Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 10:31 AM IST Updated On
date_range 22 Sept 2017 10:31 AM ISTറേഷൻ മുന്‍ഗണന പട്ടിക: മാനദണ്ഡം ലംഘിച്ച് പരാതി പരിശോധിക്കുന്നു
text_fieldsbookmark_border
തൃശൂർ: റേഷൻ മുന്‍ഗണന പട്ടികയിൽ ഉൾപ്പെടാത്തവർ നൽകിയ പരാതി മാനദണ്ഡം ലംഘിച്ച് പരിശോധിക്കാൻ പൊതുവിതരണ വകുപ്പിെൻറ ഉത്തരവ്. ഭക്ഷ്യഭദ്രത നിയമം അനുസരിച്ച് തദ്ദേശ ഭരണസ്ഥാപന സെക്രട്ടറി ചെയർമാനായ പരാതി പരിഹാര സമിതി പരിശോധിച്ചാണ് ഇത്തരം പരാതികൾ പരിഹരിക്കേണ്ടത്. എന്നാൽ സമിതിയെ ഒഴിവാക്കി റേഷനിങ് ഇൻസ്പെക്ടർമാരെ നിയോഗിച്ചതായാണ് പുതിയ ഉത്തരവിലുള്ളത്. ഇൻസ്പെക്ടർമാർ റേഷൻകടകളിൽ എത്തി പരാതിക്കാരുമായി കൂടിക്കാഴ്ച്ച നടത്തി പരിഹരിക്കണമെന്നാണ് നിർദേശം. പരാതിക്കാർ നൽകുന്ന വിവരങ്ങൾ വിവിധ വകുപ്പുകളുടെ രേഖകളുമായി ഒത്തുനോക്കി മാത്രമെ പരിഹാരിക്കാനാവൂ എന്നും നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ താലൂക്കുകളിലായി പതിനായിരത്തോളം പരാതികളാണ് നിലവിലുള്ളത്. റേഷൻ കാർഡ് വിതരണം പൂർത്തിയാവുന്നതോടെ ഇത് കൂടും. ഒരു റേഷൻകടയിൽ ചുരുങ്ങിയത് 300 മുതൽ 1500 കാർഡുണ്ടാവും. ഇതിൽ പകുതിയിൽ അധികം പേരും പരാതിക്കാരാണ്. ഇങ്ങനെ വന്നാൽ കൃത്യമായ പരിശോധന നടത്തി പരിഹാരം കാണാൻ മാസങ്ങൾ വേണ്ടിവരും. തദ്ദേശ സ്ഥാപന സെക്രട്ടറി, വില്ലേജ് ഒാഫിസർ, െഎ.സി.ഡി.എസ് ചെയർമാൻ, റേഷനിങ് ഇൻസ്പെക്ടർ എന്നിവർ അടങ്ങിയ കമ്മിറ്റി പരാതി പരിശോധിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ കമ്മിറ്റിയിൽ ഉൾപ്പെട്ട വകുപ്പുകൾ നേരത്തെ ഇതിനെതിരെ നിലകൊണ്ടിരുന്നു. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനെതിരെ വിവിധ വകുപ്പുകൾ രംഗത്തുവന്നതോടെ ലൈഫ് പദ്ധതിക്ക് സംഭവിച്ച ഗതികേടാണ് മുൻഗണന പട്ടികക്കും വരാനിരിക്കുന്നത്. സർക്കാർ-അർധ സർക്കാർ ജീവനക്കാർ, ആദായ നികുതി നൽകുന്നവർ, പ്രതിമാസ വരുമാനം 25,000 രൂപക്ക് മുകളിലുള്ളവർ, പട്ടിക വർഗക്കാെരാഴികെ ഒരേക്കറിൽ അധികം ഭൂമിയുള്ളവർ,1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർ, നാലുചക്ര വാഹനമുള്ളവർ എന്നിവരെ ഒഴിവാക്കാൻ പുതിയ ഉത്തരവിലുണ്ട്. എന്നാൽ ലഭിക്കുന്ന വിവരങ്ങൾ ശരിയാണോയെന്ന് പരിശോധിക്കാൻ റേഷനിങ് ഇൻസ്പെക്ടർമാർക്ക് പരിമിതിയുണ്ട്. പരമ്പരാഗത, അസംഘടിത തൊഴിലാളികളുടെ കുടുംബങ്ങൾ, തദ്ദേശ ഭരണവകുപ്പിെൻറ മാനദണ്ഡപ്രകാരം ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ടവർ, ആശ്രയപദ്ധതിയിൽ അംഗങ്ങളായവർ എന്നിവരെ യോഗ്യതക്ക് അനുസരിച്ച് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്നുണ്ട്. തൊഴിൽ രഹിതർ എന്ന നിലയിൽ മാർക്ക് നൽകുന്നത് കുടുംബനാഥനിലേക്ക് പരിമിതപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story