Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2016 5:53 PM IST Updated On
date_range 15 Jun 2016 5:53 PM ISTകലക്ടറും ഉദ്യോഗസ്ഥരും മാഫിയക്ക് കൂട്ട്: വല്ലന കൊറ്റനാട് മലയിലെ മണ്ണെടുപ്പിന് പിന്നില്‍ വന്‍ അഴിമതി
text_fieldsbookmark_border
കോഴഞ്ചേരി: വല്ലന കൊറ്റനാട് മലയിലെ മണ്ണെടുപ്പിനു പിന്നില്‍ വന്‍ അഴിമതിയും ഗൂഢാലോചനയുമെന്ന് റിപ്പോര്‍ട്ട്. പാരിസ്ഥിതികാനുമതി വേണമെന്ന സര്‍ക്കാര്‍ ഉത്തരവുപോലും നടപ്പാക്കിയില്ല. റവന്യൂ ഉദ്യോഗസ്ഥരുടെയും ജിയോളജി വകുപ്പിന്‍െറയും റിപ്പോര്‍ട്ട് സത്യവിരുദ്ധമെന്ന് തെളിഞ്ഞു. വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ വല്ലന കലാനിലയത്തില്‍ എം.കെ. ബാലന് അടൂര്‍ ആര്‍.ഡി ഓഫിസില്‍നിന്ന് ലഭിച്ച വിവരാവകാശ കത്തിനുള്ള മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. കലക്ടര്‍പോലും മണ്ണുമാഫിയക്ക് കൂട്ടുനിന്നതായി ആക്ഷേപമുയരുന്നു. വിമാനത്താവളത്തിനെന്ന വ്യാജേന ആറന്മുള, മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളിലെ പുഞ്ചപ്പാടങ്ങളും സര്‍ക്കാര്‍ പുറമ്പോക്കുകളും കെ.ജി.എസ് ഗ്രൂപ് കൈയേറിയ നഗ്നമായ നിയമലംഘനത്തിന് പിന്നാലെയാണ് വിമാനത്താവള പദ്ധതി പ്രദേശത്തിന് സമീപത്ത് ആറന്മുള പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന മലകളിലൊന്നായ കൊറ്റനാട്ടുമല (ചുട്ടിപ്പാറ) പൂര്‍ണമായും എടുത്തുമാറ്റാന്‍ മണ്ണ് മാഫിയ ശ്രമം ആരംഭിച്ചത്. മൈനോറിട്ടി എജുക്കേഷന്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ മറവിലാണ് മണ്ണെടുപ്പ് ആരംഭിച്ചത്. വിദ്യാഭ്യാസ പദ്ധതി തട്ടിപ്പാകുകയും വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ നേരിടുകയും ചെയ്തതോടെയാണ് മണ്ണ് കച്ചവടം മാത്രമായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് നാട്ടുകാര്‍ മനസ്സിലാക്കിയത്. സമീപകാലത്തുണ്ടായ ഇടിമിന്നല്‍ അപകടവും കുടിവെള്ളക്ഷാമവും ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചതോടെയാണ് നാട്ടുകാര്‍ സമര സമിതിയുണ്ടാക്കി സമരം ആരംഭിച്ചത്. 2014 ജനുവരി 22ന് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ജി.ഒ (എം.എസ്) 02/2014/ഇ.എന്‍.വി.ടി പ്രകാരം വീടു നിര്‍മിക്കാനല്ലാതെ മറ്റെന്താവശ്യത്തിനു മണ്ണെടുത്താലും പരിസ്ഥിതി വകുപ്പിന്‍െറ പ്രത്യേക അനുവാദം വേണം. ഈ ഉത്തരവ് നിലനില്‍ക്കെയാണ് ആര്‍.ഡി.ഒയും കലക്ടറും മണ്ണെടുക്കാന്‍ അനുവാദം നല്‍കിയത്. ആര്‍.ഡി.ഒ നല്‍കിയ വിവരാവകാശ റിപ്പോര്‍ട്ടില്‍ അപേക്ഷകന്‍ പാരിസ്ഥിതികാനുമതി ഹാജരാക്കിയിട്ടില്ളെന്ന് കാണുന്നു. തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഈ മലയില്‍നിന്ന് മണ്ണെടുത്താല്‍ പരിസ്ഥിതി പ്രത്യാഘാതം ഉണ്ടാകില്ളെന്നും വസ്തുവില്‍ പുറമ്പോക്കില്ളെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഈ മലയില്‍നിന്ന് ഒമ്പതുതോടുകളാണ് നാലുവശത്തേക്കും ഒഴുകുന്നത്. ഇതില്‍ എട്ടെണ്ണത്തിനും കുറുകെ താഴ്വാരത്തില്‍ പി.ഡബ്ള്യു.ഡി കലുങ്കുകള്‍ നിര്‍മിച്ചിട്ടുണ്ട്. തോടില്ലാത്തിടത്ത് എന്തിനാണ് കലുങ്ക് എന്ന ചോദ്യം പ്രസക്തമാണ്. തോടുകള്‍ നികത്തിയാലുണ്ടാകുന്ന പ്രത്യാഘാതം ബോധപൂര്‍വം മറച്ചുവെച്ചിരിക്കുകയാണ്. നിരവധി സര്‍വേ നമ്പറുകള്‍ ഉള്ള വസ്തുവിന്‍െറ അതിരുകളിലൂടെ ഒഴുകുന്ന തോട് സ്വാഭാവികമായും പുറമ്പോക്കാണ്. അങ്ങനെ വരുമ്പോള്‍ പുറമ്പോക്കില്ളെന്ന റിപ്പോര്‍ട്ടിനു പിന്നിലും വന്‍ അഴിമതിയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. 9,000 മെട്രിക് ടണ്‍ മണ്ണെടുക്കാനാണ് അനുമതി. മലയുടെ മുകള്‍ഭാഗം മൊത്തം അടര്‍ത്തിമാറ്റിയതിലൂടെ ഇതിന്‍െറ പതിന്മടങ്ങ് മണ്ണ് കൊണ്ടുപോയെന്ന് നാട്ടുകാര്‍ പറയുന്നു. മണ്ണെടുപ്പ് ജിയോളജിസ്റ്റും റവന്യൂ, പൊലീസ്, പഞ്ചായത്ത് അധികാരികളും മണ്ണ് മാഫിയയും ചേര്‍ന്നുള്ള കൂട്ടുകച്ചവടമാണെന്നാണ് ആക്ഷേപം. വിജിലന്‍സിന് കേസ് കൊടുക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story