Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 11:05 AM IST Updated On
date_range 24 Aug 2018 11:05 AM ISTപ്രളയം: പെരിങ്ങൽക്കുത്ത് വൈദ്യുതി നിലയത്തിന് വൻ നാശം; കോടികളുടെ നഷ്ടം
text_fieldsbookmark_border
തൃശൂർ: വാൽപാറയിലെ അതിവർഷവും മലക്കപ്പാറ-ഷോളയാർ മേഖലയിലെ ഉരുൾെപാട്ടൽ പരമ്പരയും മൂലം പെരിങ്ങൽക്കുത്ത് വൈദ്യുതി നിലയങ്ങൾക്കുണ്ടായത് വൻ നാശം. നിലയം അറ്റക്കുറ്റപണി ചെയ്ത് പൂർവസ്ഥിതിയിൽ ഉൽപാദനം തുടങ്ങാൻ ഒരു മാസത്തിലേറെ എടുക്കും. മൊത്തം 23.83 കോടിയുടെ നഷ്ടമാണ് വൈദ്യുതി ബോർഡിനുണ്ടായത്. 36, 16 മെഗാവാട്ട് ശേഷിയുള്ള രണ്ട് നിലയങ്ങളാണ് പെരിങ്ങൽക്കുത്തിലുള്ളത്. മണ്ണും കല്ലും അടിഞ്ഞ് രണ്ട് നിലയങ്ങൾക്കും കേട് പറ്റി. ടർബൈനുകൾ മണ്ണ് മൂടി കിടക്കുന്നു. അനുബന്ധ ഉപകരണങ്ങളും നശിച്ചു. രണ്ട് പെൻസ്റ്റോക്കിെൻറ വഴിയിലും ഉൽപാദനശേഷം വെള്ളം പുഴയിലേക്ക് വിടുന്ന ടെയിൽ റേസിലും മണ്ണടിഞ്ഞു. നിലയങ്ങളുെട ഭിത്തികളിൽ കല്ലുകൾ വന്നിടിച്ചും കേടുണ്ട്. ആഗസ്റ്റ് 16 പുലർച്ച മൂന്നോടെ ഇവിടെ ഉൽപാദനം നിർത്തി. പ്രതിദിനം 9.8 ലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചിരുന്നത്. ഉപഭോക്താവിന് ഒരു യൂനിറ്റ് വൈദ്യുതി വിൽക്കാൻ ബോർഡിന് വരുന്ന ചെലവ് അഞ്ച് രൂപയാണ്. രണ്ട് നിലയത്തിലെ ഉൽപാദനം നിലച്ചതിലൂടെ വ്യാഴാഴ്ച പുലർച്ചെ മൂന്ന് വരെ 3.5 കോടി നഷ്ടമുണ്ടായി. 16 മെഗാവാട്ട് നിലയം ഒരു ആഴ്ച കൂടി അടച്ചിടണം. ഇവിടെ ദിവസം 3.8 ലക്ഷം യൂനിറ്റാണ് ഉൽപാദനം. ഇതിെൻറ നഷ്ടം ഏതാണ്ട് 1.33 കോടിയാണ്. 36 മെഗാവാട്ട് നിലയത്തിൽ ഉൽപാദനം ഇനി മാസത്തിലേറെ മുടങ്ങും. ആറ് ലക്ഷം യൂനിറ്റ് പ്രതിദിന ഉൽപാദന നഷ്ടം. ഇതുവഴി ഒമ്പത് കോടി നഷ്ടമുണ്ടാവും. നിലയങ്ങളിൽ കയറിയ വെള്ളം കഴിഞ്ഞ ദിവസം വറ്റിച്ചു. 36 മെഗാവാട്ട് നിലയത്തിൽ അനുബന്ധ ഉപകരണങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്. ഇവ അവിടെ നിന്ന് എത്തിയാലേ പണി തുടങ്ങാനാവൂ. അതേസമയം, പെരിങ്ങൽകുത്ത് ഡാമിലെ നഷ്ടം ഇനിയും കണക്കാക്കിയിട്ടില്ല. ആറ് ഷട്ടറുകളിൽ അടിഞ്ഞ മരങ്ങളും മുളകളും മാറ്റാനായിട്ടില്ല. ഡാമിനുമുകളിൽ കിടന്ന മരങ്ങളിൽ പകുതി ഇതിനകം വനംവകുപ്പിെൻറയും പൊലീസിെൻറയും നേതൃത്വത്തിൽ മുറിച്ച് മാറ്റി. ഏതാണ്ട് നാല് മീറ്റർ വ്യാസമുള്ള 15 തടികൾ ഇപ്പോഴുമുണ്ട്. ഷട്ടറുകളിലെ മരങ്ങളും മുളകളും നീക്കം ചെയ്യാൻ പട്ടാളത്തിെൻറ സഹായം തേടിയിരുന്നു. അവർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും പിന്മാറി. ചങ്ങാടത്തിലോ മറ്റോ നിന്ന് വേണം വെള്ളത്തിൽ കിടക്കുന്ന മരങ്ങൾ മാറ്റാൻ. ഇത് വളരെ സാഹസികവും അപകടസാധ്യതയുള്ളതുമാണ്. തുടർന്ന് കോഴിക്കോട് ഖലാസികളുടെ സഹായം തേടി. മൂന്ന് പേർ സ്ഥലത്തെത്തി പരിശോധിച്ചു. മരങ്ങൾ നീക്കാൻ എട്ട് ലക്ഷമാണ് ആവശ്യപ്പെട്ടത്. കൂടുതൽ ആളുകളുമായി എത്താമെന്ന് പറഞ്ഞ് അവർ മടങ്ങി. അവർ വെള്ളിയാഴ്ച എത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story