Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 11:06 AM IST Updated On
date_range 7 Feb 2018 11:06 AM ISTസ്കൂൾ കലോത്സവത്തിൽ വ്യാജ ഉത്തരവ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
text_fieldsbookmark_border
തൃശൂർ: കേരള സ്കൂള്‍ കലോത്സവത്തിൽ പങ്കെടുപ്പിക്കാൻ നിര്‍ദേശിച്ച് സംസ്ഥാന ബാലാവകാശ കമീഷേൻറതെന്ന പേരിൽ വ്യാജ ഉത്തരവ് ഉണ്ടാക്കിയ കേസില്‍ റിമാൻഡിലായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ചേര്‍പ്പ് പടിഞ്ഞാട്ടുമുറി കണ്ണത്തറ സൂരജ്, മാനന്തവാടി കുഴിനിലം വെങ്ങാച്ചുവീട്ടില്‍ ജോ ജോബിന്‍ ജോര്‍ജ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എ. ബദറുദ്ദീന്‍ തള്ളിയത്. ജനുവരി 10നാണ് ഇവർ അറസ്റ്റിലായത്. കേസിലെ രണ്ട് മുതൽ അഞ്ച് വരെ പ്രതികളായ നൃത്താധ്യാപകര്‍ കലോത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ ഉത്തരവ് നേടിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിദ്യാർഥികളുടെ രക്ഷിതാക്കളില്‍നിന്ന് പണം കൈപ്പറ്റുകയും അതില്‍ ഒരു പങ്ക് കേസിലെ ഒന്നാം പ്രതിയായ തിരുവനന്തപുരം സ്വദേശി സതികുമാറിന് കൈമാറുകയും ചെയ്തുവെന്നാണ് കേസ്. സതികുമാറിെൻറ സഹായത്തോടെ വ്യാജ സീലും മറ്റും ഉപയോഗിച്ച് കൃത്രിമമായി ബാലാവകാശ കമീഷെൻറ പേരിലുണ്ടാക്കിയ അപ്പീല്‍ ഉത്തരവുകളാണ് വിദ്യാർഥികൾക്ക് കൈമാറിയത്. ബാലാവകാശ കമീഷനില്‍നിന്ന് ചുമതലയൊഴിഞ്ഞ സെക്രട്ടറിയുടെ പേരിലാണ് ഉത്തരവ് തയാറാക്കിയത്. തൃശൂരിലെ കലോത്സവ സ്ഥലത്ത് താൽക്കാലികമായി പ്രവര്‍ത്തിച്ച ഡി.പി.ഐ ഓഫിസില്‍നിന്ന് അഡ്വക്കേറ്റ് ജനറലിെൻറ ഓഫിസിലേക്ക് തുടര്‍നടപടികള്‍ക്കായി ഇ-മെയില്‍ ചെയ്ത ബാലാവകാശ കമീഷൻ ഉത്തരവ് പൊതു വിദ്യാഭ്യസ ഡയറക്ടറേറ്റിലെ സീനിയര്‍ ലോ ഓഫിസറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മുമ്പ് ബാലാവകാശ കമീഷനിലെ ഉദ്യോഗസ്ഥനായിരുന്ന ഇൗ ഉദ്യോഗസ്ഥന് ഉത്തരവുകളുടെ ആധികാരികതയിൽ സംശയം തോന്നിയതാണ് അന്വേഷണത്തിനും വ്യാജ അപ്പീൽ കണ്ടെത്താനും വഴിവെച്ചത്. ക്രൈംബ്രാഞ്ച് എറണാകുളം സൂപ്രണ്ട് പി.എന്‍. ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. വ്യാജരേഖ ചമച്ച പ്രവൃത്തി ഗൗരവമുള്ള കുറ്റമായതിനാൽ ജാമ്യം നല്‍കരുതെന്ന ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബുവിെൻറ വാദം അംഗീകരിച്ചാണ് ജില്ല സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story