Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 8:11 AM GMT Updated On
date_range 9 Aug 2017 8:11 AM GMTകാട്ടാനകളെ അകമല വനത്തിൽ കയറ്റാൻ ശ്രമം
text_fieldsbookmark_border
തൃശൂർ: ചൊവ്വാഴ്ച തൃശൂർ ജില്ലയുടെ അതിർത്തിയിലെത്തിയ കാട്ടുകൊമ്പന്മാരെ തിരിച്ച് കാട്ടിൽ കയറ്റുന്ന കാര്യം വനംവകുപ്പിന് തലവേദനയായി. പടക്കം പൊട്ടിച്ചും തീ കത്തിച്ചും മറ്റും നടത്തുന്ന പ്രയോഗങ്ങളോട് മൂന്ന് ആനകളും പ്രതികരിക്കുന്നില്ല. വനപാലകരുടെയും പൊലീസിെൻറയും നേതൃത്വത്തിൽ നാട്ടുകാർ ശ്രമം ആരംഭിച്ചു. കാട്ടാനകൾ പുറപ്പെട്ട സ്ഥലമായ ഏതാണ്ട് 70 കിലോമീറ്ററോളം അകലെയുള്ള വാളയാർ കാട്ടിലേക്ക് പറളി മങ്കര വഴി വനമേഖലയിൽ കയറ്റിവിടാനായിരുന്നു പാലക്കാട് ജില്ലയിലെ വനപാലകരുടെ ശ്രമം. തിരുവില്വാമല ഭാഗത്തെത്തിയ ആനകൾ പടക്കം പൊട്ടിച്ചതോടെ എതിർദിശയിൽ ഒറ്റപ്പാലം മീറ്റ്ന ഭാഗത്തേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് പുഴയിലേക്കിറങ്ങി. തോണിയിൽ പിന്തുടർന്ന് പുഴയിലൂടെ ലക്കിടി ഗേറ്റിന് സമീപം വരെ ഇവയെ എത്തിച്ചെങ്കിലും ഇരുട്ടായതോടെ ഈ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. അതോടെ കാട്ടാനക്കൂട്ടം വീണ്ടും പുഴയിൽനിന്ന് തിരിച്ച് മലാറ, പാമ്പാടി ഭാഗത്തേക്ക് കയറി. ഇതോടെ കാട്ടാനകളെ നാടുകടത്തിയെന്ന് ആശ്വസിച്ച നാട്ടുകാർ വീണ്ടും ഭീതിയിലായി. രാത്രി വൈകിയും ആനകളെ തുരത്താൻ തയാറായി നാട്ടുകാരും പൊലീസും വനം ഉദ്യോഗസ്ഥരും ജാഗ്രതയിലാണ്. അതിനിടെയാണ് അവ കൂട്ടം തെറ്റുകയും ഒന്നിനെ കാണാതാവുകയും ചെയ്തത്. ഇതോടെ പ്രേദശവാസികൾ ഭീതിയിലായി. കൂട്ടത്തിലൊന്നിനെ ജനവാസ മേഖലയായ പാമ്പാടി വി.കെ.എൻ നഗറിനടുത്ത് കണ്ടതായി നാട്ടുകാർ പറയുന്നു. ഭാരതപ്പുഴ നീന്തിക്കടന്നാൽ സന്ധ്യയോടെ തിരുവില്വാമലയിലെത്തിയ കാട്ടാനകളെ വടക്കാഞ്ചേരിയിലെ അടമല വനത്തിലേക്ക് കയറ്റിവിടാമെന്നാണ് അധികൃതർ കരുതുന്നത്. വാളയാർ കാട്ടിലേക്ക് കാട്ടാനക്കൂട്ടത്തെ തിരിച്ചുകയറ്റുക പ്രായോഗികമല്ലെന്നാണ് വനംവകുപ്പ് വിലയിരുത്തൽ. തിരിച്ച് വാളയാർ കാട്ടിലെത്തിക്കണമെങ്കിൽ ജനവാസമേഖലയിലൂടെ കൊണ്ടുപോകണം. തുരത്തുമ്പോൾ ഇവ ആക്രമണകാരികളാകുമോ എന്ന ഭയം മൂലമാണ് അധികൃതർ ഇതിന് മുതിരാത്തത്. പുഴയുടെ മറുകരയിൽ സർവസന്നാഹങ്ങളുമായി തൃശൂരിൽനിന്നുള്ള വനം അധികൃതരും നിലയുറപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുഴയിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ കാണാൻ നിരവധി പേരെത്തി. ആനക്കൂട്ടം പുഴയിൽത്തന്നെ നിലയുറപ്പിക്കുന്നത് ഇവിടത്തുകാരുടെ ഉറക്കം കെടുത്തുന്നുണ്ട്. തുരത്താൻ സർവസന്നാഹങ്ങളും ഒരുക്കിയതായി അധികൃതർ അറിയിച്ചു.
Next Story