Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 8:23 AM GMT Updated On
date_range 30 July 2017 8:23 AM GMTയുവതി ഒാേട്ടാറിക്ഷയിൽ പ്രസവിച്ച സംഭവം: ജില്ല വികസന സമിതി റിപ്പോർട്ട് തേടി
text_fieldsbookmark_border
തൃശൂർ: പഴയന്നൂർ വടക്കേത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ലഭിക്കാതിരുന്ന കുമ്പളക്കോട് മാട്ടിൻമുകൾ മലയ കോളനിയിലെ റെജീഷിെൻറ ഭാര്യ സുകന്യക്കുണ്ടായ ദുരനുഭവത്തിൽ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ ജില്ല മെഡിക്കൽ ഓഫിസറെ ജില്ല വികസന സമിതി യോഗം ചുമതലപ്പെടുത്തി. പ്രസവ വേദനയുമായി ആരോഗ്യ കേന്ദ്രത്തിൽ എത്തിയ സുകന്യയെ പ്രവേശിപ്പിക്കാതിരിക്കുകയും തുടർന്ന് ഒാേട്ടാറിക്ഷയിൽ പ്രസവിക്കുകയും ചെയ്തത് 'മാധ്യമ'മാണ് റിപ്പോർട്ട് ചെയ്തത്. ഇക്കാര്യം മനുഷ്യാവകാശ കമീഷൻ സ്വമേധയാ പരിഗണിക്കുകയും ഡി.എം.ഒയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ ന്യായീകരിക്കുന്ന മറുപടിയാണ് മനുഷ്യാവകാശ കമീഷന് ജില്ല മെഡിക്കൽ ഒാഫിസർ നൽകിയത്. മാത്രമല്ല, വിവാദ സംഭവത്തിനു ശേഷവും വടക്കേത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ വിലക്കുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. അശ്വിനി ആശുപത്രിയിലെ നഴ്സുമാരെ പിരിച്ചുവിടുന്ന ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ കലക്ടർ നടപടി എടുക്കണമെന്നും മാന്ദാമംഗലം ഭാഗത്ത് സർക്കാർ നിർദേശിച്ച മാവ്, പ്ലാവ് ഉൾപ്പെടെ 13 മരങ്ങൾ കർഷകർ വെട്ടുന്നത് വനംവകുപ്പ് എതിർക്കുന്നതിനെതിരെ നടപടി വേണമെന്നും കെ. രാജൻ എം.എൽ.എ ആവശ്യപ്പെട്ടു. സർക്കാർ ഓഫിസുകളിലെ ഒഴിവ് ജില്ലാതല ഉദ്യോഗസ്ഥർ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്നും അങ്ങനെ ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ജില്ല വികസന സമിതി ആവശ്യപ്പെട്ടു. പട്ടികജാതി വിഭാഗത്തിനുള്ള കോർപസ് ഫണ്ട് വിനിയോഗത്തിെല വീഴ്ചയെക്കുറിച്ച് വിശദമായ റിപ്പോർട്ട് അടുത്ത ജില്ല വികസന സമിതിക്ക് മുമ്പ് നൽകണമെന്നും വീഴ്ച പരിശോധിക്കാൻ പ്രത്യേക യോഗം ചേരണമെന്നും പി.കെ. ബിജു എം.പി ഉന്നയിച്ചു. താലൂക്ക് ആസ്ഥാനമായ വടക്കാഞ്ചേരി റൂട്ടിൽ നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസുകൾ പുനഃസ്ഥാപിക്കണമെന്നും തൃശൂർ-ഒറ്റപ്പാലം റൂട്ടിൽ പ്രഖ്യാപിച്ച ചെയിൻ സർവിസ് തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അകമല വനമേഖലയിലെ ചന്ദനമോഷണം തടയാൻ നടപടി വേണം. സംസ്ഥാനപാത 22ൽ വാഴക്കോട് മുതൽ വിയ്യൂർ വരെയുള്ള ഭാഗങ്ങളിലെ കുഴികൾ അടക്കണം. തലപ്പിള്ളി താലൂക്കിൽ തുടർച്ചയായുണ്ടാകുന്ന ഭൂചലനങ്ങൾ സംബന്ധിച്ച് സമഗ്രപഠനവും പ്രഭവകേന്ദ്രം കണക്കാക്കി ഭൂകമ്പമാപിനിയും പുനഃസ്ഥാപിക്കണം. അടാട്ട് ഗ്രാമപഞ്ചായത്തിലെ ചിറ്റിലപ്പിള്ളി ദേശത്തെ 54 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ അടിയന്തര നടപടി വേണമെന്നും എം.പി ആവശ്യപ്പെട്ടു. കാലവർഷം ശകതമായതിനെത്തുടർന്ന് ദേശീയപാത 17ൽ, പ്രത്യേകിച്ച് ചാവക്കാട്-ചേറ്റുവ റോഡ്, മണത്തല, എടക്കഴിയൂർ ഭാഗങ്ങളിൽ വലിയ കുഴികളുണ്ടായത് അടിയന്തരമായി അടച്ച് ഗതാഗത തടസ്സം ഒഴിവാക്കണമെന്ന് പ്രമേയത്തിലൂടെ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ആവശ്യപ്പെട്ടു. ജില്ല സഹകരണ ബാങ്ക് നടത്തിയ അദാലത്ത് വഴി പണം അടച്ചവരുടെ ആധാരം എത്രയും വേഗം തിരിച്ചു നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. റേഷൻ കാർഡ് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള അപേക്ഷ പഞ്ചായത്തുകൾ തോറും സ്വീകരിക്കണം. താലൂക്ക് സപ്ലൈ ഓഫിസുകളിലെ വൻതിരക്ക് ഇതുവഴി ഒഴിവാക്കാനാവുമെന്ന് യു.ആർ. പ്രദീപ് എം.എൽ.എ ചൂണ്ടിക്കാട്ടി. പട്ടികജാതി-പട്ടികവർഗക്കാരുടെ ആനുകൂല്യങ്ങൾ മറ്റുള്ളവർ കൈപ്പറ്റുന്നതിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചാലക്കുടിയിലെ പൊതുസ്ഥലം കൈയേറ്റം, ഡി സിനിമാസിെൻറ റീസർവേ, പട്ടയം എന്നിവ സംബന്ധിച്ച നിജസ്ഥിതി ബി.ഡി. ദേവസി എം.എൽ.എ ആരാഞ്ഞു. മണ്ണ് പരിശോധന ലാബിന് പുതിയ കെട്ടിടം ഉണ്ടായ നിലക്ക് മറ്റു വകുപ്പുകൾക്ക് നൽകാൻ ചാലക്കുടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ലാബ് മാറ്റാൻ നടപടി ഉണ്ടാകണമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു. പുള്ള്, മനക്കൊടി ഭാഗത്ത് സർവിസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് നിർത്തിയത് പുനരാരംഭിക്കണമെന്നും പാണഞ്ചേരി ഫാമിൽ നെൽകൃഷി നടത്താൻ അവിടെയുള്ള കിണർ സംരക്ഷിക്കണമെന്നും ദേശീയപാതയോരത്തെ കാനയുടെ പണിപൂർത്തിയാക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ ആവശ്യപ്പെട്ടു. കർഷകരിൽ നിന്ന് നെല്ല് വാങ്ങുമ്പോൾ കൃത്യമായ രസീത് അവർക്ക് നൽകണം. ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു. ഗീതാഗോപി എം.എൽ.എ, കലക്ടർ ഡോ.എ. കൗശിഗൻ, എ.ഡി.എമ്മിെൻറ ചുമതല വഹിക്കുന്ന സി.വി. സജൻ, അസി.കലക്ടർ ഡോ.വിനയ് ഗോയൽ, ജില്ല പ്ലാനിങ് ഓഫിസർ യു. ഗീത എന്നിവർ പങ്കെടുത്തു. രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ പി.കെ. ബിജു എം.പിയെയും ദേശീയ തലത്തിൽ മികച്ച അക്ഷയ സംരംഭകക്കുള്ള രണ്ടാംസ്ഥാനം നേടിയ വരവൂർ പഞ്ചായത്തിലെ റംഷീദയെയും യോഗം അനുമോദിച്ചു. അടുത്തമാസം 139 ഓണച്ചന്തകൾ കൃഷി വകുപ്പും 12 ഇടങ്ങളിൽ ഓണം കയർമേള കയർ വികസന വകുപ്പും ആരംഭിക്കുമെന്ന് വകുപ്പ് മേധാവികൾ അറിയിച്ചു.
Next Story