Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2016 8:21 PM IST Updated On
date_range 28 Jan 2016 8:21 PM ISTകാര്‍ഷിക സര്‍വകലാശാലയുടെ 32 ഏക്കര്‍ പവര്‍ ഗ്രിഡിന്; പ്രതിഫലം 16 കോടി
text_fieldsbookmark_border
തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയുടെ മാടക്കത്തറയിലെ കശുമാവ് ജനിതക ശേഖര പ്ളാന്‍േറഷനിലെ 32 ഏക്കര്‍ ഭൂമി പവര്‍ ഗ്രിഡ് കോര്‍പറേഷന് ബൈ-പോള്‍ പവര്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ നല്‍കുന്നു. ഫെബ്രുവരി 14ന് ശിലാസ്ഥാപനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഭൂമി വിട്ടുകൊടുക്കുമ്പോള്‍ സര്‍വകലാശാല ജനറല്‍ കൗണ്‍സിലിന്‍െറ ഉപാധികള്‍ നിറവേറ്റാത്ത സാഹചര്യത്തില്‍ അനുമതി നേടാന്‍ ഫെബ്രുവരി ആറിന് സര്‍വകലാശാല ആസ്ഥാനത്ത് ജനറല്‍ കൗണ്‍സില്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഉപാധികള്‍ നിറവേറ്റാതെ ഭൂമി നല്‍കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് കെ.എ.യു ഭൂസംരക്ഷണ സമിതി രംഗത്തുണ്ട്. അതേസമയം, ഉപാധികള്‍ പാലിച്ചുവെന്ന് ഉറപ്പാക്കി മാത്രമേ ഭൂമി നല്‍കൂവെന്നും അതിനുള്ള നടപടി പുരോഗമിക്കുന്നതായും സര്‍വകലാശാല ഭരണസമിതിയംഗം എം.പി. വിന്‍സെന്‍റ് എം.എല്‍.എ ‘മാധ്യമ’ത്തോട് പറഞ്ഞു. ഭൂമി വിട്ടുകൊടുക്കുന്നതിനെതിരെ നേരത്തെ തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പ്രദേശത്ത് വേറെ ഭൂമി കിട്ടുമെന്നിരിക്കെ സര്‍വകലാശാലയുടെ ഗവേഷണ പ്രധാന്യമുള്ള ഭൂമി നല്‍കരുതെന്ന് ഭരണപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെ ജനറല്‍ കൗണ്‍സിലില്‍ ആവശ്യപ്പെട്ടു. അതേസമയം, ഭൂമി വിട്ടുകൊടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയും വിജ്ഞാപനം ഇറക്കുകയും ചെയ്തു. ഇതോടെ, സര്‍വകലാശാലക്ക് നഷ്ടം വരാത്ത രീതിയില്‍ ഭൂമി നല്‍കുന്നത് എങ്ങനെയെന്ന് പരിശോധിക്കാന്‍ ഭരണസമിതിയംഗം തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ ഉള്‍പ്പെട്ട സമിതിയെ ജനറല്‍ കൗണ്‍സില്‍ നിയോഗിച്ചു. 2015 ജൂലൈ 25ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ ഇക്കാര്യം ചര്‍ച്ചക്ക് വന്നു. വിട്ടുകൊടുക്കുന്ന ഭൂമിക്ക് പകരം കണ്ണാറയില്‍ കൃഷിവകുപ്പിന്‍െറ അധീനതയിലുള്ള ഭൂമി സര്‍വകലാശാലക്ക് നല്‍കുക, പകരം ഭൂമിയില്ളെങ്കില്‍ നഷ്ടപരിഹാരം നല്‍കുക, പവര്‍ സ്റ്റേഷന്‍ വരുമ്പോള്‍ ബാധിക്കപ്പെടുന്നവര്‍ക്ക് പവര്‍ ഗ്രിഡ് കോര്‍പറേഷന്‍െറ സ്ഥിരം സമാശ്വാസ നടപടികള്‍ ഏര്‍പ്പെടുത്തുക എന്നീ ഉപാധികളാണ് തീരുമാനിച്ചത്. ഈ വിഷയങ്ങളില്‍ ഇതുവരെ നിസ്സംഗതയിലായിരുന്ന വി.സിയും രജിസ്ട്രാറും ഉള്‍പ്പെടെയുള്ള സര്‍വകലാശാല അധികൃതര്‍ കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ വിഷയം ഉന്നയിച്ചപ്പോഴാണ് ഉണര്‍ന്നത്. ഉപാധികള്‍ നടപ്പാവുമെന്ന് ഉറപ്പാക്കാന്‍ ഒന്നും ചെയ്യാതിരുന്നതിനെ എം.എല്‍.എ ശക്തമായി വിമര്‍ശിച്ചു. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ളവരെ അദ്ദേഹം തന്നെ ഫോണില്‍ ബന്ധപ്പെട്ടു. കലക്ടറെ വിളിച്ച് നഷ്ടപരിഹാരം കണക്കാക്കണമെന്ന് ആവശ്യപ്പെട്ടു. ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എത്തിയാണ് 16 കോടിയെന്ന് ഭൂമിക്ക് വില കണക്കാക്കിയത്. നഷ്ടപരിഹാരം ലഭിക്കുമെന്നും അതിന്‍െറ പേരില്‍ 24,000 കോടി രൂപ മുതല്‍മുടക്കുള്ള മെഗാ പദ്ധതി മുടങ്ങില്ളെന്നും എം.പി. വിന്‍സെന്‍റ് എം.എല്‍.എ പറയുമ്പോള്‍ കെ.എ.യു ഭൂ സംരക്ഷണ സമിതി അതില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. മാത്രമല്ല, ജനറല്‍ കൗണ്‍സില്‍ ഒരിക്കല്‍ പരിഗണിച്ച വിഷയം അജണ്ടയാക്കി ഒരുവര്‍ഷം തികയും മുമ്പ് പ്രത്യേക കൗണ്‍സില്‍ വിളിക്കരുതെന്ന് വ്യവസ്ഥയുണ്ടെന്നും സമിതി പറയുന്നു. പ്രത്യേക കൗണ്‍സിലില്‍ പ്രതിഷേധം ഉയര്‍ത്താനാണ് സമിതിയുടെ ശ്രമം. അതേസമയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തീരുമാനിച്ചിറങ്ങിയ പദ്ധതിക്ക് മറ്റേതെങ്കിലും തടസ്സം ഉന്നയിച്ചിട്ട് കാര്യമില്ളെന്ന നിലപാടിലാണ് ഭരണപക്ഷ സംഘടനകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story