Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2017 3:31 PM GMT Updated On
date_range 13 May 2017 3:31 PM GMTതുരങ്ക നിർമാണം അന്തിമഘട്ടത്തിൽ: കോൺക്രീറ്റിങ്ങിനായി പ്രത്യേക പ്ലാൻറ് സ്ഥാപിച്ചു
text_fieldsbookmark_border
പട്ടിക്കാട്: ദേശീയപാത വികസനത്തിെൻറ ഭാഗമായി കുതിരാനിൽ നിർമിക്കുന്ന ഇരട്ട തുരങ്കങ്ങളിൽ ഒന്നിെൻറ ജോലികൾ അവസാനഘട്ടത്തിലേക്ക്. വലതുഭാഗത്ത് ആദ്യം കൂട്ടിമുട്ടിയ തുരങ്കത്തിൽ ഖനനം 95 ശതമാനം പൂർത്തിയായതായി കമ്പനി അധികൃതർ അറിയിച്ചു. കോൺക്രീറ്റിങ്ങും ബലപ്പെടുത്തൽ ജോലികളുമാണ് ഇപ്പോൾ നടക്കുന്നത്. അഴുക്കുചാലുകളുടെ നിർമാണവും പൂർത്തിയായിവരുകയാണ്. കോൺക്രീറ്റിങ് ഒരുമാസത്തിനകം പൂർത്തിയാകും. റോഡ് നിർമാണം, വൈദ്യുതീകരണം ഉൾപ്പെടെ ജോലികളാണ് പിന്നീട് നടത്തുക. രണ്ട് മാസത്തിനുള്ളിൽ ഒരു തുരങ്കത്തിെൻറ ജോലി പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ. തുരങ്കത്തിലേക്കുള്ള പാലത്തിെൻറ നിർമാണവും പുരോഗമിക്കുന്നുണ്ട്. ഇരു തുരങ്കത്തിലേക്കും പരസ്പരം പ്രവേശിക്കാവുന്ന രണ്ട് ഇടനാഴികളുടെ പണിയും പൂർത്തീകരിച്ചു. ജൂണിലോ ജൂലൈയിലോ ഒരെണ്ണം ഗതാഗതത്തിന് തുറന്നുകൊടുക്കാനാകും. സ്പ്രേ രീതിയിലുള്ള കോൺക്രീറ്റിങ്ങാണ് നടക്കുക. ബലപ്പെടുത്താനായി ഇരുമ്പ് പാളികൾ ഘടിപ്പിക്കാത്ത സ്ഥലങ്ങളിലാണ് ഇത്തരം കോൺക്രീറ്റിങ് നടത്തുന്നത്. കോൺക്രീറ്റിങ്ങിനായി കെ.എം.സിയുടെ പ്ലാൻറ് തുരങ്ക നിർമാണ കമ്പനി ഏറ്റെടുത്തിട്ടുണ്ട്. ഇവിടെനിന്ന് കോൺക്രീറ്റ് മിശ്രിതം തുരങ്കത്തിലേക്കെത്തിക്കാനും എളുപ്പമാണ്.രണ്ടാമത് കൂട്ടിമുട്ടിയ തുരങ്കത്തിെൻറ ഖനന പ്രവർത്തനങ്ങളും തുടരുകയാണ്. മൂന്നുമീറ്ററാണ് താഴ്ത്തുന്നത്. മറ്റു തടസ്സങ്ങളില്ലെങ്കിൽ ഒരുമാസത്തിനുള്ളിൽ ഖനനം പൂർത്തിയാക്കും. കുതിരാൻ തുരങ്കത്തിെൻറ രണ്ടാംഘട്ട നിർമാണമായ ഗാൻട്രി കോൺക്രീറ്റിങ്ങാണ് ഇപ്പോൾ നടക്കുന്നത്. ഇരു തുരങ്കവും പൂർണ സജ്ജമാകാൻ നാല് മാസത്തോളമെടുക്കും. ഖനന പ്രവർത്തനം ഏതാണ്ട് പൂർത്തിയായാൽ മറ്റ് അറ്റകുറ്റപ്പണി വേഗത്തിലാക്കാം. രണ്ട് ഷിഫ്റ്റുകളിലായി മുന്നൂറോളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. നിർമാണങ്ങളെല്ലാം തടസ്സമില്ലാതെ നടക്കുന്നതായും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
Next Story