Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:05 AM GMT Updated On
date_range 24 July 2017 8:05 AM GMTപിതൃപുണ്യം തേടി പഞ്ചവടി വാ കടപ്പുറത്ത് ആയിരങ്ങളെത്തി
text_fieldsbookmark_border
ചാവക്കാട്: കർക്കടക വാവുദിനത്തിൽ പിതൃതർപ്പണത്തിനായി പഞ്ചവടി വാ കടപ്പുറത്ത് ആയിരങ്ങളെത്തി. ഞായറാഴ്ച പുലർച്ചെ രണ്ടിന് ആരംഭിച്ച ബലിയിടൽ കർമങ്ങൾ രാവിലെ 10 വരെ നീണ്ടു. ശനിയാഴ്ച രാത്രിയോടെ തന്നെ നിരവധി പേർ എടക്കഴിയൂർ പഞ്ചവടി ശങ്കരനാരായണ ക്ഷേത്രപരിസരത്ത് എത്തിയിരുന്നു. ഇവർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ക്ഷേത്രപരിസരത്ത് ഒരുക്കിയിരുന്നു. തിരക്ക് ഒഴിവാക്കാനായി കടപ്പുറത്ത് ഒരുക്കിയ യജ്ഞശാലയിലേക്ക് വരാൻ പ്രത്യേക കൗണ്ടർ നിർമിച്ചതിനാൽ തിരക്ക് നിയന്ത്രണവിധേയമാക്കാനായി. യജ്ഞശാലക്ക് സമീപം ബാരിക്കേഡും നിർമിച്ചു. ഒരേസമയം ആയിരം പേർക്ക് ബലിയിടാനുള്ള സൗകര്യമൊരുക്കിയ യജ്ഞശാല രണ്ട് വിഭാഗമായി വേർതിരിച്ചതിനാൽ ഒരിടത്ത് ബലികർമങ്ങൾ തീരുന്ന മുറക്ക് മറ്റിടത്ത് തുടങ്ങാനായി. തുടർന്ന് ബലികർമങ്ങൾ പൂർത്തിയായവരുടെ സംഘം പിതൃതർപ്പണത്തിനായി കടൽത്തീരത്തേക്കു പോയി പിണ്ഡം കടലിലൊഴുക്കി. ക്ഷേത്രം മേൽശാന്തി സിബിലാലിെൻറ മുഖ്യകാർമികത്വത്തിൽ 15 ശാന്തിമാരും 50 പരികർമികളും പിതൃതർപ്പണത്തിന് നേതൃത്വം നൽകി. വാഹനങ്ങൾക്കായി മൂന്ന് പാർക്കിങ് ഗ്രൗണ്ടുകൾ ഒരുക്കിയിരുന്നു. ബലിയിടാനെത്തുന്നവരുടെ സാധനങ്ങൾ സൂക്ഷിക്കുന്നതിനായി ക്ലോക്ക് റൂമും വസ്ത്രം മാറാനായി പ്രത്യേക മറയും ഒരുക്കി. ബലിയിടൽ ചടങ്ങിന് ശേഷം ശുദ്ധജലത്തിൽ കുളിക്കാനായി ഷവർ ഉൾപ്പെടെയുള്ള സംവിധാനവും യജ്ഞശാലക്ക് സമീപം ക്ഷേത്രഭാരവാഹികൾ ഏർപ്പാടുചെയ്തു. ചാവക്കാട് സി.ഐ കെ.ജി. സുരേഷ്, എസ്.ഐ എം.കെ. രമേഷ് എന്നിവരുടെ നേതൃത്വത്തിൽ കനത്ത പൊലീസ് സുരക്ഷയും കടപ്പുറത്ത് ഒരുക്കിയിരുന്നു. പിണ്ഡമൊഴുക്കാനായി കടലിലിറങ്ങുന്നവരുടെ സുരക്ഷക്കായി അഗ്നിശമനസേന വിഭാഗവും ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് സർവിസ്, എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് സർവിസ് എന്നിവരുടെ പ്രവർത്തകരും ഉണ്ടായിരുന്നു. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ വാക്കയിൽ വിശ്വനാഥൻ, കോങ്കണ്ടത്ത് വിശ്വംഭരൻ, ടി.എ. അർജുനൻ സ്വാമി എന്നിവർ ബലിയിടൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Next Story