Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2016 3:44 PM IST Updated On
date_range 20 Jan 2016 3:44 PM ISTകേരളത്തില്‍ സാമൂഹിക നിരക്ഷരത കൂടുന്നു –വി.എസ്
text_fieldsbookmark_border
കൊടുങ്ങല്ലൂര്‍: കേരളത്തില്‍ സാമൂഹിക നിരക്ഷരത കൂടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മതിലകം കളരിപ്പറമ്പ് വായനശാലയുടെ പുതിയ കെട്ടിടത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്‍െറ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളം ഇപ്പോള്‍ ചെകുത്താന്‍െറ നാടായി മാറുകയാണോയെന്ന് പല കോണുകളില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനമായി കേരളം മാറി. ആത്മഹത്യാ നിരക്കിലും നാം തന്നെയാണ് മുന്നില്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അക്രമത്തിലും അന്ധവിശ്വാസത്തിന്‍െറ കാര്യത്തിലും മറിച്ചല്ല. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും വേഷഭൂഷാദികളില്‍ തിളങ്ങുന്നവരും വരെ അന്ധവിശ്വാസങ്ങളുടെ പിറകെ പോകുകയാണ്. ആഘോഷങ്ങളുടെ കെട്ടുകാഴ്ചകളാണ് എങ്ങും. ശരീര ഭാഗങ്ങളില്‍ ഒളിച്ച് കെട്ടിയിരുന്ന ചരട് പല നിറങ്ങളിലായി കൈകളില്‍ കെട്ടി വീരസ്യം കാണിക്കുന്നവരുടെ എണ്ണം കൂടുന്നു. സാങ്കേതികവിദ്യയുടെ കോലാഹലങ്ങളില്‍ മുഴുകുന്ന പുതിയ തലമുറയില്‍ ഏറെയും സാമൂഹിക വിഷയങ്ങളില്‍ നിരക്ഷരരാണ്. ജീവിത യാഥാര്‍ഥ്യങ്ങള്‍ മറന്നുള്ള കെട്ടുകാഴ്ചകളാണ് എവിടെയും. ഈ പോക്ക്് ആശാസ്യമല്ല. നാം നേടിയെടുത്ത സാംസ്കാരിക മുന്നേറ്റം പിന്നോട്ടടിക്കുകയാണ്. ഇത് തിരിച്ചുപിടിക്കാന്‍ ലൈബ്രറികളും വായനശാലകളും പോലെയുള്ള സംരംഭങ്ങള്‍ സജീവമാകണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇന്നസെന്‍റ് എം.പി മുഖ്യാതിഥിയായി. ഗ്രാമീണ വായനശാല സെക്രട്ടറി പി.എം. സ്മിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാപ്പിനിവട്ടം സര്‍വീസ് സഹകരണ ബാങ്ക് ബാലസാഹിത്യ കോര്‍ണര്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍റ് കെ.എന്‍. ഹരി സമര്‍പ്പിച്ചു. എ.പി. അഹമ്മദ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഇ.ടി. ടൈസന്‍, കെ.എ. നൗഷാദ്, പ്രഫ. കെ.യു. അരുണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഞരളത്ത് ഹരിഗോവിന്ദന്‍െറ സോപാന സംഗീതത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.ജി. സുരേന്ദ്രന്‍ സ്വാഗതവും കെട്ടിട നിര്‍മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം.എസ്. ലെനിന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story