Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 11:06 AM IST Updated On
date_range 26 April 2018 11:06 AM ISTമനം നിറച്ച് ചെറുപൂരച്ചന്തം
text_fieldsbookmark_border
തൃശൂർ: പൂര മേളത്തിലലിയാൻ ഒഴുകിയെത്തിയ ജനസാഗരം പൂരത്തിൽ അലിഞ്ഞു. നാടുണരും മുമ്പേ വാദ്യമേളങ്ങളുമായി ഗജവീരന്മാർ വീഥികൾ കീഴടക്കിയതോടെ തൃശൂർ പൂരം പെയ്തു തുടങ്ങി. ആചാരത്തിനും പ്രൗഢിക്കും കോട്ടം തട്ടാതെ നാടിെൻറ തുടിപ്പുമായെത്തിയ ചെറുപൂരങ്ങളാൽ ധന്യമാകുന്ന പൂര നഗരിയുടെ പതിവു കാഴ്ചകളാണ് രാവിലെ മുതൽ ദൃശ്യമായത്. എട്ട് ഘടക ക്ഷേത്രങ്ങളിൽനിന്നുള്ള ചെറുപൂരങ്ങൾ ഒന്നിനു പിറകെ ഒന്നായി വരവായതോടെ കൈത്താളവും ആരവവും തീർത്ത് ജനസാഗരവും ഒപ്പം കൂടി. മൂന്നു മുതൽ 14 വരെ ഗജവീരന്മാരെ അണിനിരത്തിയാണ് ചെറുപൂരങ്ങൾ എത്തിയത്. കണിമംഗലം ശാസ്ത ക്ഷേത്രം, കിഴക്കുംപാട്ടുകര പനമുക്കുംപിള്ളി ശ്രീധർമശാസ്ത ക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി ഭഗവതി ക്ഷേത്രം, ചിയ്യാരം പൂക്കാട്ടിക്കര-കാരമുക്ക് ഭഗവതി ക്ഷേത്രം, ലാലൂർ കാർത്യായനി ദേവീ ക്ഷേത്രം, ചൂരക്കോട്ടുകാവ്് ദുർഗാദേവി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ദേവി ക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ നിന്നാണ് ചെറുപൂരങ്ങളെത്തിയത്. തിരുവമ്പാടിയുടെ മഠത്തിൽ വരവിനും പാറമേക്കാവിെൻറ എഴുന്നള്ളത്തിലേക്കും പൂരപ്രേമികളെ വരവേൽക്കുന്നതും വൈവിധ്യം നിറച്ച ഘടകപൂരങ്ങളാണ്. പുലർച്ചെ നാലരയോടെ കണിമംഗലം ശാസ്താവ് ഒരാനപ്പുറത്ത് നാഗസ്വരത്തിെൻറ അകമ്പടിയോടെ വടക്കുന്നാഥ സന്നിധിയിലെത്തിയതോടെയാണ് ചെറു പൂരത്തിന് ആരംഭം കുറിച്ചത്. ചെറുപ്പള്ളശേരി രാജശേഖരനാണ് തിടമ്പേറ്റിയത്. വെളിയന്നൂര്‍ കുളശ്ശേരി ക്ഷേത്രത്തിലെ ഇറക്കിപൂജ കഴിഞ്ഞ് പഞ്ചവാദ്യത്തോടെ രാവിലെ 7.30ന് വടക്കുംനാഥ സന്നിധിയിെലത്തിയപ്പോഴേക്കും പൂരമുണര്‍ന്നു. തെക്കേഗോപുരം കടന്ന് പടിഞ്ഞാറെ ഗോപുരം ഇറങ്ങി ശ്രീമൂലസ്ഥാനത്ത് കലാശംകൊട്ടി 8.30ഓടെ തിരിച്ച് കുളശേരിയില്‍ തന്നെ ഇറക്കി. കണിമംഗലം ശാസ്താവിന് പിറകെ പനമുക്കുംപിള്ളി ശ്രീധർമശാസ്താവ് മൂന്നാനകളും പഞ്ചവാദ്യവും പാണ്ടിമേളവുമായി കിഴക്കേകോട്ടവഴി പാറമേക്കാവിെലത്തിയ ശേഷം വടക്കുന്നാഥെൻറ കിഴക്കേ ഗോപുരം വഴി കടന്നു തെക്കേ ഗോപുരം വഴി പുറത്തുകടന്നു. ചെമ്പുക്കാവ് കാർത്യായനി ദേവിയും കിഴക്കുംപാട്ടുകര പനമുക്കുംപിള്ളി ധർമശാസ്താവും രാവിലെ പുറപ്പെട്ട് കിഴക്കെ ഗോപുരനട വഴി വടക്കുന്നാഥ ക്ഷേത്രത്തിൽ പ്രവേശിച്ചു. ചിയ്യാരം പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി മണികണ്ഠനാൽ പന്തൽ വഴി പടിഞ്ഞാറെ ഗോപുരനട വഴി ക്ഷേത്രത്തിലെത്തി. ലാലൂർ കാർത്യായനി ദേവി, ചൂരക്കോട്ടുകാവ് ദുർഗാദേവി, അയ്യന്തോൾ കാർത്യായനി ദേവി, കുറ്റൂർ നെയ്തലക്കാവ് ഭഗവതി എന്നിവ ഒന്നിനു പിറകെ ഒന്നായി പടിഞ്ഞാറെ നടവഴിയാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. പൂരത്തലേന്ന് രാവിലെ വന്നു തെക്കേ ഗോപുരം തുറന്ന കുറ്റൂർ നെയ്തലക്കാവ് ഭഗവതിയാണ് പൂരത്തിന് അവസാനമെത്തിയതും മടങ്ങിയതും. ദേശങ്ങൾ ഉണര്‍ത്തിയെത്തിയ ചെറുപൂരങ്ങള്‍ പിരിഞ്ഞു പോവുമ്പോഴേക്കും നഗരം ജനസാഗരത്തില്‍ മുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story