Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2016 5:53 PM IST Updated On
date_range 31 July 2016 5:53 PM ISTകൗണ്‍സിലില്‍ തര്‍ക്കം, വാഗ്വാദം
text_fieldsbookmark_border
തൃശൂര്‍: റിലയന്‍സിനെ ചൊല്ലി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ വാഗ്വാദം. ബി.എസ്.എന്‍.എല്ലിനെ ഒഴിവാക്കി റിലയന്‍സിന് വൈഫൈ കരാര്‍ നല്‍കിയ പ്രശ്നത്തില്‍ തങ്ങളെ കഴിഞ്ഞ കൗണ്‍സില്‍ യോഗങ്ങളില്‍ പ്രതിക്കൂട്ടിലാക്കിയ പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍, റിലയന്‍സിന് കേബ്ള്‍ വലിക്കാന്‍ ആദ്യം അനുമതി നല്‍കിയത് മുന്‍ ഭരണസമിതിയാണെന്ന രേഖകളുമായാണ് ഭരണപക്ഷം എത്തിയത്. എന്നാല്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്തണമെന്നും ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും പ്രതിപക്ഷം തിരിച്ചടിച്ചതോടെ വിഷയം ചൂടന്‍ ചര്‍ച്ചയായി. പിന്നീട് മുന്‍മേയര്‍ രാജന്‍ പല്ലന്‍െറ കൂടി വിശദീകരണം കേട്ടശേഷം ഏതുരീതിയില്‍ അന്വേഷണം വേണമെന്ന കാര്യം തീരുമാനിക്കാമെന്ന ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയുടെ ഉറപ്പില്‍ തല്‍ക്കാലം ബഹളം അവസാനിച്ചു. റിലയന്‍സ് കേബ്ിള്‍ വിഷയം സി.പി.എമ്മിലെ പി. കൃഷ്ണന്‍കുട്ടിയാണ് വിശദീകരിച്ചത്. 2008ല്‍ കൗണ്‍സില്‍ യോഗം റിലയന്‍സ് കേബിളിടാന്‍ കി.മീറ്ററിന് 25,000 രൂപ നിരക്കില്‍ ഈടാക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ 2013ല്‍ നിരക്ക് 10,000 രൂപയാക്കി കുറക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കൗണ്‍സില്‍ ഏകപക്ഷീയമായി തീരുമാനിച്ചുവെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. 1475 പോസ്റ്റ് സ്ഥാപിക്കാനും അനുമതി നല്‍കി. ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്ന് അന്നത്തെ കോര്‍പറേഷന്‍ എന്‍ജിനീയര്‍ അറിയിച്ചിരുന്നു. എന്നാല്‍ വീണ്ടും റിലയന്‍സ് അപേക്ഷ നല്‍കിയപ്പോള്‍ 2014 ജൂലൈ 15ന് ചേര്‍ന്ന കൗണ്‍സില്‍ അത് അംഗീകരിച്ചു. എത്ര നഷ്ടമാണ് ഉണ്ടായതെന്ന് കണക്കുകൂട്ടിയാല്‍ അറിയാം. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.എമ്മിലെ അനൂപ് ഡേവിസ് കാട ആവശ്യപ്പെട്ടു. ടവറുകള്‍ക്ക് എന്‍.ഒ.സി വാങ്ങണമെന്ന നയം രൂപവത്കരിച്ചത് ഇടതുപക്ഷമാണ്. മുന്‍ഭരണസമിതി 111 ടവറുകള്‍ക്കാണ് അനുമതി നല്‍കിയത്. റിലയന്‍സിനു പരവതാനി വിരിച്ചത് ആരാണെന്ന് വ്യക്തമാണെന്നും കാട പ്രതികരിച്ചു. നഗരത്തില്‍ സൗജന്യ വൈ ഫൈക്കായി പൊതുമേഖലക്ക് പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷത്തുള്ളവരാണ് പ്രമേയം കൊണ്ടുവന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയേല്‍ പറഞ്ഞു. അന്വേഷണത്തെ ഭയമില്ളെന്ന് കോണ്‍ഗ്രസിലെ സന്തോഷ്കുമാര്‍ പറഞ്ഞു. ഇതിനെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ജേക്കബ് പുലിക്കോട്ടില്‍ പിന്താങ്ങി. തങ്ങള്‍ തെറ്റാണ് ചെയ്തത് എങ്കില്‍ അതു തിരുത്തുകയല്ളേ വേണ്ടതെന്നും അതേ വഴിയില്‍ എന്തിനാണ് പോകുന്നതെന്നും ലാലി ജെയിംസ് ചോദിച്ചു. റിലയന്‍സ് പോസ്റ്റുകള്‍ സ്ഥാപിക്കുന്നത് പലയിടത്തും വീടുകളുടെ മുന്‍വശത്താണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ചര്‍ച്ചക്ക് മറുപടി പറഞ്ഞ ഡെപ്യൂട്ടി മേയര്‍, നിരക്ക് കുറച്ച് കരാര്‍ നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ളെന്ന് ചൂണ്ടിക്കാട്ടി. റിലയന്‍സിന് കേന്ദ്ര സര്‍ക്കാറാണ് അനുമതി നല്‍കുന്നതെന്നും അപാകങ്ങളുണ്ടെങ്കില്‍ അതു പരിഹരിക്കണമെന്നുതന്നെയാണ് നിലപാടെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. ശ്രീനിവാസന്‍ പറഞ്ഞു. റിലയന്‍സ് നഗരത്തില്‍ വ്യാപകമായി പോസ്റ്റുകള്‍ സ്ഥാപിക്കുന്നതു മൂലം നഗരം ചിലന്തിവല പോലെയാകുമെന്ന് എന്‍ജിനീയര്‍ രേഖാമൂലം എഴുതിയിട്ടും അതു പരിഗണിക്കാതെയാണ് മുന്‍ കൗണ്‍സില്‍ പല തീരുമാനങ്ങളുമെടുത്തത്. ആശങ്കകള്‍ ദൂരീകരിക്കണമെന്നും ശ്രീനിവാസന്‍ ആവശ്യപ്പെട്ടു. വഴിയോരകച്ചവടക്കാരെ മാറ്റി പാര്‍പ്പിക്കാനുളള നീക്കം സ്തംഭിച്ചതിനെച്ചൊല്ലിയും തര്‍ക്കമുണ്ടായി. വിഷയം ഉന്നയിച്ച പ്രതിപക്ഷനേതാവ് എം.കെ. മുകുന്ദന്‍ ഒന്നരക്കോടി ചെലവിട്ടാണ് പ്രത്യേക കെട്ടിടം നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി. അവിടെ ഒരുവട്ടം കൂടി പരിശോധന നടത്തിയശേഷം അന്തിമ തീരുമാനമെടുക്കാമെന്ന് ധാരണയായി. കെ.രാവുണ്ണി, ഗ്രീഷ്മ അജയഘോഷ്, വിന്‍ഷി അരുണ്‍കുമാര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story