Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 10:32 AM IST Updated On
date_range 17 Oct 2017 10:32 AM ISTകർണാടക സംഗീതത്തിലെ 'കലാപകാരി' ഇന്ന് തൃശൂരിൽ
text_fieldsbookmark_border
തൃശൂർ: കർണാടക സംഗീതത്തെ വരേണ്യരുടെ ദന്തഗോപുരങ്ങളിൽ നിന്നിറക്കി സാമൂഹിക ദുരന്തങ്ങൾക്ക് ഇരയായവരുടെയും പണിയെടുക്കുന്നവരുടെയും ഇടയിലേക്ക് ആനയിച്ച സംഗീതജ്ഞൻ ടി.എം. കൃഷ്ണ ചൊവ്വാഴ്ച തൃശൂരിൽ. പത്തുലക്ഷം രൂപയുടെ ഇന്ദിരാഗാന്ധി പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്ര ചിന്തകനും സാഹിത്യ നിരൂപകനും സാംസ്കാരിക വിമർശകനും പ്രഭാഷകനുമായിരുന്ന പ്രഫ. അരവിന്ദാക്ഷെൻറ സ്മരണക്ക് ഏർപ്പെടുത്തിയ 25,000 രൂപയുടെ പുരസ്കാരം സ്വീകരിക്കാൻ 'കർണാടക സംഗീതത്തിലെ കലാപകാരി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃഷ്ണ ഇന്ന് എത്തുന്നത്. ഇൗ കാലഘട്ടത്തിലെ ശ്രദ്ധേയനായ കർണാടക സംഗീതജ്ഞൻ എന്നതിനൊപ്പം വിപുലമായ സാമൂഹിക ഇടപെടലുകൾ നടത്തുന്ന സാംസ്കാരിക-നവരാഷ്ട്രീയ പ്രവർത്തകനാണ് കൃഷ്ണ. സംഗീതത്തിന് ആവശ്യം സാംസ്കാരിക രാഷ്ട്രീയമുള്ള കലാകാരന്മാരെയാണ് എന്ന് പ്രഖ്യാപിച്ച കൃഷ്ണ സാമൂഹിക ഒറ്റപ്പെടൽ നേരിടുന്ന ജനവിഭാഗങ്ങൾക്കൊപ്പം നിലയുറപ്പിച്ചതിലൂടെയും ശ്രദ്ധേയനാണ്. ചെന്നൈ സ്വദേശിയായ ഇൗ 41കാരൻ വിദേശ രാജ്യങ്ങളിലടക്കം രണ്ടായിരത്തോളം കച്ചേരി നടത്തിയിട്ടുണ്ട്. 40 സംഗീത ആൽബങ്ങൾ പുറത്തിറക്കി. സ്ത്രീയവകാശ പ്രശ്നങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ, സങ്കുചിത ദേശീയത തുടങ്ങി വിഷയങ്ങളിൽ രാഷ്ട്രീയമായി ഇടപെടുന്ന ഇൗ സംഗീതജ്ഞൻ ഇൗ വിഷയങ്ങളിൽ ആധികാരികമായ നിരവധി ലേഖനങ്ങൾ എഴിതിയിട്ടുള്ള അറിയപ്പെടുന്ന കോളമിസ്റ്റ് കൂടിയാണ്. ചെന്നൈയിലെ എന്നോർ കടൽ തീരത്തിെൻറ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം പാടി യൂട്യൂബിൽ പുറത്തിറക്കിയ 'പുറേമ്പാക്ക് പാടൽ' കർണാടക സംഗീതത്തെ ദൈവങ്ങളുടെ ഇടയിൽ നിന്നും ഇറക്കിക്കൊണ്ടുവന്ന് മനുഷ്യവത്കരിക്കാനുള്ള വിപ്ലവകരമായ ശ്രമമായി വിശേഷിപ്പിക്കപ്പെടുന്നു. കൽകി കൃഷ്ണമൂർത്തി പുരസ്കാരം, ഇന്ത്യ ടുഡേ യുവപ്രതിഭ പുരസ്കാരം, ചെന്നൈ മ്യൂസിക് അക്കാദമി പുരസ്കാരം, യോഗം നാഗസ്വാമി പുരസ്കാരം, മഗ്സസെ പുരസ്കാരം എന്നിവയും ഇന്ദിരാഗാന്ധി പ്രൈസും ലഭിച്ചിരുന്നു. മുൻ സാംസ്കാരിക മന്ത്രി എം.എ. ബേബി കൃഷ്ണക്ക് അവാർഡ് സമ്മാനിക്കും. 'ക്ലാസിക്കൽ കലകളുടെ ജനാധിപത്യവത്കരണം' എന്ന വിഷയത്തിൽ ഡോ. സുനിൽ പി. ഇളയിടം സ്മാരക പ്രഭാഷണം നടത്തും. സുനിൽ പി.ഇളയിടം രചിച്ച 'ത്യാഗരാജയോഗവൈഭവം' പുസ്തകം ടി.എം. കൃഷ്ണ പ്രകാശനം ചെയ്യും. ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. സമ്മേളനാനന്തരം കൃഷ്ണയുടെ കച്ചേരിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story