Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2018 11:33 AM IST Updated On
date_range 31 Aug 2018 11:33 AM ISTഷോളയാർ വൈദ്യുതി നിലയത്തിൽനിന്ന് രക്ഷപ്പെടൽ: ''ഒാരോ നിമിഷവും മരണമായിരുന്നു മുന്നിൽ''
text_fieldsbookmark_border
തൃശൂർ: 'ഉരുൾപൊട്ടിയൊലിച്ച ചെങ്കുത്തായ മലയിലൂടെ കയറിത്തുടങ്ങിയേപ്പാഴാണ് അപകടം മനസ്സിലായത്. മഴയിൽ കുതിർന്ന പശിമയുള്ള മണ്ണ്. നല്ല വഴുക്കൽ ഉണ്ടായിരുന്നു. മല പകുതി കയറിയപ്പോൾ കാലുകൾ ചളിയിൽ താഴ്ന്നു. തള്ളവിരൽ ഉൗന്നി അടുത്ത ചുവടുവെച്ചു. വീഴുമെന്നായപ്പോഴൊക്കെ കൈകൾ കുത്തി ആന നട നടന്നാണ് മല കയറിയത്. അതോടെ കൈകൾ പൊട്ടി. അട്ടകളുടെ കടിയും. ചുവടൊന്ന് തെറ്റിയിരുന്നെങ്കിൽ... ഒാരോ നിമിഷവും മരണം മുന്നിൽകണ്ടു''- ഉരുൾപൊട്ടലിനെ തുടർന്ന് ഷോളയാർ വൈദ്യുതി നിലയത്തിൽ കുടുങ്ങിയവരിൽ രക്ഷപ്പെട്ടവർ സംഭവം വിവരിക്കുേമ്പാൾ കണ്ണുകളിൽ ഭയം. ഉദ്യോഗസ്ഥരും തൊഴിലാളികളും അടക്കം 120േലറെ പേർ വൈദ്യുതി നിലയത്തിലും ഡാമിലുമായി കുടുങ്ങിയിരുന്നു. അതിൽ അസി. എൻജിനീയർ സി.എം. ജോസ്, സബ് എൻജിനീയർ സുധീഷ് എന്നിവരടക്കം മൂന്നുപേരാണ് അതിസാഹസികമായി രക്ഷപ്പെട്ടത്. ആഗസ്റ്റ് 15ന് രാത്രി തുടങ്ങിയ കൊടുംമഴയിൽ മലക്കപ്പാറക്കും ഷോളയാറിനുമിടെ ആറിടത്താണ് ഉരുൾപൊട്ടിയത്. 19ന് രാവിലെ ഇവർ രക്ഷായാത്ര തുടങ്ങി. 'ഭാഗ്യവശാൽ അപ്പോൾ മഴ പെയ്തില്ല. മറിച്ചായിരുന്നെങ്കിൽ മണ്ണോടെ ഞങ്ങൾ താഴേക്ക് പതിക്കുമായിരുന്നു. എെൻറ മകൾക്ക് ഇന്ത്യൻ കൗൺസിൽ ഒാഫ് അഗ്രികൾച്ചറൽ റിസർചിെൻറ (െഎ.സി.എ.ആർ) പ്രവേശന പരീക്ഷയുണ്ടായിരുന്നു. ഭാര്യയും പ്രായമായ അച്ഛനും അമ്മയും മാത്രമുള്ള വീട്ടിൽ കുറുമാലിപ്പുഴ കവിഞ്ഞ് വീട്ടിൽ വെള്ളം കയറിയ സമ്മർദത്തിലായിരുന്നു സുധീഷ്. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകെൻറ വിവാഹ നിശ്ചയവുമായിരുന്നു. എങ്ങനെയെങ്കിലും വീട്ടിലെത്തണമായിരുന്നു' -ജോസ് വിശദീകരിച്ചു. 'മലയുടെ ഇരു ഭാഗത്തും ഘോരവനം. ഉരുൾപൊട്ടിയിടത്ത് ഇൗറ്റകാട്. ഇൗറ്റയിൽ പിടിച്ചും വടി കുത്തിയും മല കയറി തുടങ്ങി. ഫോൺ ബന്ധം അറ്റിരുന്നു. മലയുടെ മുകളിൽ എത്തിയപ്പോൾ പോകാൻ ദിശ മനസ്സിലായില്ല. ഉൗഹം വെച്ച് നടന്നു. എത്തിയതോ വീണ്ടും ഉരുൾപൊട്ടിയ മറ്റൊരു ഭാഗത്ത്. കൊടുംകാട്ടിൽ മൂന്നുപേർ മാത്രം. ഭയം പുറത്തുകാട്ടിയില്ല. വീണ്ടും നടന്നു. ഷോളയാർ നിലയത്തിൽ നിന്ന് 14 കിലോമീറ്റർ അകലെ കുമ്മാട്ടിയിൽ എത്തിയപ്പോൾ നേരം ഉച്ച. അപ്പോഴാണ് റോഡിലെ വെള്ള വര കണ്ണിൽ പെട്ടത്. അപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. റോഡിൽ ഒരാൾക്ക് നടന്നുപോകാൻ പറ്റുന്ന സ്ഥലമൊഴിച്ച് പൂർണമായും ഇടിഞ്ഞിരുന്നു. അതു കടന്ന് അൽപം മുന്നോട്ടുപോയപ്പോൾ രക്ഷാപ്രവർത്തകരെ കണ്ടു'' -ജോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story