തൃശൂരിന്​ ഇനി പൂരക്കാലം; വ്യാഴാഴ്​ച കൊടിയേറും

05:44 AM
17/04/2018
തൃശൂര്‍: വിഷു കഴിഞ്ഞതോടെ തൃശൂരിന് ഇനി പൂരക്കാലം. തൃശൂര്‍ പൂരത്തിന് ഏപ്രിൽ 19ന് കൊടിയേറും. 25നാണ് പൂരം. 23ന് സാമ്പിൾ വെടിക്കെട്ട് നടക്കും. 26ന് ഉപചാരം ചൊല്ലും. കാഴ്ചകൾക്കും വിശേഷങ്ങൾക്കും തൃശൂരിൽ പൂരച്ചൂര് അനുഭവപ്പെട്ടു തുടങ്ങി. സൗരഭ്യം പരത്തി വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് ഇലഞ്ഞി പൂത്തുലഞ്ഞു. കഴിഞ്ഞ വർഷം നേരിയ തോതിൽ പൂത്ത് തുടങ്ങിയിരുന്നുവെങ്കിലും ആദ്യായാണ് ഇലഞ്ഞി മുഴുവനായി പൂക്കുന്നത്. 2006ൽ കനത്ത കാറ്റിലും മഴയിലും ഇലഞ്ഞിമരം കടപുഴകിയ ശേഷം കെ.എഫ്.ആർ.ഐയിൽനിന്ന് എത്തിച്ച് നട്ടുവളർത്തിയ പുതിയ ഇലഞ്ഞിയാണ് ഇപ്പോൾ പൂത്തത്. ഒരാഴ്ച മുമ്പ് പൂത്ത് തുടങ്ങിയ ഇലഞ്ഞിയിൽ നിറയെ പൂക്കളും മൊട്ടുകളുമുണ്ട്. പൂനിറഞ്ഞ ഇലഞ്ഞിയും അത് വീശുന്ന സുഗന്ധവുമാകും ഇത്തവണത്തെ ഇലഞ്ഞിത്തറ മേളത്തിലെ സവിശേഷത. തേക്കിൻകാട്ടിലെ മണികണ്ഠനാലിലെ കണിക്കൊന്ന ആഴ്ചകൾക്ക് മുമ്പേ പൂത്തിരുന്നു. നടുവിലാലിനും നായ്ക്കനാലിനും സമീപത്തെ പൂമരങ്ങളും മഞ്ഞയും ചുവപ്പും പൂക്കളുമായി പൂരത്തെ വരവേൽക്കാനൊരുങ്ങി. സ്വരാജ് റൗണ്ടിലെ പന്തൽ നിർമാണം പകുതിയിലേറെ പിന്നിട്ടു. മാസങ്ങൾക്ക് മുമ്പ് തന്നെ പൂരത്തി​െൻറ അണിയറ ഒരുക്കം ദേവസ്വങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കുടമാറ്റത്തിന് ഉപയോഗിക്കാനുള്ള സ്പെഷൽ കുടകളുടെ നിർമാണം രഹസ്യ കേന്ദ്രങ്ങളിൽ പുരോഗമിക്കുകയാണ്. തലയെടുപ്പുള്ള ആനകളെ എത്തിക്കാനുള്ള ശ്രമത്തിലാണ് ദേവസ്വങ്ങൾ. തിരുവമ്പാടിക്ക് വേണ്ടി ചെറിയ ചന്ദ്രശേഖരനും പാറമേക്കാവിന് വേണ്ടി പത്മനാഭനുമാണ് തിടമ്പേറ്റുക. വെടിക്കെട്ടിന് തടസ്സമുണ്ടാവില്ലെന്നാണ് പ്രതീക്ഷ. എന്നാലും, കഴിഞ്ഞ ദിവസം കറുകുറ്റിയിലെ പള്ളി പ്പെരുന്നാളിനിടെയുണ്ടായ അപകടത്തി​െൻറ പശ്ചാത്തലത്തിൽ പൂരപ്രേമികളും ദേവസ്വങ്ങളും ആശങ്കയിലാണ്. കേന്ദ്ര എക്സ്പ്ലോസീവ്സ് വിഭാഗം കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നു. തൃപ്തിയറിയിച്ചാണ് സംഘം മടങ്ങിയത്. പൂരം ഒരുക്കങ്ങളിലേക്ക് കോർപറേഷനും ജില്ല ഭരണകൂടവും പൊലീസും കടന്നുകഴിഞ്ഞു. സുരക്ഷ ഒരുക്കം പൊലീസ് നേരത്തെ തന്നെ വിലയിരുത്തി.
Loading...
COMMENTS