുടങ്ങിയ വനപ്രദേശങ്ങളിലാണ് ആനപ്പാന്തം കോളനിയിലെ ആദിവാസികള്‍ തേന്‍ എടുക്കാനായി പോകുന്നത്. പറമ്പിക്കുളം കടുവസംരക്ഷണ കേന്ദ്രത്തി​െൻറ പരിധിയില്‍ വരുന്നതാണ് ഈ പ്രദേശങ്ങള്‍ മിക്കതും. കഴിഞ്ഞ വേനലില്‍ അഞ്ച് ടണ്ണിലേറെ തേന്‍ ഇവര്‍ ശേഖരിച്ചിരുന്നു. വേനല്‍മഴ ശക്തമായില്ലെങ്കില്‍ ഇത്തവണയും സമൃദ്ധമായ തേന്‍ കാലം ഇവര്‍ പ്രതീക്ഷിക്കുന്നു. എഴുപതിലേറെ കാടര്‍ കുടുംബങ്ങളുള്ള ആനപ്പാന്തം കോളനിയിലെ കുട്ടികളും ആരോഗ്യപ്രശ്‌നങ്ങളുള്ളവരും ഒഴികെ മിക്കവരും തേനെടുക്കാനായി കാട്ടില്‍ പോകാറുണ്ട്. ആദിവാസി കുടുംബങ്ങള്‍ കാട്ടില്‍നിന്ന് കൊണ്ടുവരുന്ന തേന്‍ ഉള്‍പ്പെടെയുള്ള വനവിഭവങ്ങള്‍ വനം വകുപ്പിനു കീഴിലെ വി.എസ്.എസ് മുഖേനയാണ് സംഭരിക്കുക. ഇതിനായി കോളനിയില്‍ സംഭരണ കേന്ദ്രം തുറന്നിട്ടുണ്ട്. കിലോക്ക് 350 രൂപ നിരക്കിലാണ് കഴിഞ്ഞ വര്‍ഷം വനസംരക്ഷണസമിതി ആദിവാസികളില്‍നിന്ന് തേന്‍ സംഭരിച്ചത്. ഇത്തവണ വില മെച്ചപ്പെടുമെന്നാണ് സൂചന. ഔഷധി അടക്കമുള്ള ആയുർവേദ മരുന്ന് നിർമാണശാലകള്‍ക്കാണ് കാട്ടുതേന്‍ അടക്കമുള്ള വനവിഭവങ്ങള്‍ വില്‍ക്കുന്നത്. വനംവകുപ്പിന് കീഴിലെ വനശ്രീ ഔട്ട്്‌ലെറ്റുകളും ആദിവാസികളുടെ കാട്ടുതേന്‍ വാങ്ങുന്നുണ്ട്്്. മരക്കൊമ്പുകളിലെ തേനീച്ചക്കൂടുകളില്‍നിന്ന് രാത്രിയിലാണ് ആദിവാസികള്‍ തേനെടുക്കുക. ഒരുമരത്തില്‍ തന്നെ നിരവധി തേനീച്ചക്കൂടുകള്‍ ഉണ്ടാകും. തേനീച്ചകളെ അകറ്റാന്‍ തീ പ്പന്തവുമായാണ് മരത്തില്‍കയറുക. മരത്തിനുതാഴെയും തീയിടും. അടര്‍ത്തിയെടുക്കുന്ന കൂട് പിന്നീട് അടരുകള്‍ വേര്‍തിരിച്ച് പിഴിഞ്ഞെടുക്കും. കൂടുണ്ടായിരുന്ന മരത്തി​െൻറയും സമീപത്തെ മരങ്ങളുടെയും പ്രത്യേകതയനുസരിച്ച് തേനിന് നിറവും ഗുണവും മാറുമെന്ന് ആദിവാസികള്‍ പറയുന്നു. കാട്ടില്‍ അനവധി തരം ഔഷധച്ചെടികളുള്ളതിനാല്‍ കാട്ടിലെ തേനിന് ഔഷധഗുണം കൂടും. അതുകൊണ്ടുതന്നെ ആദിവാസികളില്‍നിന്ന് തേന്‍വാങ്ങാന്‍ ആവശ്യക്കാരും ഏറെയാണ്. കനത്ത മഴക്കാലം തുടങ്ങുംവരെ കാട്ടില്‍ തേനെടുപ്പ് തുടരും. തേനിന് പുറമേ ഔഷധച്ചെടികളുടെ വേരും വള്ളിയും മരത്തോലും കായ്കളും ഇക്കാലത്ത് ശേഖരിക്കാറുണ്ട്. ഇഞ്ച, കല്ലൂര്‍വഞ്ചി, ശതാവരി, മഞ്ഞക്കൂവ, കരിക്കുരിഞ്ഞി, നെല്ലിക്ക, പതിരിപ്പൂവ്, മെഴുക്, തെള്ളി, നറുനീണ്ടി, ഏകാനായകം, പാല്‍മുതുക്ക്, നായ്കുരണം, കുരുമുളക് വേര്, ഓരില, ഏലക്കായ്, പാടക്കിഴങ്ങ് തുടങ്ങിയവയാണ് പ്രധാനമായി ശേഖരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story