Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2016 5:27 PM IST Updated On
date_range 15 May 2016 5:27 PM ISTപെരുമഴയിലും പൊലിമ ചോരാതെ കലാശം
text_fieldsbookmark_border
പത്തനംതിട്ട: ആവേശപ്പെരുമഴ തീര്‍ത്ത കലാശക്കൊട്ട് ഏതാണ്ട് പ്രതീക്ഷിച്ചതുപോലെ പെരുമഴയിലമര്‍ന്നു. കനത്ത മഴയും ഇടിയും അവഗണിച്ചാണ് പ്രവര്‍ത്തകര്‍ കലാശക്കൊട്ട് ആവേശഭരിതമാക്കിയത്. പതിവില്‍നിന്ന് വ്യത്യസ്തമായി ഇക്കുറി അബാന്‍ ജങ്ഷനിലായിരുന്നു ആറന്മുള മണ്ഡലത്തിലെ കലാശക്കൊട്ട് നടന്നത്. നേരത്തേ സെന്‍ട്രല്‍ ജങ്ഷനിലായിരുന്നു സംഗമിച്ചിരുന്നത്. ശനിയാഴ്ച രാവിലെ പൊലീസ് ഉദ്യോഗസ്ഥര്‍ വിവിധ മുന്നണി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു സെന്‍ട്രല്‍ ജങ്ഷനില്‍നിന്ന് അബാന്‍ ജങ്ഷനിലേക്ക് മാറ്റിയത്. കൂടുതല്‍ സ്ഥലസൗകര്യവും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഗാന്ധിപ്രതിമക്ക് നാശം സംഭവിക്കുന്നത് ഒഴിവാക്കാനുമായിരുന്നു അബാന്‍ ജങ്ഷന്‍ തെരഞ്ഞെടുത്തത്. ഓരോ പാര്‍ട്ടിക്കാര്‍ക്കുമായി സ്ഥലവും നിശ്ചയിച്ചുനല്‍കിയിരുന്നു. വൈകീട്ട് 3.30ഓടെ ചെറുപൂരങ്ങളെപ്പോലെ കൊച്ചുകൊച്ചു പ്രകടനങ്ങള്‍ ജങ്ഷനിലേക്ക് എത്തിക്കൊണ്ടിരുന്നു. നാല് മണിയോടെ റോഡ് ഷോയായി സ്ഥാനാര്‍ഥികള്‍ അബാന്‍ ജങ്ഷനിലേക്ക് എത്തി. നൂറുകണക്കിന് പ്രവര്‍ത്തകരും ഓരോ സ്ഥാനാര്‍ഥിയോടൊപ്പവും ഉണ്ടായിരുന്നു. പാട്ടും നൃത്തവും നാസിക്ഡോളുമൊക്കെ കലാശക്കൊട്ടിന് കൊഴുപ്പേകി. അഞ്ചുമണിയോടെ കനത്ത മഴ ആരംഭിക്കാന്‍ തുടങ്ങിയെങ്കിലും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും നിശ്ചിത സ്ഥലങ്ങളില്‍ തന്നെ നിലകൊണ്ടു. മഴയില്‍ നനഞ്ഞുകുതിര്‍ന്ന പ്രവര്‍ത്തകര്‍ നൃത്തച്ചുവടുകളുമായി അണികളെ ആവേശഭരിതമാക്കിക്കൊണ്ടിരുന്നു. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പരസ്യപ്രചാരണം വൈകീട്ട് ആറിനാണ് അവസാനിച്ചത്. പത്തനംതിട്ടയില്‍ സമാധാനപരമായാണ് കലാശക്കൊട്ട് സമാപിച്ചത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസത്തെിയും കേന്ദ്രസേനയെയും ടൗണില്‍ നിയോഗിച്ചിരുന്നു. കലാശക്കൊട്ടിന് സാക്ഷ്യം വഹിക്കാന്‍ നൂറുകണക്കിന് ആളുകള്‍ റോഡിന് ഇരുവശങ്ങളിലും കെട്ടിടങ്ങളുടെ മുകളിലുമായി തടിച്ചുകൂടിയിരുന്നു. റാന്നി: പെരുമഴയിലും ആവേശംചോരാതെ റാന്നിയില്‍ കൊട്ടിക്കലാശം സമാപിച്ചു. വിജയ പ്രതീക്ഷയില്‍ യു.ഡി.എഫിന്‍െറയും എല്‍.ഡി.എഫിന്‍െറയും പ്രവര്‍ത്തകര്‍ ഇരുവശങ്ങളിലും കൊടികളും താളമേളങ്ങളുമായി ഇട്ടിയപ്പാറ ജങ്ഷനില്‍ നിലയുറപ്പിച്ചപ്പോള്‍ എന്‍.ഡി.എ സഖ്യം ഇടയില്‍നിന്നു. വൈകീട്ട് മൂന്നോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രാജു എബ്രഹാമും പ്രവര്‍ത്തകരുമാണ് സന്നാഹങ്ങളുമായി ആദ്യം ടൗണിലത്തെിയത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് അവരെ ജങ്ഷന്‍െറ പടിഞ്ഞാറുഭാഗത്തേക്ക് മാറ്റി. എല്‍.ഡി.എഫിന്‍െറ ആഘോഷം തുടങ്ങിക്കഴിഞ്ഞ ശേഷമാണ് എന്‍.ഡി.എയും യു.ഡി.എഫും എത്തിയത്. യു.ഡി.എഫ് താളമേളങ്ങളോടെ എത്തിയതോടെയാണ് ടൗണ്‍ മേളക്കൊഴുപ്പിലും ആവേശത്തിലുമായത്. കോളജ് റോഡ് ജങ്ഷന്‍ മുതല്‍ മൂഴിക്കല്‍ ജങ്ഷന്‍ വരെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ കൊടികളും സ്ഥാനാര്‍ഥിയുടെ ഫ്ളക്സുകളുമായി നിലകൊണ്ടപ്പോള്‍ കോളജ് റോഡ് ജങ്ഷന്‍ മുതല്‍ കിഴക്ക് മാര്‍ക്കറ്റ് റോഡുവരെ യു.ഡി.എഫും കൊടികളും ഫ്ളക്സുകളുമായി നിലകൊണ്ടു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയ നാസിക് ബാന്‍ഡ്സെറ്റ് കൊട്ടിക്കലാശത്തില്‍ ഓളമുണ്ടാക്കി. ഇതിനിടയില്‍ അംഗബലം കുറവായിരുന്ന എന്‍.ഡി.എ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് കൊടികളേന്തിയ കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയതോടെ അവിടെയും ആവേശം ഇരട്ടിച്ചു. തുടര്‍ന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി മറിയാമ്മ ചെറിയാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം തുറന്ന വാഹനത്തിലത്തെിയത്. ഇതോടെ പ്രവര്‍ത്തകരില്‍ ആവേശം അലതല്ലി. എന്‍.ഡി.എ സ്ഥാനാര്‍ഥി പത്മകുമാറും പ്രവര്‍ത്തകരോടൊപ്പമത്തെിയിരുന്നു. ഹൈഡ്രജന്‍ ബലൂണുകളുടെ വന്‍ശേഖരം ചരടില്‍ കെട്ടിയും വായുവില്‍ പറത്തിയും യു.ഡി.എഫും എന്‍.ഡി.എയും ആവേശമുയര്‍ത്തി. സാധാരണ കൊട്ടിക്കലാശത്തില്‍നിന്ന് വ്യത്യസ്തമായി അര്‍ധസൈനിക വിഭാഗം ഉള്‍പ്പെടെ വന്‍ പൊലീസ് സന്നാഹമാണ് അകമ്പടി സേവിച്ചത്. മൂന്ന് മുതല്‍ ടൗണില്‍നിന്ന് വിവിധ ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ സ്തംഭിച്ചു. കോഴഞ്ചേരി: ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി വീണ ജോര്‍ജിന്‍െറ പരസ്യപ്രചാരണം അവസാനിക്കുന്ന കലാശക്കൊട്ടില്‍ കോഴഞ്ചേരി ടൗണില്‍ പഞ്ചായത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ റാലി നടത്തി. എല്‍.ഡി.എഫ് നേതാക്കളായ ബാബു കോയിക്കലത്തേ് ബിജിലി പി. ഈശോ, ചന്ദ്രശേഖരകുറുപ്പ്, സോണി സി. ഗോപാല്‍, കെ.കെ. വിജയന്‍, എ.ഐ. ജോസഫ്, പഞ്ചായത്ത് പ്രസിഡന്‍റ് മിനി ശ്യാം മോഹന്‍, വൈസ് പ്രസിഡന്‍റ് എം.എസ്. പ്രകാശ് കുമാര്‍, പഞ്ചായത്ത് അംഗം ലതാ ചെറിയാന്‍, എന്നിവര്‍ നേതൃത്വം നല്‍കി. പന്തളം: ശക്തമായ മഴയിലും ആവേശം വാനോളമുയര്‍ത്തി പന്തളത്ത് കൊട്ടിക്കലാശം. കൊട്ടിക്കലാശം സമാപിക്കാന്‍ 20 മിനിറ്റ് ബാക്കിനില്‍ക്കേയാണ് ശക്തമായ വേനല്‍മഴ എത്തിയത്. മഴ തിമിര്‍ത്തതോടെ പ്രവര്‍ത്തകരുടെ ആവേശവും ഉച്ചസ്ഥായിലായി. മൂന്നു മുന്നണി സ്ഥാനാര്‍ഥികളുടെയും അസാന്നിധ്യത്തില്‍ കട്ടൗട്ടുകളും ഫ്ളക്സ് ബോര്‍ഡുകളും വഴിയാണ് സ്ഥാനാര്‍ഥികളുടെ സാന്നിധ്യം മൂന്നു മുന്നണികളും അറിയിച്ചത്. മൂന്നുമണിമുതല്‍ തന്നെ ഇടതുമുന്നണിയുടെയും ബി.ജെ.പിയുടെയും പ്രവര്‍ത്തകര്‍ നഗരകേന്ദ്രത്തില്‍ സ്ഥാനംപിടിച്ചു. നാസിക് ഡോളുകളുടെയും കൂറ്റന്‍ കട്ടൗട്ടുകളുടെയും അകമ്പടിയോടെയും നൂറുകണക്കിന് പ്രവര്‍ത്തകര്‍ നഗരകേന്ദ്രത്തില്‍ ആടിയും പാടിയും മുദ്രാവാക്യം വിളികളുമായി മുന്നേറി. ജീപ്പുകളില്‍നിന്നും ടെമ്പോകളില്‍ നിന്നുമുള്ള പാരഡി ഗാനങ്ങളും അനൗണ്‍സ്മെന്‍റുകളും നഗരത്തെ ശബ്ദമുഖരിതമാക്കി. രാവിലെ മുതല്‍ വിവിധ മുന്നണികളുടെ പ്രവര്‍ത്തകര്‍ ബൈക്ക് റാലികളുമായി റോഡ് ഷോ നടത്തി. വൈകീട്ട് മൂന്നുമണി മുതല്‍ നഗരത്തില്‍ കേന്ദ്രീകരിച്ച പ്രവര്‍ത്തകരുടെ ആവേശം അഞ്ചുമണികഴിഞ്ഞതോടെ അതിന്‍െറ പാരമ്യതയിലത്തെി. കൊട്ടിക്കലാശത്തിന് യു.ഡി.എഫ് പ്രവര്‍ത്തകരുടെ സാന്നിധ്യം കുറഞ്ഞതും ശ്രദ്ധേയമായി. തിരുവല്ല: കൊട്ടിക്കലാശം ഗംഭീരമാക്കി മുന്നണികള്‍. വിവിധ മുന്നണികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രചാരണ വാഹനങ്ങളും പ്രവര്‍ത്തകരും വൈകീട്ട് നാല് മണിയോടെ തന്നെ നഗരം കീഴടക്കി. ചെണ്ടമേളത്തിന്‍െറയും പാട്ടിന്‍െറയും അകമ്പടിയില്‍ ആനന്ദ നൃത്തമാടിയ പ്രവര്‍ത്തകര്‍ കാഴ്ചക്കാരിലും ആവേശമുയര്‍ത്തി. സ്ഥാനാര്‍ഥികള്‍ കൂടി എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം കൊടുമുടികള്‍ കീഴടക്കി. പ്രചാരണ വാഹനങ്ങള്‍ക്ക് മുകളില്‍ നിലയുറപ്പിച്ച പ്രവര്‍ത്തകര്‍ക്കൊപ്പം സ്ഥാനാര്‍ഥികള്‍ കൂടി കയറിയതോടെ നഗരം ആവേശക്കടലായി മാറി. എന്‍.ഡി.എ സ്ഥാനാര്‍ഥി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടാണ് ആദ്യം എത്തിയത്. പിന്നാലെ എത്തിയ ജോസഫ് എം. പുതുശ്ശേരിയെ തോളിലേറ്റിയാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്. തുടര്‍ന്നത്തെിയ മാത്യു ടി. തോമസിനെ ആവേശോജ്വലമായ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്. പരസ്യ പ്രചാരണം അവസാനിക്കുന്ന ആറുമണിക്ക് അഞ്ചുമിനിറ്റ് മുമ്പ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പിരിഞ്ഞു. പ്രചാരണ വാഹനങ്ങള്‍ റോഡ് കൈയടക്കിയത് എം.സി റോഡിലെ വാഹന ഗതാഗതത്തെ കാര്യമായി ബാധിച്ചു. വൈകീട്ട് നാലുമുതല്‍ പ്രചാരണം അവസാനിക്കുന്ന ആറുമണിവരെ നഗരം ഏതാണ്ട് പൂര്‍ണമായും നിശ്ചലമായിരുന്നു. പരസ്യ പ്രചാരണത്തിന്‍െറ ഒടുവില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്ത്വത്തില്‍ നഗരം ശുചിയാക്കിയത് വേറിട്ട കാഴ്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story