ലേബര്‍ കമീഷണര്‍ ഇറക്കിയ ഉത്തരവിന് പുല്ലുവില
text_fieldsതിരുവല്ല: കൊടുംചൂടില്‍ ജോലി സമയം പുന$ക്രമീകരിച്ച് ലേബര്‍ കമീഷണര്‍ ഇറക്കിയ ഉത്തരവിന് പുല്ലുവില. ജില്ലയുടെ ചില മേഖലകളില്‍ 40 ഡിഗ്രിക്ക് മുകളിലേക്ക് താപനില ഉയര്‍ന്നിട്ടുണ്ടെങ്കിലും വിവിധ മേഖലകളില്‍ നട്ടുച്ചക്കുപോലും ഇതരസംസ്ഥാന തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുകയാണ്. എന്നാല്‍, ജില്ലയുടെ നിര്‍മാണമേഖലകളിലെ കോണ്‍ട്രാക്ടര്‍ ലോബികളുടെ പ്രവര്‍ത്തനഫലമായി തൊഴില്‍ വകുപ്പ് പരിശോധനകള്‍ അടക്കം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ആക്ഷേപവും ഉണ്ട്.തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ കോണ്‍ട്രാക്ടര്‍മാരുടെ കൈയില്‍നിന്ന് കോടികള്‍ വാങ്ങിയ രാഷ്ട്രീയക്കാരുടെ തൊഴിലാളി സംഘടനകളും വിഷയം കണ്ടിട്ടില്ളെന്ന് നടിക്കുകയാണ്. പകല്‍ താപനില ക്രമാതീതമായി ഉയര്‍ന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാതപം ഏല്‍ക്കുന്നത് ഒഴിവാക്കാനാണ് മാര്‍ച്ച് ആദ്യവാരം ജോലിസമയം പുന$ക്രമീകരിച്ച് ലേബര്‍ കമീഷണര്‍ ഉത്തരവിറക്കിയത്. ഇതനുസരിച്ച് പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമവേളയായി നിശ്ചയിച്ചിരുന്നു.ഇവരുടെ ജോലിസമയം രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ടുമണിക്കൂറായി നിജപ്പെടുത്തണമെന്നും ലേബര്‍ കമീഷണറുടെ ഉത്തരവില്‍ പറയുന്നു. രാവിലെയും ഉച്ചക്കുശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലിസമയം ഉച്ചക്ക് 12ന് അവസാനിക്കുമെന്നും വൈകീട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ തൊഴിലിടങ്ങളില്‍ നേരിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കമീഷണര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പലയിടത്തും നടന്നിട്ടില്ല. ഇതിന് എല്‍.ഒമാരെ ചുമതലപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്. അസഹ്യ ചൂടിലും പണിയെടുക്കേണ്ട ഗതികേടിലാണ് തൊഴിലാളികള്‍. കെട്ടിട നിര്‍മാണം, തോട്ടം മേഖല, റോഡ് ടാറിങ് തുടങ്ങിയ ജോലി സ്ഥലങ്ങളിലെല്ലാം സമയക്രമത്തില്‍ മാറ്റം വരുത്താതെയാണ് ഇപ്പോഴും പണി നടക്കുന്നത്. തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളും കനത്ത ചൂടില്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നു. നിരവധി ആളുകള്‍ തിങ്ങിക്കൂടിയാണ് ഇവിടെയും പാര്‍ക്കുന്നത്. മതിയായ ശുദ്ധജലംപോലും ഇവര്‍ക്ക് ലഭിക്കാറില്ല. കഠിന ചൂടില്‍ ജില്ലയാകമാനം വെന്തുരുകുമ്പോഴും ഇതരസംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയാറാകുന്നില്ല. ഇത്തരം കാര്യങ്ങളില്‍ തൊഴിലാളികള്‍ക്ക് അനുകൂല നിലപാട് കൈക്കൊള്ളാന്‍ ട്രേഡ് യൂനിയനുകളും മുന്നോട്ടുവരുന്നില്ല. പലപ്പോഴും ആവശ്യത്തിന് കുടിവെള്ളംപോലും തൊഴിലാളികള്‍ക്ക് ലഭ്യമാകുന്നില്ളെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.