Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2017 6:16 PM IST Updated On
date_range 19 April 2017 6:16 PM ISTകരിങ്ങാലി പാടശേഖരത്തിെൻറ മോക്ഷത്തിന് കർഷകർ ഇന്ന് കൃഷിമന്ത്രിയെ കാണും
text_fieldsbookmark_border
പന്തളം: കരിങ്ങാലി പാടശേഖരത്തിെൻറ ശാപമോക്ഷത്തിന് കർഷകർ ബുധനാഴ്ച കൃഷിമന്ത്രിയെ കാണും. രാവിലെ എട്ടിന് അടൂർ െഗസ്റ്റ് ഹൗസിലാണ് മന്ത്രി വി.എസ്. സുനിൽകുമാർ കർഷകരെ കാണുക. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ച വലിയ പാടശേഖരമാണ് കരിങ്ങാലി. പാടത്തെ വെള്ളക്കെട്ടുകാരണം കൃഷിയിറക്കാനോ ചെയ്ത കൃഷി കൊയ്ത്ത്-മെതിയന്ത്രം ഇറക്കി കൊയ്യാനോ കഴിയാതെ വിഷമിക്കുകയാണ് കർഷകർ. അതിവിശാലമായ പാടശേഖരത്ത് കൃഷിക്ക് അനുയോജ്യമായ രീതിയിൽ വെള്ളത്തിെൻറ ലഭ്യത ഇല്ലാതായിട്ട് കൊല്ലങ്ങളേറെയായി. ഈ വർഷം കരിങ്ങാലി പാടശേഖരത്തിെൻറ ഭാഗമായ ചിറ്റിലപ്പാടത്ത് കൃഷിയിറക്കിയ കർഷകർ പ്രതിസന്ധിയിലാണ്. കൊയ്യാനിറക്കിയ യന്ത്രങ്ങൾ പാടത്ത് പുതഞ്ഞുപോയി. യന്ത്രം കെട്ടിവലിച്ചാണ് കരയിലെത്തിച്ചത്. ചളിയിൽ പുതയുന്നതുകാരണം യന്ത്രം കരയിൽ കയറ്റി. വീണ്ടും മഴപെയ്താൽ യന്ത്രം പാടത്തേക്കിറക്കാൻകൂടി കഴിയില്ല. നെല്ല് പൊഴിഞ്ഞ് നഷ്ടമാവുകയും ചെയ്യും. തൊഴിലാളികളില്ലാത്തതിനാൽ യന്ത്രംകൊണ്ടല്ലാതെ കൊയ്ത്ത് നടക്കുകയുമില്ല. ഇത്തവണ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയായിരുന്നതിനാൽ നല്ല വിളവാണ് കർഷകർ പ്രതീക്ഷിച്ചത്. വേനൽക്കാലത്ത് വെള്ളം കിട്ടാതെ വിഷമിച്ചിരുന്ന പാടത്ത് ഇത്തവണ ജലക്ഷാമം അനുഭവപ്പെട്ടിരുന്നില്ല. നെല്ല് വിളവായി തുടങ്ങിയപ്പോഴാണ് വേനൽമഴ പെയ്തത്. പാടത്ത് നിറഞ്ഞവെള്ളം പുറത്തേക്കൊഴുക്കി കളഞ്ഞുവെങ്കിലും കെട്ടിനിന്ന വെള്ളം കാരണം നിലം ഉണങ്ങിയില്ല. കഴിഞ്ഞദിവസം കൃഷിക്കാർ വാടകക്കെടുത്ത രണ്ട് കൊയ്ത്തുമെതി യന്ത്രങ്ങൾ പാടത്തേക്കിറക്കിയതോടെയാണ് കർഷകർ വിഷമത്തിലായത്. റാമ്പിൽനിന്ന് പാടത്തേക്ക് യന്ത്രം ഇറങ്ങിയപ്പോൾത്തന്നെ ചളിയിൽ താണു. ഓലയും വയ്ക്കോലും നിരത്തി പാടത്ത് യന്ത്രത്തിന് പാതയൊരുക്കി മൂന്ന് ഏക്കർ മാത്രം കൊയ്തെടുത്തു. മൂന്ന് മണിക്കൂർകൊണ്ട് കൊയ്തെടുക്കേണ്ട പാടം കൊയ്യാൻ 12 മണിക്കൂറെടുത്തു. വിസ്തൃതമായ പാടശേഖരത്തിൽ ജലവിതരണം കാര്യക്ഷമമാക്കാൻ പദ്ധതി വേണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ശക്തമായ മഴയിൽ പാടശേഖരത്തിൽ നിറയുന്ന ജലം ഒഴുക്കിവിടണ്ട ചാലുകൾ പലതും അടഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. പന്തളം നഗരസഭയിൽപെടുന്ന പ്രദേശത്ത് ഉൾപ്പെടുന്ന കർഷകർക്ക് ഒരുവിധ പദ്ധതികളുടെ ഗുണവും ലഭിക്കുന്നില്ല. സർക്കാർതലത്തിൽ പദ്ധതികൾ രൂപവത്കരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ആറന്മുള മാതൃകയിൽ കരിങ്ങാലി പാടശേഖരത്ത് ഉൽപാദിപ്പിക്കുന്ന നെല്ല് ബ്രാൻഡഡ് അരിയായി മാറ്റാൻ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story