Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 9:18 AM GMT Updated On
date_range 26 July 2017 9:18 AM GMTഅറ്റകുറ്റപ്പണി ഇഴയുന്നു; പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് മൂന്ന് മാസമായി വരാന്തയിൽ
text_fieldsbookmark_border
തൃശൂർ: അറ്റകുറ്റപ്പണി ഇഴയുന്നതു മൂലം മൂന്ന് മാസമായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് പ്രവർത്തിക്കുന്നത് കലക്ടറേറ്റിലെ വരാന്തയിൽ. കനത്ത കാറ്റിലും മഴയിലും ജോലിയെടുക്കാനാവാതെ ജീവനക്കാർ വലയുന്നു. ജില്ലയിലെ 86 പഞ്ചായത്തുകളിലേതുൾപ്പെടെയുള്ള രണ്ട് ലക്ഷത്തോളം പദ്ധതികളുടെ രേഖകൾ വരാന്തയിലാണ് സൂക്ഷിച്ചിട്ടുള്ളത്. മഴ വെള്ളം നനഞ്ഞ് പല ഫയലുകളും നശിക്കുകയാണ്. കലക്ടറേറ്റിലെ രണ്ടാംനിലയിൽ പബ്ലിക് റിലേഷൻസ് ഓഫിസിന് സമീപമാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ്. നാൽപതോളം ജീവനക്കാരാണ് ഇവിടെയുള്ളത്. ഓഫിസിെൻറ അറ്റകുറ്റപ്പണി ഏറക്കാലമായി പരിഗണനയിലായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് പണി തുടങ്ങിയത്. ആഴ്ചകൾക്കൊണ്ട് തീർക്കാനായിരുന്നു തീരുമാനം. എന്നാൽ, പ്രവൃത്തികൾ ഇപ്പോഴും ഇഴയുകയാണ്. പതിമൂന്നാം പദ്ധതി പ്രവൃത്തികളും അടിയന്തര പ്രാധാന്യമനുസരിച്ച് ഇതര പ്രവൃത്തികളുമായി ഓഫിസ് തിരക്കിലമർന്ന നേരത്താണ് പ്രവൃത്തി തുടങ്ങിയത്. എങ്കിലും തിടുക്കത്തിൽ പൂർത്തിയാക്കി ഓഫിസ് പ്രവർത്തനം തുടങ്ങാമെന്നായിരുന്നു ധാരണ. ഇതനുസരിച്ചാണ് ഓഫിസിലെ അലമാരകൾ, മേശകൾ, ഫയലുകൾ എന്നിവ വരാന്തയിലേക്ക് മാറ്റിയത്. ആദ്യ ആഴ്ചകളിൽ പ്രവൃത്തി കാര്യമായി നടന്നില്ല. അതോടെയാണ് ഓഫിസ് പ്രവർത്തനവും വരാന്തയിലേക്ക് മാറ്റിയത്. മഴക്കാലത്തിന് മുമ്പ് പ്രവൃത്തി പൂർത്തിയാകുമെന്ന് കരുതിയെങ്കിലും അതും നടന്നില്ല. നവീകരണം പുരോഗമിക്കുന്നുണ്ടെങ്കിലും എന്നേക്ക് ഒാഫിസ് പുനഃസ്ഥാപിക്കാമെന്നതിനെപ്പറ്റി അധികൃതർക്ക് ഇപ്പോഴും വ്യക്തതയില്ല. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ അപ്പലേറ്റ് അധികാരിയാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ. വിവരാവകാശ പ്രകാരമുള്ള കത്തുകളും പദ്ധതികളും ഉൾപ്പെടെ ചെറുതും വലുതുമായ നിരവധി ഫയലുകളാണ് ഓഫിസിന് പരിശോധിക്കാനുള്ളത്. കലക്ടറേറ്റ് വളപ്പിൽ പ്രവർത്തിക്കുന്ന ജില്ല ആസൂത്രണഭവൻ കെട്ടിടം പഞ്ചായത്തുകളിൽനിന്നുള്ള പണം സ്വീകരിച്ചാണ് നിർമിച്ചത്. ഇവിടെ താഴെ ഹാളും ആദ്യ നിലയിൽ ഓഫിസുകളും പ്രവർത്തിക്കാനാവും. ഇവിടെ നിലവിൽ ടൗൺ പ്ലാനിങ് വിഭാഗം പ്രവർത്തിക്കുന്നുണ്ട്.
Next Story