Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 8:07 AM GMT Updated On
date_range 22 Jun 2017 8:07 AM GMTവിടപറഞ്ഞത് കൊച്ചന്നൂരിെൻറ സ്വന്തം ഹമീദാജി
text_fieldsbookmark_border
വടക്കേക്കാട്: കർമജീവിതം കൊണ്ട് ജന്മനാടായ കൊച്ചന്നൂരിന് വലുപ്പം നേടിക്കൊടുത്ത നിരവധി പേരിൽ ഒരാളാണ് കഴിഞ്ഞ ദിവസം വിടപറഞ്ഞ കേശവത്തുപറമ്പിൽ അബ്ദുൽ ഹമീദ് എന്ന നാട്ടുകാരുടെ 'ഹമീദാജി'. എട്ടു പതിറ്റാണ്ട് നീണ്ട ജീവിതം നാട്ടിലും മറുനാട്ടിലും ഒത്തിരി അടയാളങ്ങൾ അവശേഷിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്. അറുപതുകളുടെ അവസാന പാദത്തിലാണ് ഖത്തറിലേക്ക് കപ്പൽ കയറിയത്. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കിടയിൽ വീണുകിട്ടിയ ആശയത്തിലൂടെ ഖത്തറിന് അപരിചിതമായിരുന്ന 'റെൻറ് എ കാർ' ബിസിനസ് സംരംഭത്തിന് തുടക്കമിട്ടു. ഭാര്യാ സഹോദരൻ പങ്കാളിയായ സ്ഥാപനം പിന്നീട് ഖത്തറിലും ബഹ്റൈനിലുമായി പടർന്നു പന്തലിച്ചു. പ്രവാസികളുടെ മക്കൾക്ക് ഇന്ത്യൻ പാഠ്യപദ്ധതിയിൽ പഠിക്കാൻ സ്കൂളില്ലാതെ പ്രയാസപ്പെടുമ്പോഴാണ് 1974ൽ ഹമീദ് ഹാജിയും ഏതാനും സുഹൃത്തുക്കളും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ തുടങ്ങിയത്. കോൺഗ്രസ് അനുകൂല സംഘടനയായ ഇൻകാസ്, ഇന്ത്യൻ കൾച്ചറൽ സെൻറർ, ഐഡിയൽ എജുക്കേഷനൽ സൊസൈറ്റി തുടങ്ങി ഒട്ടേറെ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സാരഥിയായിരുന്നു. പെരുമാറ്റത്തിലെ സൗമ്യത കൊണ്ട് വൻ സൗഹൃദവലയം സൃഷ്ടിച്ചു. കേരളത്തിൽ നിന്നുള്ള മികച്ച ബിസിനസുകാരൻ പ്രവാസി ഭാരതീയ ദിൻ പ്രഥമ പുരസ്കാരം, ഇംഗ്ലണ്ടിലെ ഇൻറർനാഷനൽ ക്വാളിറ്റി ക്രൗൺ അവാർഡ്, വിദ്യാഭ്യാസ പ്രവർത്തനത്തിനുള്ള നെഹ്റു പുരസ്കാരം, കേരള കലാമണ്ഡലം ഗോൾഡൻ അവാർഡ് എന്നിവ ലഭിച്ചു. സാമ്പത്തിക വളർച്ച നേടിയ പലരും ഗ്രാമങ്ങൾ വിട്ട് നഗരങ്ങളിലേക്ക് ചേക്കേറിയപ്പോഴും ഹമീദാജി കൊച്ചന്നൂരുകാരനാകാനാണ് ഇഷ്ടപ്പെട്ടത്. ഒടുവിൽ അന്ത്യവിശ്രമവും കൊച്ചന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Next Story