Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2019 5:00 AM IST Updated On
date_range 30 Aug 2019 5:00 AM ISTക്യാമ്പില്‍ കഴിഞ്ഞവർക്ക് ആനുകൂല്യ നിഷേധം –വില്ലേജ് ഓഫിസ് ഉപരോധിച്ചു
text_fieldsbookmark_border
തിരുവല്ല: പെരിങ്ങര വില്ലേജിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലെ കുടുംബങ്ങളെ സർക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ ലഭിക ്കുന്നവരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ക്യാമ്പ് അന്തേവാസികള്‍ വില്ലേജ് ഓഫിസ് ഉപരോധിച്ചു. പെരിങ്ങര വില്ലേജില്‍ 10 അംഗീകൃത ക്യാമ്പുകളായിരുന്നു ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ ഉണ്ടായിരുന്നത്. അതില്‍ പഞ്ചായത്ത് ഒന്നാം വാർഡിലെ മേപ്രാല്‍ പടിഞ്ഞാറ് മനകേരിച്ചിറ, 14ാം വാർഡിലെ ആശ്വാസ് പകൽവീട്, ബസാര്‍ കടവ്, 15ാം വാർഡിലെ കോൺകോഡ് ചാപ്പല്‍ എന്നീ ക്യാമ്പുകളില്‍ കഴിഞ്ഞവരെയാണ് പൂർണമായും പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. ഇതില്‍ ആശ്വാസ് പകല്‍വീട് പഞ്ചായത്ത് സ്ഥാപനമാണ്. നാല് ക്യാമ്പുകളിലായി 400ഓളം കുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്. വില്ലേജ് അധികാരികള്‍ ഈ ക്യാമ്പുകളെ ഫുഡ് ക്യാമ്പുകളായി കണക്കാക്കി ആനുകൂല്യം നിഷേധിക്കുകയായിരുന്നു. എന്നാല്‍, തിരുവല്ല താലൂക്കില്‍ ഒരു ക്യാമ്പും ഫുഡ് ക്യാമ്പായി പ്രഖ്യാപിച്ചിരുന്നില്ല. മറ്റ് ആറ് ക്യാമ്പുകളില്‍ കഴിഞ്ഞ എല്ലാവരും സഹായധനം ലഭിക്കുന്നവരുടെ പട്ടികയില്‍ ഉൾപ്പെട്ടില്ലായെന്ന ആക്ഷേപവും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്. പെരിങ്ങര വില്ലേജില്‍ ആകെ 272 പേരുടെ പട്ടികമാത്രമാണ് സഹായ ധനത്തിനായി അംഗീകരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പെരിങ്ങര വില്ലേജിനെ ദുരന്തബാധിത വില്ലേജായി സർക്കാര്‍ പ്രഖ്യാപിച്ചതാണ്. പെരിങ്ങര വില്ലേജില്‍ നടന്ന ഉപരോധം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പന് കുര്യൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനിമോള്‍ ജോസ്, ആനി എബ്രഹാം എന്നിവര്‍ സംസാരിച്ചു. തിരുവല്ല തഹസിൽദാര്‍ ഇൻ ചാർജ് ശ്രീകുമാര്‍ സംഭവസ്ഥലത്തെത്തി ജനപ്രതിനിധികളുമായി ചർച്ച നടത്തി. ഒഴിവാക്കപ്പെട്ട നാല് ക്യാമ്പുകളിലെ മുഴുവന്‍ കുടുംബങ്ങളെയും സഹായധനം ലഭിക്കുന്നവരുടെ പട്ടികയില്‍ ഉൾപ്പെടുത്താൻ ഇന്നുതന്നെ നടപടി സ്വീകരിക്കുമെന്ന് തഹസിൽദാര്‍ നൽകിയ ഉറപ്പിൻെറ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story