Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2016 5:06 PM IST Updated On
date_range 1 Jun 2016 5:06 PM ISTപകര്‍ച്ചവ്യാധി തടയാന്‍ ജില്ലയില്‍ ഊര്‍ജിത പരിപാടികള്‍
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഒരാഴ്ചത്തെ ശുചീകരണം ഉള്‍പ്പെടെ ഊര്‍ജിത പരിപാടികള്‍ നടപ്പാക്കാന്‍ ജലവിഭവ മന്ത്രി മാത്യു ടി. തോമസിന്‍െറ അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗം തീരുമാനിച്ചു. പത്തനംതിട്ട പെന്‍ഷന്‍ ഭവന്‍ ഓഡിറ്റോറിയത്തില്‍ വീണ ജോര്‍ജ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി, കലക്ടര്‍ എസ്. ഹരികിഷോര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തുടങ്ങി ഒരാഴ്ച വാര്‍ഡുതലത്തില്‍ ശുചീകരണം നടപ്പാക്കും. കൊതുകുകള്‍, എലികള്‍, ഈച്ചകള്‍, ഒച്ചുകള്‍ എന്നിവ പെരുകാന്‍ ഇടയാക്കുന്ന സാഹചര്യം ഒഴിവാക്കി ഇവ വഴി പകരുന്ന രോഗങ്ങള്‍ തടയുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വാര്‍ഡുതല ശുചീകരണത്തിന് 25,000 രൂപവരെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ചെലവഴിക്കാമെന്നും മന്ത്രി അറിയിച്ചു. ബജറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പദ്ധതിയിനത്തില്‍നിന്ന് തുക ചെലവഴിക്കാന്‍ അനുവാദമുണ്ട്. ഇതിനായി സോഫ്റ്റ്വെയറില്‍ മാറ്റം വരുത്തും. പിന്നീട് എന്‍.ആര്‍.എച്ച്.എം, ശുചിത്വമിഷന്‍ എന്നിവ വഴി 10,000 രൂപ വീതം നല്‍കും. പഞ്ചായത്ത് ഫണ്ടില്‍നിന്ന് 5000 രൂപയും ചെലവഴിക്കാം. ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാരുടെ ഒഴിവുകള്‍ താല്‍ക്കാലികമായി നികത്താന്‍ നടപടിയെടുക്കും. സ്ഥിര നിയമനത്തിനായി വിവരം ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും. ജില്ലയില്‍ എവിടെയെങ്കിലും മരുന്ന് ക്ഷാമം അനുഭവപ്പെട്ടാല്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തണം. അവ അടിയന്തരമായി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. ഓടകളിലും റോഡുകളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ മരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. മഴക്കാലത്ത് റോഡുകള്‍ കുഴിക്കുന്നത് അത്യാവശ്യഘട്ടത്തിലല്ലാതെ അനുവദിക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചു. ഓടകള്‍ വൃത്തിയാക്കാതിരുന്നാല്‍ ത്രിതല പഞ്ചായത്ത് സെക്രട്ടറിമാര്‍ മരാമത്ത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തണം. നടപടി ഉണ്ടാകാത്തപക്ഷം കലക്ടറെ അറിയിക്കണം. ജലവിഭവ വകുപ്പ് കുടിവെള്ളം പമ്പുചെയ്യുന്ന ഉറവിടങ്ങള്‍ ശുചിയാക്കി സൂക്ഷിക്കണം. സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധനക്ക് നല്‍കുന്ന ജലസാമ്പ്ളുകള്‍ സൗജന്യമായി പരിശോധിക്കണം. പൊതുജനങ്ങള്‍ നല്‍കുന്ന ജലസാമ്പ്ളുകളുടെ പരിശോധന ഫീസ് കുറക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പിനു പുറമെ ഹോമിയോ, ആയുര്‍വേദ വകുപ്പുകളും ഊര്‍ജിതമായി രംഗത്തിറങ്ങണമെന്ന് മന്ത്രി നിര്‍ദേശിച്ചു. മെഡിക്കല്‍ ക്യാമ്പുകളും പ്രതിരോധ മരുന്ന് വിതരണവും കാര്യക്ഷമമാകണം. വാര്‍ഡുതല ശുചീകരണം ചടങ്ങാക്കാതെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും ഒരുമനസ്സോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളുടെ പട്ടിക തയാറാക്കി നല്‍കണമെന്ന് തഹസില്‍ദാര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട ക്വാറികള്‍ ഉണ്ടെങ്കില്‍ അവയും അറിയിക്കണം. 10 മിനിറ്റ് തിളപ്പിച്ച ശേഷം മാത്രമേ കുടിവെള്ളം ഉപയോഗിക്കാവൂ എന്ന് ഡി.എം.ഒയുടെ ചുമതലയുള്ള ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ചൂടുവെള്ളവും തണുത്ത വെള്ളവും കലര്‍ത്തി ഉപയോഗിക്കരുതെന്നും എലി, കൊതുക് എന്നിവ പെരുകാന്‍ സാഹചര്യമൊരുക്കരുതെന്നും ഡി.എം.ഒ പറഞ്ഞു. നഗരസഭാ അധ്യക്ഷരായ കെ.വി. വര്‍ഗീസ്, രജനി പ്രദീപ്, ഷൈനി ജോസ്, ടി.കെ. സതി, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി. അനിത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എന്‍. ഓമനക്കുട്ടന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story