Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഞ്ചാരികള്‍ക്ക്...

സഞ്ചാരികള്‍ക്ക് സ്വാഗതം; ‘പച്ചപ്പരവതാനി’ ഒരുങ്ങി

text_fields
bookmark_border
തൃശൂര്‍: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വേകി ‘ഗ്രീന്‍ കാര്‍പ്പെറ്റ്’ പദ്ധതി തുടങ്ങി. ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താനുതകുംവിധം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും സുസ്ഥിര പരിപാലനം ഉറപ്പുവരുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കും. സര്‍ക്കാറിന്‍െറ വിനോദസഞ്ചാര നയത്തിന്‍െറ ഭാഗമായി വിലങ്ങന്‍കുന്ന്, പീച്ചി, വാഴാനി, പൂമല, സ്നേഹതീരം ബീച്ച്, തുമ്പൂര്‍മുഴി റിവര്‍ ഗാര്‍ഡന്‍, അതിരപ്പിള്ളി എന്നിവിടങ്ങളിലാണ് ടൂറിസം വകുപ്പ് പദ്ധതി ആദ്യം നടപ്പാക്കുക. അടിസ്ഥാനസൗകര്യ വികസനം, വൃത്തിയുള്ള ശുചിമുറികള്‍, ഗുണനിലവാരമുള്ള ഭക്ഷണം, ശുചിത്വം, മാലിന്യ നിര്‍മാര്‍ജനം, നടപ്പാത, സഞ്ചാരികളുടെ സുരക്ഷ എന്നിവയാണ് പദ്ധതിയിലൂടെ ഉറപ്പാക്കുക. പഞ്ചായത്ത്, കുടുംബശ്രീ, സ്കൂള്‍, കോളജ്, എന്‍.എസ്.എസ് യൂനിറ്റുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഭിന്നശേഷിയുള്ളവര്‍ക്ക് സൗകര്യങ്ങള്‍, സൂചനാ ബോര്‍ഡുകള്‍, ടൂറിസം കേന്ദ്രങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കാന്‍ സൗകര്യം എന്നിവയും ഒരുക്കും. ടാക്സി, ഓട്ടോ ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, ഹോട്ടല്‍ ജീവനക്കാര്‍ തുടങ്ങി വിനോദസഞ്ചാരികളുമായി ബന്ധപ്പെടുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ടൂറിസം കേന്ദ്രങ്ങളിലെ തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, ജലസേചന, കെ.എസ്.ഇ.ബി, വനം, പൊലീസ്, കുടുംബശ്രീ, സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍, വിനോദസഞ്ചാര രംഗത്തുള്ളവര്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ടാസ്ക് ഫോഴ്സിന്‍െറയും നിരീക്ഷണ സമിതിയുടെയും നേതൃത്വത്തിലാണ് ‘ഗ്രീന്‍ കാര്‍പ്പെറ്റ്’ നടപ്പാക്കുക. പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സ് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തും. ഒപ്പം ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളുന്ന ജില്ലാതല നിരീക്ഷണ സമിതിയും കലക്ടറുടെ നേതൃത്വത്തില്‍ രൂപവത്കരിക്കും. ആദ്യഘട്ട പ്രവര്‍ത്തനമെന്ന നിലക്ക് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ ജനപങ്കാളിത്തത്തോടെ വൃത്തിയാക്കും. ജില്ലാ ‘ക്ളീന്‍ ഡെസ്റ്റിനേഷന്‍ കാമ്പയിന്‍’ ശനിയാഴ്ച തുമ്പൂര്‍മുഴിയില്‍ ബി.ഡി. ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS
Next Story