Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2017 10:37 AM IST Updated On
date_range 23 Sept 2017 10:37 AM ISTകടംവാങ്ങി മത്സരിക്കാൻ പോയി; കൈ നിറയെ മെഡലുമായി മടങ്ങി
text_fieldsbookmark_border
തൃശൂർ: കടം വാങ്ങി ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത പാരാ തൈക്വാൻഡോ താരങ്ങൾ തിരിച്ചെത്തിയത് കൈനിറയെ സ്വർണവും വെള്ളിയുമായി. സർക്കാറിനെയും സ്ഥാപനങ്ങളെയും വ്യക്തികളെയുമെല്ലാം സമീപിച്ച് നിരാശരായതിനാൽ കടം വാങ്ങിയാണ് താരങ്ങൾ ചാമ്പ്യൻഷിപ് നടക്കുന്ന ഹിമാചൽപ്രദേശിലെ റോഹിലിലേക്ക് വണ്ടികയറിയത്. കഴിഞ്ഞ 16,17 തീയതികളിലായിരുന്നു മത്സരം. വനിതയടക്കം പത്തംഗ ടീം രണ്ട് സ്വർണവും മൂന്ന് വെങ്കലവും ഒരു വെള്ളിയുമാണ് നേടിയത്. ഗുരുവായൂർ സ്വദേശി എം.എസ്. സനോജും എറണാകുളം സ്വദേശി റാഫേൽ ജോണുമാണ് സ്വർണം നേടിയത്. വടക്കാഞ്ചേരിയിൽനിന്നുള്ള എം.ആർ. വിനീഷിനാണ് വെള്ളി. മലപ്പുറത്തുകാരായ മുഹമ്മദ് അനസ്, സുജിത എസ്. ബാബു, കോഴിക്കോട് നിന്നുള്ള അബ്ദുൽ മുനീർ എന്നിവർക്ക് വെങ്കലം കിട്ടി. എ.എം. കിഷോറാണ് പരിശീലകൻ. സർക്കാറിനോടും സ്പോർട്സ് കൗൺസിലിനോടും വിവിധ സംഘടനകളോടും സഹായം തേടിയെങ്കിലും ആരും പരിഗണിച്ചില്ല. വിജയിക്കാൻ സാധ്യതയില്ലാത്തവരെന്ന കുറ്റപ്പെടുത്തലോടെയായിരുന്നു അവഗണന. യാത്രയാക്കാൻ പോലും ആരും എത്തിയില്ല. മത്സരത്തിൽ പങ്കെടുക്കണമെന്ന താരങ്ങളുടെ നിശ്ചയദാർഢ്യത്തിൽ കടം വാങ്ങി പുറപ്പെടുകയായിരുന്നു. തൃശൂരിൽനിന്നുള്ള പ്രവാസി കൂട്ടായ്മയായ കെ.പി.ഡബ്ല്യു.എ സഹായത്തിനെത്തി. ഫിസിക്കലി ചലഞ്ചഡ് ഒാൾ കേരള സ്പോർട്സ് അസോസിയേഷെൻറ കീഴിലാണ് താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. കേരളത്തിൽനിന്ന് ആദ്യമായാണ് ഭിന്നശേഷിക്കാരായ തൈക്വാൻഡോ താരങ്ങൾ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. വെള്ളി നേടിയ എം.ആർ. വിനീഷ് വോളിബാളിൽ അന്താരാഷ്ട്ര മെഡൽ ജേതാവും അത്ലറ്റിക്സിൽ ദേശീയ മെഡൽ ജേതാവുമാണ്. ഭിന്നശേഷിക്കാരായ കായിക താരങ്ങളെ സർക്കാർ പരിഗണിക്കണമെന്ന ആവശ്യമാണ് താരങ്ങൾക്കുള്ളത്. തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയ താരങ്ങളെ പാത്ത് ചാരിറ്റബിൾ സൊസൈറ്റിയുെടയും കെ.പി.ഡബ്ല്യു.എയുടെയും നേതൃത്വത്തിൽ സ്വീകരിച്ചു. രക്ഷാധികാരി ഷമീർ ചീരക്കുഴി, ഗ്ലോബൽ ചെയർമാൻ മുബാറക് കാമ്പ്രത്ത്, പ്രസിഡൻറ് അബൂബക്കർ എളനാട്, വൈസ് പ്രസിഡൻറ് ഉമ്മർ വരവൂർ, ജനറല്‍ സെക്രട്ടറി ഫൈസല്‍, ജോ. സെക്രട്ടറി ത്വാഹ ഹമീദ് കേച്ചേരി, പാത്ത് ചെയർമാൻ ലിസ്ജൺ ജോൺ, കെ.ബി. രതീഷ്, കരീം പന്നിത്തടം, ഷെരീഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story