Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2016 5:17 PM IST Updated On
date_range 10 Jun 2016 5:17 PM ISTമഴക്കാലപൂര്‍വ ശുചീകരണം: സാങ്കേതികതടസ്സം വേണ്ട; വെടിപ്പാകണം നാട്
text_fieldsbookmark_border
തൃശൂര്‍: തൃശൂര്‍ മണ്ഡലത്തിലെ മഴക്കാലപൂര്‍വ ശുചീകരണ പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലയുടെ ചുമതലയുള്ള കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിന്‍െറ കര്‍ശന നിര്‍ദേശം. യോഗത്തില്‍ പരാതികളുമായി കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും പൊലീസും അഗ്നിശമന സേനയും എത്തി. മഴക്കാലമത്തെിയിട്ടും കുടിവെള്ളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതും കിട്ടുന്ന വെള്ളത്തിന്‍െറ ഗുണമേന്മേയും സംബന്ധിച്ച പരാതികളുമായി കോട്ടപ്പുറം വാര്‍ഡ് കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ് തുടങ്ങിവെച്ച ചര്‍ച്ച പിന്നീട് വന്നവരും അതേ വഴിക്കാണ് കൊണ്ടുപോയത്. ഇതിന് വാട്ടര്‍ അതോറിറ്റി അസി.എക്സി.എന്‍ജിനീയര്‍ ലളിത സാങ്കേതിക വാദങ്ങള്‍ നിരത്തി മറുപടി നല്‍കിയതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. സാങ്കേതിക വശങ്ങള്‍ ജനങ്ങള്‍ക്ക് അറിയേണ്ടതല്ളെന്ന് താന്‍ മുമ്പ് പറഞ്ഞതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സാങ്കേതിക തടസ്സങ്ങള്‍ വകുപ്പുകളും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പരിഹരിക്കണം. ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കണമെന്നും അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നും മന്ത്രി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പൊതുമരാമത്ത് വകുപ്പിന്‍െറ അലസത വിമര്‍ശത്തിന് വിധേയമായി. റോഡ് തകര്‍ച്ച, റോഡിലേക്ക് അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ തുടങ്ങിയവ വകുപ്പിനെതിരായ പരാതിയായി വന്നു. അപകടകാരിയായ മരങ്ങള്‍ മുറിച്ചു നീക്കുന്നതുള്‍പ്പെടെ ഉയര്‍ന്ന ആവശ്യങ്ങളില്‍ അടിയന്തര പരിഹാരത്തിന് മന്ത്രി നിര്‍ദേശം നല്‍കി. നഗരത്തിലെ രൂക്ഷ ഗതാഗതക്കുരുക്കും അപകടാവസ്ഥയിലായ തകര്‍ന്ന റോഡുകളുമായിരുന്നു ഈസ്റ്റ് സി.ഐ ബിജു പൊലീസിന്‍െറ പക്ഷത്തുനിന്ന് ഉന്നയിച്ചത്. ദിവാന്‍ജി മൂലയിലും നായ്ക്കനാലിലുമുള്ള മാന്‍ഹോളുകള്‍ ഏറെ അപകടമുണ്ടാക്കുന്നതാണെന്നും കോര്‍പറേഷന്‍ അടിയന്തരമായി ശ്രദ്ധിക്കണമെന്നും സി.ഐ ആവശ്യപ്പെട്ടു. റോഡിന്‍െറ അറ്റകുറ്റപ്പണി പൂര്‍ത്തിയാവും മുമ്പ് വെട്ടിപ്പൊളിക്കും. കുഴി നികത്തി പേരിന് ടാറിട്ടത് അടുത്ത മഴയില്‍ കുഴിയാകും. ഇത് ഒഴിവാക്കി റോഡില്‍ നടക്കുന്ന പ്രവൃത്തികള്‍ സംബന്ധിച്ച് ഒരു വര്‍ഷത്തെ പദ്ധതി തയാറാക്കിയാല്‍ ഫലപ്രദമാവുമെന്ന് സി.ഐ നിര്‍ദേശിച്ചു. കോര്‍പറേഷനും പൊതുമരാമത്ത് വകുപ്പും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഗതാഗത പ്രശ്ന പരിഹാരത്തിന് യോഗം വിളിച്ചു ചേര്‍ക്കാമെന്നും മന്ത്രി പറഞ്ഞു. മഴക്കാലത്ത് നഗരത്തിലെ ഗതാഗത ക്കുരുക്ക് നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ സഹായാഭ്യര്‍ഥന നേരിടുന്ന അഗ്നിശമന സേനാ വിഭാഗമാണ് തൃശൂരിലേതെന്നും വിപുലമായ പ്രവര്‍ത്തന പരിധിക്കൊത്ത് ജീവനക്കാര്‍ ഇല്ലാത്തത് പ്രശ്നമാകുന്നുണ്ടെന്നും ഫയര്‍ ഓഫിസര്‍ ലാസര്‍ ചൂണ്ടിക്കാട്ടി. മഴക്കാലത്ത് മരങ്ങള്‍ വീണുണ്ടാകുന്ന അപകടത്തിന് രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നഗരത്തിലെ ഇടവഴികളില്‍ അടിയന്തരാവശ്യത്തിന് കടന്നു പോകാന്‍ കഴിയാത്ത വിധം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. പതിവ് അപകട മേഖലയായ മണ്ണുത്തി ദേശീയപാതയോട് ചേര്‍ന്ന് മാടക്കത്തറ, പാണഞ്ചേരി പഞ്ചായത്തുകളില്‍ ഒരു അഗ്നിശമന സേനാ യൂനിറ്റ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ഒല്ലൂര്‍ എം.എല്‍.എയുമായി സംസാരിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ ആരോഗ്യ, തൊഴില്‍ വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ഇവരുടെ ഏജന്‍റുമാര്‍ക്കെതിരെ നടപടികളിലേക്ക് കടക്കാനും മന്ത്രി നിര്‍ദേശിച്ചു. മഴക്കാല ശുചീകരണത്തിന്‍െറ ഭാഗമായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുക, സ്കൂളുകള്‍, കോളജുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ശുചീകരണ പ്രവൃത്തികള്‍ ഏകോപിപ്പിക്കുക, ഹോട്ടലുകള്‍, ഭക്ഷ്യോല്‍പാദന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനം ശുചിത്വം ഉറപ്പു വരുത്തുക എന്നീ നിര്‍ദേശങ്ങളും മന്ത്രി നല്‍കി. മഴക്കാല രോഗങ്ങള്‍ നേരിടാന്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് മരുന്ന് കരുതും. തൃശൂര്‍ ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കും. കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് അടിയന്തരമായി വകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു. മേയര്‍ അജിത ജയരാജന്‍, എം.എല്‍. റോസി, സബ് കലക്ടര്‍ ഹരിത വി.കുമാര്‍, ഡി.എം.ഒ ഡോ.കെ. സുഹിത പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story