Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:38 AM IST Updated On
date_range 26 Oct 2017 10:38 AM ISTകോളിൽ കാർമേഘമില്ല; തുലാം പ്രതീക്ഷിച്ച് കർഷകർ
text_fieldsbookmark_border
തൃശൂര്‍: തികഞ്ഞ പ്രതീക്ഷയുണ്ട് ഇത്തവണയും ജില്ലയിെല കോൾകർഷകർക്ക്. പ്രതികൂല സാഹചര്യത്തിലും ഏറെ വിളവു ലഭിച്ച കഴിഞ്ഞ വർഷത്തെ അനുഭവമാണ് കർഷകരെ കൂടുതൽ കർമനിരതരാക്കുന്നത്. ജില്ലയിലെ 30,000 ഏക്കർ കോൾപടവിൽ 5,000ത്തിനും 10,000നും ഏക്കറിനിടയിൽ മുണ്ടകൻ കൃഷി തുടങ്ങി. ബാക്കി പടവുകളിൽ നിലം ഒരുക്കൽ അടക്കം പരിപാടികൾ മുന്നേറുകയാണ്. മണലൂർ, ആൽപ്പാട്, പള്ളിപ്പുറം, ചൊവ്വൂർതാഴം അടക്കം കോൾപടവുകളിൽ കൃഷി തുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടു. ഞാറു നടലും വിത്തുവിതയും പൂര്‍ത്തിയായ കോള്‍നിലങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാവുന്ന തരത്തില്‍ മഴ പെയ്യാത്ത ആശ്വാസത്തിലാണവർ. തുലാവര്‍ഷം കൂടി ആവശ്യത്തിന് കനിഞ്ഞാൽ പേടിക്കാനില്ല. എന്നാൽ, മഴകുറഞ്ഞാലും വെള്ളത്തിന് ഇക്കുറി മുട്ടുണ്ടാവില്ലെന്ന ആത്മവിശ്വാസമുള്ള കർഷകരുമുണ്ട്. കഴിഞ്ഞ വര്‍ഷം തുലാവര്‍ഷം 65 ശതമാനം കുറവായിരുന്നുവെന്നത് ആശങ്കയുളവാക്കുന്നു. തുലാവര്‍ഷത്തിൽ ശരാശരി 480 മില്ലിമീറ്റര്‍ മഴ കിട്ടണം. കാലവര്‍ഷം ശക്തമല്ലാതിരുന്നതിനാല്‍ കോള്‍നിലങ്ങളിലെ കനാലുകളും തോടുകളും പൂര്‍ണതോതില്‍ വെള്ളം നിറയാത്ത നിലയിലാണ്. എന്നാല്‍, തുലാവര്‍ഷത്തില്‍ പെയ്യുന്ന മഴവെള്ളം ഇവയില്‍ സംഭരിച്ചുവയ്‌ക്കാനും യഥേഷ്ടം ഉപയോഗിക്കാനുമാവും. 3,000 മില്ലിമീറ്റര്‍ മഴയാണ് ഒരു വര്‍ഷം ശരാശരി കേരളത്തില്‍ പെയ്യേണ്ടത്. കഴിഞ്ഞ രണ്ടുവര്‍ഷവും ഇതു കുറഞ്ഞത് കടുത്ത വരള്‍ച്ചക്കിടയാക്കിയിരുന്നു. കഴിഞ്ഞ വരള്‍ച്ചയെ തുടർന്ന് നാളികേര ഉൽപാദനത്തില്‍ ഗണ്യമായ കുറവുണ്ടായി. കുരുമുളക് 30 ശതമാനവും തേയില 15 ശതമാനവും ഏലം 40 ശതമാനവും ഉൽപാദനക്കുറവുണ്ടായി. അതേസമയം ജലസംരക്ഷണവും വിനിയോഗവും ശാസ്‌ത്രീയമാക്കിയാല്‍ കൃഷിക്ക് ഉപയോഗിക്കാന്‍ വെള്ളം ഉണ്ടാകുമെന്നാണ് കാര്‍ഷികവിദഗ്‌ധരുടെയും കര്‍ഷകരുടെയും അഭിപ്രായം. കനാലുകളിലും തോടുകളിലും മോട്ടോറുകളുപയോഗിച്ച് വെള്ളം സംഭരിക്കുന്നതാണ് കോള്‍ നിലങ്ങളിലെ പതിവ്. ഇട മുറിയാതെ മഴ പെയ്‌താല്‍ തന്നെ ഇപ്രകാരം വെള്ളം സംഭരിക്കുന്നതിനാല്‍ വിതയ്‌ക്കും നാടിനും കുഴപ്പമില്ല. പാടത്ത് നാലോ അഞ്ചോ ദിവസം വെള്ളം കെട്ടിക്കിടന്നാല്‍പോലും കൃഷിനാശം ഉണ്ടാകില്ലെന്നാണ് കര്‍ഷകരുടെ ഉറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story