Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:49 AM GMT Updated On
date_range 4 July 2017 8:49 AM GMTപുതുക്കാട് മണ്ഡലത്തില്‍ മഞ്ഞള്‍ വനം പദ്ധതി
text_fieldsbookmark_border
കൊടകര: 'കദളീവനം' മാതൃകയിൽ പുതുക്കാട് മണ്ഡലത്തില്‍ 'മഞ്ഞള്‍വനം' പദ്ധതിക്ക് തുടക്കമായി. അഞ്ചുവര്‍ഷം കൊണ്ട് 30,000 ടണ്‍ മഞ്ഞള്‍ ഉൽപാദനമാണ് ലക്ഷ്യം. സംസ്ഥാനത്തെ ഔഷധ നിര്‍മാണത്തിനാവശ്യമായ മഞ്ഞള്‍ ജൈവകൃഷിയിലൂടെ ഉൽപാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. സുസ്ഥിര പുതുക്കാട് വികസനപദ്ധതിക്ക് കീഴിലാണ് മഞ്ഞള്‍വനം പദ്ധതി. കുടുംബശ്രീ മിഷെൻറ സഹകരണത്തോടെ ആരംഭിച്ച പദ്ധതി മറ്റത്തൂരിലെ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ഏറ്റെടുത്ത് നടപ്പാക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ തൃക്കൂര്‍ പഞ്ചായത്തിലെ പൊന്നൂക്കരയിൽ വിത്ത് ഉൽപാദിപ്പിക്കാനുള്ള കൃഷിക്ക് തുടക്കം കുറിച്ചു. ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത 'പ്രതിഭ' എന്ന മഞ്ഞള്‍ ഇനമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കിലോക്ക് 65 രൂപ വിലവരുന്ന മൂന്നു ടണ്‍ മഞ്ഞള്‍വിത്താണ് ആദ്യഘട്ടത്തില്‍ കൃഷി ചെയ്യുന്നത്. ജൈവരീതിയിലാണ് വിത്തുൽപാദനം നടത്തുന്നതെന്ന് കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്ന ആലേങ്ങാട് സ്വദേശി സോളമന്‍ പറഞ്ഞു. അടുത്ത മാര്‍ച്ചില്‍ ഇതിെൻറ വിളവെടുപ്പ് നടത്തുമ്പോള്‍ 60 ടണ്‍ വിത്ത് സംഭരിക്കാനാകും. കുടുംബശ്രീക്ക് കീഴിലെ 500 ഓളം വരുന്ന തൊഴിൽ ഗ്രൂപ്പുകളിലെ അംഗങ്ങളാണ് മഞ്ഞള്‍ കൃഷി ചെയ്യുന്നത്. ഏകദേശം 2500 പേര്‍ക്ക് പദ്ധതിവഴി നേരിട്ട് തൊഴില്‍ ലഭിക്കും. ക്രമേണ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും തുടര്‍ന്ന് ഇടുക്കി, വയനാട് ജില്ലകളിലേക്കും വ്യാപിക്കുമെന്ന് മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രസിഡൻറ് എ.കെ.സുകുമാരന്‍ പറഞ്ഞു. 2019 ആകുമ്പോഴേക്കും ഉൽപാദനം 2000 ടണ്‍ ആകും. പദ്ധതിക്കാവശ്യമായ വിത്തുൽപാദനം, പദ്ധതി പ്ലാൻ, സംഭരണം ,വിപണനം എന്നിവക്ക് മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘമാണ് മേല്‍നോട്ടം വഹിക്കുന്നത്. ആദ്യഘട്ടത്തില്‍ ആവശ്യമായ വിത്ത് ഉല്‍പാദിപ്പിക്കും. കര്‍ഷകര്‍ക്ക് മൂന്നിലൊന്നു വിലയ്ക്ക് ലഭ്യമാക്കാനാകും. രണ്ടാംഘട്ടത്തില്‍ കൃഷി ചെയ്യുന്നതിനുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് അവര്‍ക്ക് വിത്ത് വിതരണം ചെയ്യും. തുടര്‍ന്ന് ഒപ്പുെവച്ചിട്ടുള്ള ആയുര്‍വേദ കമ്പനികള്‍ക്ക് ആവശ്യമായ അളവില്‍ വിപണനം നടത്തും. ഔഷധി ഉൾപ്പെടെ കേരളത്തിലെ പ്രധാനപ്പെട്ട അഞ്ച് ഒൗഷധ നിര്‍മാണക്കമ്പനിയുമായി മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സഹ.സംഘം കരാർ ഒപ്പുവെച്ചിട്ടുണ്ട്.
Next Story