Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2016 7:20 PM IST Updated On
date_range 27 Feb 2016 7:20 PM ISTഗുരുവായൂര്‍ ഉത്സവം: നാളെ പള്ളിവേട്ട
text_fieldsbookmark_border
ഗുരുവായൂര്‍: ക്ഷേത്രോത്സവത്തിന്‍െറ ഭാഗമായ പള്ളിവേട്ട ഞായറാഴ്ച. കാനനമെന്ന സങ്കല്‍പത്തില്‍ ക്ഷേത്രമതില്‍ക്കകത്ത് പക്ഷി മൃഗാദികളുടെ വേഷമണിഞ്ഞോടുന്നവരെ ആനപ്പുറത്ത് എഴുന്നള്ളുന്ന ഭഗവാന്‍ വേട്ടയാടുന്നു എന്ന സങ്കല്‍പത്തിലുള്ള ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ട ദിവസവും ആറാട്ട് ദിവസവും കൊടിമരത്തറക്ക് സമീപം പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചാണ് ദീപാരാധന. ദീപാരാധനക്ക് ശേഷം സ്വര്‍ണക്കോലവുമായി ഗ്രാമപ്രദക്ഷിണം. വാളും പരിചയും വേഷഭൂഷാദികളുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്‍മാരും, കൊടി, തഴ, സൂര്യമറ, മുത്തുക്കുട, കുത്തുവിളക്കുകള്‍, വെഞ്ചാമരം, ആലവട്ടം എന്നിവയും പ്രദക്ഷിണത്തില്‍ അണിനിരക്കും. നൂറോളം വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന പാണ്ടി മേളം അകമ്പടിയാകും. എഴുന്നള്ളിപ്പിന് മുന്നിലായി നാഗസ്വരം, ഭജന എന്നിവയുണ്ടാകും. നിറപറയും നിലവിളക്കും പഴം, ശര്‍ക്കര എന്നിവയുമൊരുക്കി ഭക്തര്‍ എഴുന്നള്ളിപ്പിനെ വരവേല്‍ക്കും. ഗ്രാമപ്രദക്ഷിണം കിഴക്കേ ഗോപുരത്തില്‍കൂടി അകത്ത് പ്രവേശിച്ച് പ്രദക്ഷിണമായി വടക്കേ നടപ്പുരയില്‍ സമാപിക്കുന്നതോടെ പള്ളിവേട്ട ചടങ്ങുകള്‍ തുടങ്ങും. ശാന്തിയേറ്റ നമ്പൂതിരി ഗുരുവായൂരപ്പന്‍െറ തിടമ്പ് ആനയുടെ പുറത്തേറ്റി കിഴക്കേ ഗോപുരത്തിലേക്ക് കൊണ്ടുവരും. പക്ഷിമൃഗാദികളുടെ വേഷമണിഞ്ഞ ഭക്തര്‍ ക്ഷേത്രത്തിന്‍െറ കിഴക്കേ നടയില്‍ കാത്തുനില്‍ക്കുന്നുണ്ടാവും. പുതിയേടത്ത് പിഷാരടി "പന്നിമാനുഷങ്ങളുണ്ടോ' എന്ന് മൂന്നുവട്ടം ചോദിക്കുന്നതോടെയാണ് പള്ളിവേട്ട തുടങ്ങുക. പള്ളിവേട്ടക്ക് തുടക്കമറിയിച്ച് ശംഖനാദം മുഴക്കും. പക്ഷിമൃഗാദികളെ ആനപ്പുറത്ത് ഭഗവാന്‍ വേട്ടയാടുന്നു എന്ന സങ്കല്‍പത്തില്‍ പ്രദക്ഷിണ വഴിയിലൂടെ ഓടുന്ന ഭക്തരെ തിടമ്പേന്തിയ ശാന്തിയേറ്റ നമ്പൂതിരിയുമായി ആന പിന്തുടരും. ഒമ്പത് പ്രദക്ഷിണത്തിനു ശേഷം "മുള്ളന്‍ പന്നിയെ' വേട്ടയാടുന്നതോടെ പള്ളിവേട്ട സമാപിക്കും. പള്ളിവേട്ടക്കു ശേഷം അകത്ത് മണ്ഡപത്തില്‍ പ്രത്യേകം തയാറാക്കിയ ശയ്യയില്‍ ഭഗവാന്‍ തളര്‍ന്നുറങ്ങുമെന്നും ആറാട്ടു ദിവസം രാവിലെ പശുക്കുട്ടിയുടെ കരച്ചില്‍ കേട്ട് ഉണരുമെന്നുമാണ് വിശ്വാസം. തിങ്കളാഴ്ച ആറാട്ടോടെ ഉത്സവ ചടങ്ങുകള്‍ സമാപിക്കും. ശനിയാഴ്ച ഉത്സവബലി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story