Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2018 6:17 AM GMT Updated On
date_range 12 Aug 2018 6:17 AM GMTമതേതരത്വം മരിക്കാൻ അനുവദിക്കരുത് -ബാലചന്ദ്രൻ ചുള്ളിക്കാട്
text_fieldsbookmark_border
തൃശൂർ: വർഗീയതയുടെ രാഷ്ട്രീയം വിജയിച്ചാൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനവും അഭയാർഥികളാവുമെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. ശ്രീകേരളവർമ കോളജിെൻറ സ്ഥാപിത ദിനാഘോഷവും സപ്തതിയാഘോഷങ്ങളുടെ സമാപനവും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മതേതരത്വം തകർത്ത് മതരാഷ്ട്രമാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യത്തിെൻറ ഔദാര്യമുപയോഗിച്ചാണ്. മതത്തിനും പണത്തിനും മേധാവിത്വം നൽകിയിരുന്നവരായിരുന്നില്ല ആദ്യകാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചിരുന്ന മാനേജ്മെൻറുകൾ. അവർ മതപരിവർത്തനം നടത്തിയില്ല. എന്നാൽ, ഇന്ന് മതങ്ങളും സമുദായങ്ങളും കലാലയങ്ങളിൽ അവരുടെ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നു. മതം രാഷ്ട്രീയാധികാരം ലക്ഷ്യമാക്കി പ്രവർത്തിക്കുമ്പോൾ ആധ്യാത്മിക സംഘടനകൾ രാഷ്ട്രീയ സംഘടനയാകും. കലാലയങ്ങളിൽ മതത്തിെൻറയും ജാതിയുടേയും അടിസ്ഥാനത്തിൽ വേർതിരിവും ഭിന്നിപ്പുമുണ്ടാക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. മതേതരത്വം സംരക്ഷിക്കണമെന്നുള്ള ഇന്ത്യൻ ജനതയുടെ സ്വപ്നം മരിക്കാൻ വിദ്യാർഥികൾ അനുവദിക്കരുത്. മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും സംരക്ഷിക്കാൻ രാജ്യത്ത് നടക്കുന്ന പോരാട്ടത്തിൽ വിദ്യാർഥി സമൂഹം അവരുടെ കടമ നിർവഹിക്കണമെന്നും ചുള്ളിക്കാട് പറഞ്ഞു. പ്രിൻസിപ്പൽ ഡോ.കെ. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പൂർവ വിദ്യാർഥികളെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് ഡോ.എം.കെ. സുദര്‍ശന്‍ ആദരിച്ചു. പ്രഫ.ആര്‍. ബിന്ദു, ദേവസ്വം ബോര്‍ഡംഗങ്ങളായ ടി.എന്‍. അരുണ്‍കുമാര്‍, കെ.എന്‍.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന സപ്തതിയാഘോഷ സമാപന ചടങ്ങുകള്‍ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ റദ്ദാക്കിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഉച്ചക്ക് ഒന്നിന് പൂര്‍വ വിദ്യാർഥി സംഘടനയുടെ പ്രഥമ ജനറല്‍ ബോഡി യോഗത്തിന് മാറ്റമില്ല.
Next Story