Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2018 11:53 AM IST Updated On
date_range 12 Aug 2018 11:53 AM ISTമനുഷ്യത്വത്തെ ഇവിടെ ഫാ.രാജുവെന്ന് വിളിക്കാം
text_fieldsbookmark_border
അന്തിക്കാട്: പാമ്പ് കടിയേറ്റ് വൃക്കകൾ തകരാറിലായി മരണം മുഖാമുഖം കണ്ട യുവാവിന് മുന്നിൽ ദൈവപുത്രനെപ്പോലെ അവതരിച്ചിരിക്കുകയാണ് ഫാ. രാജു അഗസ്റ്റിൻ. തൃശൂർ കട്ടിലപൂവ്വം ചെന്നങ്ങര സ്വദേശി ബസ് ഡ്രൈവറായ മാർക്കാരത്ത് ബില്ലിക്ക് വൃക്ക പകത്തുനൽകി മനുഷ്യത്വം ഉയർത്തിപ്പിടിച്ചിരിക്കുകയാണ് ഫാ. രാജു അഗസ്റ്റിൻ. ഫാ. ഡേവിസ് ചിറമ്മലിന് പിന്നാലെയാണ് അദ്ദേഹത്തിെൻറ പാത പിന്തുടർന്ന് ഫാ. രാജുവും കാരുണ്യ വഴി തിരഞ്ഞെടുത്തത്. പഴുവിൽ സെൻറ് ആൻറണീസ് ഫൊറോന ഇടവകയിലെ വട്ടപറമ്പിൽ പരേതരായ അഗസ്റ്റിൻ-കൊച്ചുത്രേസ്യ ദമ്പതികളുടെ ഒമ്പത് മക്കളിൽ ഏഴാമനാണ് ഫാ. രാജു അഗസ്റ്റിൻ. രണ്ട് വർഷമുമ്പ് ക്രിസ്മസ് തലേന്നാളിലാണ് ബില്ലിക്ക് വിഷപ്പാമ്പിെൻറ കടിയേറ്റത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാമ്പ് കടി വൃക്കയെ കാര്യമായി ബാധിച്ച് ക്രമേണ പ്രവർത്തനം പൂർണമായും നിലച്ചു. ജീവൻ നിലനിർത്താൻ വൃക്ക ഉടൻ മാറ്റിവെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. വൃക്ക ലഭിക്കാൻ ലക്ഷങ്ങൾ വേണ്ടിവരുന്നത് കുടുംബത്തിന് താങ്ങാവുന്നതായിരുന്നില്ല. ഭാര്യയും രണ്ട് മക്കളുമുള്ള കുടുംബം ഫാ. ഡേവിസ് ചിറമ്മലിനെ സമീപിച്ചു. വൃക്കരോഗികൾക്ക് വൃക്ക നൽകാൻ ആഗ്രഹമുണ്ടെന്ന കാര്യം നേരത്തെ ഫാ. രാജു അഗസ്റ്റിൽ ഫാ. ചിറമ്മലിനോട് പറഞ്ഞിരുന്നു. ചിറമ്മലച്ചെൻറ പ്രവൃത്തി മാതൃകയാക്കണമെന്നതുകൂടിയായിരുന്നു ആഗ്രഹത്തിന് പിറകിൽ. ഫാ. ഡേവീസ് ചിറമ്മൽ വിവരം അറിയിച്ചതോടെ ഫാ. രാജു വൃക്ക നൽകാൻ സമ്മതിച്ചു. പരിശോധിച്ചപ്പോൾ വൃക്ക ബില്ലിയുടെ ശരീരത്തിന് യോജിച്ചതാണെന്ന് മനസ്സിലായി. എറണാകുളം സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച ശേഷം ഇരുവരും ആശുപത്രി വിട്ട് വിശ്രമത്തിലാണ്. നാട്ടിക എസ്.എൻ. കോളജിൽ ഡിഗ്രി പഠനം പൂർത്തീകരിച്ച ഫാ. രാജു ദൈവശാസ്ത്രം പഠിച്ച് 2014 ഡിസംബർ 28 നാണ് മാർ ജേക്കബ് തൂങ്കുഴിയിൽനിന്ന് വൈദ്യപട്ടം സ്വീകരിച്ചത്. എറണാകുളം പാലാരിവട്ടം സെൻറ് ആൻറണീസ് പള്ളിയിൽ അസി. വികാരിയായിരിക്കെ അവിടെ കുട്ടികൾക്കൊപ്പം മട്ടുപ്പാവിൽ പച്ചക്കറി കൃഷി നടത്തി ശ്രദ്ധ നേടിയിരുന്നു. രാജ്യ ഈശോ സഭയുടെ കീഴിലുള്ള കണ്ണൂർ പരിയാരത്തെ ഐ.ആർ.സി ധ്യാനകേന്ദ്രം ഡയറക്ടറായി. പ്രവർത്തന മികവിൽ ഇപ്പോൾ കണ്ണൂർ രൂപതയുടെ കീഴിലുള്ള രണ്ട് വികാരി ജനറൽമാരിൽ ഒരാളായി ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story