Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right...

പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍-ലിങ്കു കനാല്‍ പദ്ധതി: സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം –പമ്പാ പരിരക്ഷണ സമിതി

text_fields
bookmark_border
കോഴഞ്ചേരി: പമ്പാ-അച്ചന്‍കോവില്‍-വൈപ്പാര്‍-ലിങ്കു കനാല്‍ പദ്ധതി നടപ്പാക്കണമെന്ന്, തമിഴ്നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു എന്ന വാര്‍ത്ത മധ്യതിരുവിതാംകൂറിലെ ജനത്തെ ആശങ്കയുടെ മുള്‍മുനയില്‍ ആക്കിയിരിക്കുകയാണെന്നും പദ്ധതിക്ക് തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും പമ്പാ പരിരക്ഷണ സമിതി ആവശ്യപ്പെട്ടു. ദേശീയ നദീബന്ധിപ്പിക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന 30 പദ്ധതികളും നടപ്പാക്കുമെന്നുള്ള ദൃഢനിശ്ചയത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. തമിഴ്നാടിന് കേന്ദ്ര സര്‍ക്കാറില്‍ ചെലുത്താന്‍ കഴിയുന്ന രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പദ്ധതി നടപ്പാക്കിക്കിട്ടാന്‍ എല്ലാ ശ്രമവും നടത്തുന്നതിന്‍െറ ഭാഗമായിട്ടാണ് ഉപേക്ഷിക്കപ്പെട്ടുവെന്ന് കരുതിയിരുന്ന പമ്പാ-വൈപ്പാര്‍ പദ്ധതി വീണ്ടും ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നത്. പമ്പാ നദിയിലും അച്ചന്‍കോവിലാറിലും മിച്ചജലമുണ്ടെന്ന തെറ്റായ കണക്കുകൂട്ടലിന്‍െറ അടിസ്ഥാനത്തിലാണ് 634 ദശലക്ഷം ഘനമീറ്റര്‍ വെള്ളം തമിഴ്നാട്ടില്‍ വൈപ്പാര്‍ നദീതടത്തിലേക്ക് തിരിച്ചുവിടാനുള്ള നിര്‍ദിഷ്ട പദ്ധതി ദേശീയ ജലവികസന ഏജന്‍സി തയാറാക്കിയത്. പദ്ധതിയുടെ ഭാഗമായി പണിയേണ്ടി വരുന്ന മൂന്നു വലിയ ഡാമുകള്‍, രണ്ടു തുരങ്കം തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം കേരള അതിര്‍ത്തിയില്‍ പശ്ചിമ ഘട്ടമലനിരകളില്‍ കോന്നി, അച്ചന്‍കോവില്‍ വനമേഖലകളിലാണ്. പദ്ധതി നടപ്പാക്കുകയാണെങ്കില്‍ 2004 ഹെക്ടര്‍ വനഭൂമി പൂര്‍ണമായി വെള്ളത്തിനടിയിലാകും. 10 ചതുരശ്ര കിലോമീറ്ററോളം സ്വാഭാവിക വനം ഇല്ലാതാകും. ഈ വനമേഖലയില്‍നിന്നാരംഭിക്കുന്ന ചെറിയ ജലസ്രോതസ്സുകളൊക്കെ ഇല്ലാതാകും. പദ്ധതി പ്രാവര്‍ത്തികമാക്കിയാല്‍ മധ്യതിരുവിതാംകൂറും കേരളത്തിന്‍െറ നെല്ലറയായ കുട്ടനാടും ഊഷരഭൂമിയായി മാറാന്‍ ഇടയുണ്ട്. പമ്പയിലും അച്ചന്‍കോവിലിലും ഇപ്പോള്‍ത്തന്നെ വേനല്‍ക്കാലങ്ങളില്‍ രൂക്ഷമായ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. പമ്പാനദിയില്‍ 1995 മുതല്‍ വേനല്‍ക്കാലങ്ങളില്‍ ആറന്മുളക്ക് താഴെ നീരൊഴുക്ക് രേഖപ്പെടുത്താത്ത ദിവസങ്ങള്‍ വര്‍ധിച്ചു വരികയാണ്. 2003ല്‍ 188 ദിവസവും 2004 ല്‍ 164 ദിവസവും 2009ല്‍ 176 ദിവസവും നീരൊഴുക്ക് രേഖപ്പെടുത്തിയിട്ടില്ല. 1987 മുതല്‍ 1991 വരെയുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍ദിഷ്ടപദ്ധതിക്ക് എന്‍.ഡബ്ള്യു.ഡി.എ രൂപം കൊടുത്തത്. അതിനുശേഷം പമ്പാ, അച്ചന്‍കോവില്‍ നദികള്‍ക്കുണ്ടായ പാരിസ്ഥിതിക തകര്‍ച്ചയും കാലാവസ്ഥയില്‍ വന്ന മാറ്റം മൂലം മഴയുടെ ലഭ്യതയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും കണക്കിലെടുത്തിട്ടില്ല. അധികജലം ഉള്ള നദീതടങ്ങളില്‍നിന്ന് വരള്‍ച്ച ബാധിത പ്രദേശങ്ങളിലേക്ക് വെള്ളം ഗതിമാറ്റിവിടുന്നതിനാണ് ദേശീയ നദീബന്ധിപ്പിക്കല്‍ പദ്ധതി വിഭാവനം ചെയ്യുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story